Idukki

നവകേരള സദസ്സ് : ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

*പോസ്റ്റര്‍ പ്രകാശനം ചെയ്തു

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിവരികയാണെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് പറഞ്ഞു. നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയിട്ടുള്ള പോസ്റ്ററുകളുടെ പ്രകാശനം  നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. നിയോജകമണ്ഡല അടിസ്ഥാനത്തില്‍ രൂപീകരിച്ചിട്ടുള്ള സംഘടകസമിതികള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ മണ്ഡലങ്ങളിലെയും ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നുകഴിഞ്ഞു. ദേവികുളം മണ്ഡലത്തിലെ ഒരുക്കങ്ങള്‍ ഇന്നലെ നേരിട്ട് വിലയിരുത്തി. പരാതികള്‍ സ്വീകരിക്കുന്നതിന് വേണ്ടിയുള്ള കൗണ്ടറുകള്‍ ഫലപ്രദമായ രീതിയില്‍ സജ്ജീകരിക്കും. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാകും കൗണ്ടറുകള്‍ ഒരുക്കുകയെന്നും കളക്ടര്‍ പറഞ്ഞു.

നിയോജകമണ്ഡല  അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പോസ്റ്ററുകളാണ്  വിവിധയിടങ്ങളില്‍ പ്രകാശനം ചെയ്തത്. ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് നിയോജകമണ്ഡലങ്ങളില്‍ അതത് എം എല്‍ എ മാരും,തൊടുപുഴയില്‍ നഗരസഭ അധ്യക്ഷന്‍ സനീഷ് ജോര്‍ജ്ജ് എന്നിവര്‍ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. ഇടുക്കി നിയോജകമണ്ഡലത്തിലെ പോസ്റ്റര്‍ പ്രകാശനം നോഡല്‍ ഓഫീസര്‍ കൂടിയായ ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍)  ജോളി ജോസഫിന് നല്‍കിയാണ് ജില്ലാ കളക്ടര്‍ നിര്‍വഹിച്ചത്. ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ ആന്‍ഡ്എല്‍.ആര്‍) മനോജ് കെ, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിനോദ് ജി എസ് എന്നിവര്‍ പങ്കെടുത്തു.

 പഞ്ചായത്ത് തലത്തില്‍ അതത് പ്രസിഡന്റുമാര്‍   നവകേരള പോസ്റ്റര്‍ പ്രകാശനം ചെയ്തു. ഡിസംബര്‍ 10,11,12 തീയതികളിലാണ് ഇടുക്കി  ജില്ലയില്‍ നവകേരള സദസ്സ് സംഘടിപ്പിക്കുക.  10 ന് വൈകീട്ട് 6 ന് തൊടുപുഴ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സ് ഗാന്ധി സ്‌ക്വയര്‍ മൈതാനത്ത് നടക്കും. ഇടുക്കി മണ്ഡലത്തില്‍ 11 ന് രാവിലെ 9.30 ന് ചെറുതോണി ടൗണ്‍ ഹാളില്‍ പ്രഭാതയോഗം നടക്കും . പതിനൊന്ന് മണിക്ക് ഐ ഡി എ ഗ്രൗണ്ടില്‍  നവകേരളസദസ്. രണ്ട് മണിയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും ദേവികുളം മണ്ഡലത്തിലേക്ക് തിരിക്കും. അടിമാലി ടൗണില്‍ 2.45 ന് സ്വീകരണം. തുടര്‍ന്ന് അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നവകേരള സദസ് നടത്തും.
ഉടുമ്പന്‍ചോല മണ്ഡലത്തിലെ നവകേരള സദസ് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകീട്ട്  ആറിന് നടക്കും. രാത്രി  പീരുമേട് മണ്ഡലത്തിലേക്ക് തിരിക്കും. ഡിസംബര്‍ 12 ന് രാവിലെ തേക്കടിയിലായിരിക്കും മന്ത്രിസഭ യോഗം ചേരുക. തുടര്‍ന്ന് രാവിലെ 11 ന് പീരുമേട് മണ്ഡലത്തിലെ നവകേരള സദസ്സ്  വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close