Ernakulam

സംസ്ഥാനത്തെ അന്തര്‍ദേശീയ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മന്ത്രി ആര്‍.ബിന്ദു

വിദേശരാജ്യങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബായി ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു. അങ്കമാലി മണ്ഡലം നവ കേരള സദസ്സില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സമാനതകളില്ലാത്ത വികസന കുതിപ്പാണ് വിവിധ മേഖകളില്‍ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികള്‍ വഴി സംസ്ഥാനത്ത് നടന്നുവരുന്നത്.  ഉന്നത വിദ്യാഭ്യാസ മേഖലയിലും ഈ മാറ്റങ്ങള്‍ പ്രകടമാണ്. ആധുനിക സാങ്കേതിക വിദ്യയിലൂടെ ലോകം കുതിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അത്യാധുനിക കോഴ്‌സുകള്‍ കേരളത്തിലെ സര്‍വകലാശാലകളിലും വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കഴിയുന്ന അവസരം ഒരുങ്ങും. കുട്ടികളില്‍ നൈപുണ്യ വികസനത്തിന്റെ കുറവുകള്‍ പരിഹരിച്ച് തൊഴില്‍ ലഭ്യമാക്കുന്നതിന് പ്രാപ്തരാക്കും.  സര്‍വകലാശാലകളെ ഡിജിറ്റല്‍ ആക്കുമെന്നും മന്ത്രി പറഞ്ഞു.

ജനജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന മര്‍മ്മപ്രധാനമായ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. സമൂഹത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും പ്രാധാന്യം നല്‍കിവരുന്നു. പൊതുജന ആരോഗ്യം, പൊതുവിദ്യാഭ്യാസം തുടങ്ങിയ എല്ലാ മേഖലയിലും മുന്‍പന്തിയിലാണ് സംസ്ഥാനത്തിന്റെ സ്ഥാനം. ദാരിദ്ര്യ സൂചികയില്‍ ഏറ്റവും ദാരിദ്ര്യം കുറവുള്ള സംസ്ഥാനമാണ് കേരളം. സാമൂഹിക പെന്‍ഷന്‍ 600 രൂപയില്‍ നിന്ന് 1600 രൂപയായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ദേശീയപാത വികസനം, തീരദേശ മലയോര പാതാ വികസനം എന്നിവ അതിവേഗം പുരോഗമിക്കുകയാണ്. നാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി വഴി മികച്ച പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.

പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സമൂഹത്തെയും പുരോഗതിയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന സമീപനമാണ് സര്‍ക്കാരിന്റെത്.  വിദ്യാഭ്യാസത്തിലൂടെ ഇത് സാധ്യമാക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. നിത്യ ജീവിതത്തിലെ പുരോഗതിക്ക് കാരണമാകുന്ന പദ്ധതികളിലൂടെ ജന ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ജനകീയ സര്‍ക്കാരിനെ നേരിട്ട് കാണാന്‍ ഓരോ നവ കേരള സദസ്സുകളിലും ജനക്കൂട്ടം ഒഴുകി എത്തുകയാണ്.  ജനങ്ങളുടെ കാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളും നേരിട്ട് അറിയുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രിമാരും മുഖ്യമന്ത്രിയും ജനങ്ങളിലേക്ക് നേരിട്ട് എത്തുന്നത്. പ്രകാശപൂര്‍ണ്ണമായ നവ കേരള സൃഷ്ടിക്കായി എല്ലാവരും കൈകോര്‍ത്ത് മുന്നോട്ട് പോകണമെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close