Idukki

സഫായ് കര്‍മചാരി കമ്മിഷന്‍ അംഗം ഡോ. പി പി വാവ തൊടുപുഴയില്‍ സന്ദര്‍ശനം നടത്തി

ശുചീകരണ തൊഴിലാളികളുടെ തൊഴില്‍ സാഹചര്യം വിലയിരുത്തുന്നതിനായി സഫായ് കര്‍മചാരി കമ്മിഷന്‍ അംഗം ഡോ. പി.പി വാവ തൊടുപുഴയില്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തൊടുപുഴ നഗരത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളുടെ ജീവിത നിലവാരവും, തൊഴില്‍ സാഹചര്യവും വിലയിരുത്തി. നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
നഗരശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്കുള്ള എല്ലാവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. വിദ്യാഭ്യാസമേഖലയില്‍ ശുചീകരണ തൊഴിലാളികളുടെ മകള്‍ക്ക് 5 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ സ്വന്തം അവകാശങ്ങള്‍ കൃത്യമായി ഉറപ്പാക്കണമെന്നും കമ്മിഷന്‍ പറഞ്ഞു. കൂടാതെ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കിയിട്ടുള്ള വിവിധ ക്ഷേമ പദ്ധതികളുടെ പ്രയോജനം ശുചീകരണ തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ടോ എന്നത് നഗരസഭ ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊടുപുഴ നഗരത്തിലെ സ്‌കാവെഞ്ചിങ് തൊഴിലാളികളുടെ നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നതിനായി നഗരസഭ ആരോഗ്യവിഭാഗം കമ്മിഷന്‍ മുന്‍പാകെ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ തൊടുപുഴ നഗരസഭയില്‍ മാനുവല്‍ സ്‌കാവെഞ്ചിങ്ങില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളെ നിലവില്‍ കണ്ടെത്തിയിട്ടില്ല. നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികളും ഈ പ്രവര്‍ത്തിയില്‍ നേരിട്ട് ഏര്‍പ്പെടുന്നില്ലെന്നും നഗരപരിധിയില്‍ സെപ്റ്റിക് ടാങ്കുകള്‍, കക്കൂസ്, മാലിന്യ കുഴികള്‍ എന്നിവ നിറയുന്ന സാഹചര്യത്തില്‍ വാഹനം, മോട്ടോര്‍ സംവിധാനങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തി സ്ലാബുകള്‍ നീക്കം ചെയ്ത മോട്ടോര്‍ ഉപയോഗിച്ച് പമ്പ്ചെയ്ത വാഹനത്തില്‍ കയറ്റി കൊച്ചി ബ്രഹ്‌മപുരം പ്ലാന്റില്‍ എത്തിക്കുന്ന ഒരു ഏജന്‍സിയും അതിനായി 3 തൊഴിലാളികളെയും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ എജന്‍സി തന്നെ ലഭ്യമാക്കുന്നുണ്ട്.
തൊടുപുഴ നഗരസഭയുടെ കീഴില്‍ 17 പുരുഷന്‍മാരും 21 സ്ത്രീകളുമടക്കം 38 ശുചീകരണ തൊഴിലാളികലാണുള്ളത്. നഗരത്തില്‍ ഓടകളുടെ വൃത്തിയാക്കല്‍, പൊതു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നീ തൊഴിലുകളില്‍ ഏര്‍പ്പെടുന്ന ഇവര്‍ക്ക് ആവശ്യമായ ഗ്ലൗസ് മാസ്‌ക്, യൂണിഫോം, ഗംബൂട്ട് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുകയും ആവശ്യമായ മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തി വരുന്നുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം എ കരീം, മറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, മുനിസിപ്പല്‍ സെക്രട്ടറി ബിജുമോന്‍ ജേക്കബ്, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മിഷണര്‍ ലാല്‍ കുമാര്‍ ജെ ആര്‍, എല്‍എസ്ജിഡി ഡിഡിപി ജോസഫ്, സംസ്ഥാന നോഡല്‍ ഓഫീസര്‍ ഗോപി കൊച്ചുരാമന്‍, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ഇ എം മീരാന്‍കുഞ്ഞ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, നഗരസഭ ജീവനക്കാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close