Ernakulam

ലഹരിമുക്ത നവകേരളം സൃഷ്ടിക്കാൻ ഒരുമിച്ച് പ്രവർത്തിക്കണം: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തുളസി സോമൻ

കുഴുപ്പിള്ളിയിൽ ലഹരി വിമുക്ത തീരം ക്യാമ്പയിൻ സംഘടിപ്പിച്ചു

ലഹരിമുക്ത നവകേരളം സൃഷ്ടിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ട കാലഘട്ടമാണിതെന്ന് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തുളസി സോമൻ പറഞ്ഞു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിമുക്ത തീരം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

2016 മുതൽ ലഹരി വിമുക്ത കേരളം സൃഷ്ടിക്കാൻ സർക്കാർ രംഗത്ത് ഇറങ്ങി. ലഹരി വിമുക്ത സന്ദേശം പ്രചരിപ്പിക്കാൻ വേണ്ടി സർക്കാർ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലേണ്ട കാലഘട്ടമാണിത്. 

ലഹരി മുക്ത നവകേരളം സൃഷ്ടിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏറ്റവും മുന്നിലാണ് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് . എല്ലാവരെയും കൂട്ടി ഇണക്കി ലഹരി എന്ന വിപത്തിനെ തുടച്ചു നീക്കാൻ ഒരുപാട് ഒരുപാട് പദ്ധതികൾ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കി . എക്സൈസിൽ നിന്നും മറ്റു വകുപ്പുകളിൽ നിന്നും നല്ല സഹകരണമാണ് ഇക്കാര്യത്തിൽ ലഭിക്കുന്നത്. ലഹരി വിമുക്ത സന്ദേശം കൊടുക്കുന്നതിനോടൊപ്പം  നാളെ സമൂഹത്തിൽ ഇത്തരം അപകടങ്ങൾ ഇല്ലാതിരിക്കാൻ ലക്ഷ്യമിട്ട് എല്ലാവരും ഉണർന്നു പ്രവർത്തിക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.  

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിനു കീഴിൽ എക്സൈസ്, പൊതുവിദ്യാഭ്യാസം, വനിത ശിശുക്ഷേമ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ക്യാമ്പയിനാണ് ലഹരി വിമുക്തതീരം. തീരദേശ മേഖലയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസ്സുകൾ, അമ്മമാർക്കും കുട്ടികൾക്കുമായുള്ള സെമിനാറുകൾ, കുട്ടികൾക്കായുള്ള മത്സരങ്ങൾ, ലഘുകലാ പരിപാടികൾ എന്നിങ്ങനെ വിവിധ തലങ്ങളിലായാണ് ലഹരി വിരുദ്ധ പ്രചരണ പരിപാടി സംഘടിപ്പിക്കുന്നത്. 

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന 2022-23 വർഷത്തെ മത്സ്യത്തൊഴിലാളികളുടേയും, അനുബന്ധത്തൊഴിലാളികളുടേയും മക്കൾക്കായുള്ള വിദ്യാഭ്യാസ, കായിക പ്രോത്സാഹന അവാർഡും ക്യാമ്പയിനിൽ നൽകി. അവാർഡ് വിതരണം മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ നിർവഹിച്ചു.134 പേർക്ക് വിദ്യാഭ്യാസ കായിക അവാർഡുകൾ നൽകി. 

കുഴുപ്പിള്ളി സെൻറ് അഗസ്റ്റിൻ സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് നിബിൻ അധ്യക്ഷത വഹിച്ചു. കൊച്ചി എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാർ ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് നയിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് എം.ബി ഷൈനി, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ സാജിത്ത്, ഫിഷറീസ് വകുപ്പ് എറണാകുളം സോണൽ ഡെപ്യൂട്ടി ഡയറക്ടർ കെ. ബെൻസൺ, റീജിയണൽ എക്സിക്യൂട്ടീവ് എസ്. ജയശ്രീ, മത്സ്യ ബോർഡ് കമ്മീഷണർ എൻ.എസ് ശ്രീലു, മത്സ്യ ബോർഡ് മെമ്പർ കെ.കെ രമേശൻ, മറ്റു ജനപ്രതിനിധികൾ, എക്സൈസ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close