Ernakulam

ഏത് നാടിനോടും കിടപിടിക്കുന്ന രീതിയിൽ കേരളത്തെ ഉയർത്തുക  ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

ലോകത്തെ ഏതു നാടിനോടും കിടപിടിക്കുന്ന അവസ്ഥയിലേക്ക് കേരളത്തെ ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഇതാണ് നവകേരളത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അങ്കമാലി മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടന്ന പ്രഭാത സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിന്ന് നിരവധി പേർ വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനായും കുടിയേറ്റത്തിനായും പോകുന്ന അവസ്ഥ ചൂണ്ടിക്കാട്ടിയതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്തി വിദേശ രാജ്യങ്ങളിലേക്ക് വിദ്യാർഥികൾ പോകുന്നത് പ്രതിരോധിക്കാനാണ് ശ്രമം. വിദ്യാർഥികൾ പഠനത്തിനായി വിദേശത്ത് പോകുന്നതിൽ വല്ലാതെ ആശങ്കപ്പെ ടേണ്ടതില്ല. മുൻ തലമുറ വളർന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. ഉള്ളം കൈയിൽ ലോകം മുഴുവനും ലഭിക്കുന്ന കാലമാണ്. വിദേശ പഠനവും മറ്റും കുട്ടികൾ സ്വയം കണ്ടെത്തുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുകയും സ്ഥാപനങ്ങളുടെ മികവ് വർധിപ്പിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി സർവകലാശാലകൾ നല്ല പ്രകടനം കാഴ്ചവെക്കുന്നു. പുതിയ കോഴ്സുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഹബ്ബായി കേരളം വികസിക്കുമ്പോൾ വിദേശ വിദ്യാർഥികളും കേരളത്തിലേക്കെത്തും. അവർക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോസ്റ്റലുകൾ ആരംഭിക്കും. ഇവിടെ പഠിക്കുന്നവർക്ക് ജോലി ലഭിക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തും. വ്യവസായ സ്ഥാപനങ്ങൾക്കാവശ്യമായ കോഴ്സുകൾ അത്തരം  സ്ഥാപനങ്ങളുമായി സഹകരിച്ച് ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. 

നാടിന്റെ മുന്നോട്ടുള്ള പോക്കിന് സഹായകമായ നിരവധി നിർദേശങ്ങളാണ് പ്രഭാത സദസ്സുകളിൽ നിന്നുയരാറുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിതുവരെ കണ്ടിട്ടുള്ള കൂട്ടായ്മകളെയെല്ലാം മറികടക്കുന്ന കൂടായ്മയാണ് നവകേരള സദസ്സിൽ കാണുന്നത്. നമ്മുടെ നാട് ഒന്നിലും പിന്നിൽ അല്ലെന്ന വികാരവും കാലാനുസൃത വികസനം ഇവിടെയുമുണ്ടാകണമെന്ന ജനങ്ങളുടെ ബോധ്യമാണ് ഈ പങ്കാളിത്തത്തിന് കാരണം. ജനാധിപത്യ പ്രക്രിയയിൽ നിരവധി പുതുമകൾ സൃഷ്ടിച്ച നാടാണ് കേരളം. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ പൂർത്തീകരണം സംബന്ധിച്ച് ജനങ്ങൾക്ക് വിലയിരുത്താൻ അവസരം നൽകുന്ന പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി. 2016 ൽ പുറത്തിറക്കിയ പ്രകടനപത്രികയിൽ 600 എണ്ണത്തിൽ വിരലിലെണ്ണാവുന്നവ ഒഴികെ എല്ലാം പൂർത്തിയാക്കി. 

ഭരണനിർവഹണത്തിന്റെ സ്വാദ് ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് ഫയലുകൾ വേഗത്തിൽ തീർപ്പാക്കുക പ്രധാനമാണ്. ഇതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ ഫയൽ അദാലത്തുകൾ സംഘടിപ്പിച്ചു. ഇതിന് മികച്ച പ്രതികരണം ലഭിച്ചു. മന്ത്രിസഭ ഒന്നാകെ എത്തി മേഖലകൾ തിരിച്ച് മേഖലാ തല അവലോകന യോഗം നടത്തി ഓരോ മേഖലയുടെയും വികസന പ്രശ്നങ്ങളും തടസങ്ങളും ചർച്ച ചെയ്തു. വികസന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ജില്ലാ കളക്ടർമാർക്കും ഉദ്യോഗസ്ഥർക്കും ഇതുവഴി അവസരം ലഭിച്ചു. 

സംസ്ഥാനം എത്തി നിൽക്കുന്ന പ്രത്യേക നിലയെക്കുറിച്ച് ജനങ്ങളെ അറിയിക്കുകയാണ് സദസ്സിലൂടെ. കേരളത്തിന് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന കേന്ദ്ര നിലപാടിനെതിരേ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണം. എന്നാൽ ചിലർ പരിപാടി ബഹിഷ്കരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close