Ernakulam

ഭക്ഷ്യസുരക്ഷ പരിശോധന: ജില്ലയിൽ അ‌ഞ്ചുമാസത്തിനിടെ 14.41 ലക്ഷം രൂപ പിഴ ഈടാക്കി

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നടക്കുന്ന പരിശോധനയിൽ  ഏപ്രിൽ മാസം മുതലുള്ള കാലയളവിൽ 14,41,300 ലക്ഷം രൂപ പിഴ ഈടാക്കി. വൃത്തിഹീനവും ലൈസൻസ് ഇല്ലാതെയും പ്രവർത്തിക്കുന്ന സാഹചര്യത്തിൽ കണ്ടെത്തിയ 208 കടകൾ അടച്ചുപൂട്ടി. സുരക്ഷിതം അല്ലാത്ത സാഹചര്യത്തിൽ പ്രവർത്തിക്കുന്ന 338 സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കി. 430 സ്ഥാപനങ്ങൾക്ക് തിരുത്തൽ നടപടികൾക്ക് നിർദ്ദേശം നൽകി.

ജില്ലാ വികസന കമ്മീഷണർ എം. എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ​ചേർന്ന ഭക്ഷ്യസുരക്ഷാ ഉപദേശക സമിതി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലയിൽ നടക്കുന്ന പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.

ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന ഈറ്റ് റൈറ്റ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുകയാണ്. പരിശോധന പൂർത്തിയായ ആലുവ, അങ്കമാലി റെയിൽവേ സ്റ്റേഷനുകൾക്ക് ഈറ്റ് റൈറ്റ് സർട്ടിഫിക്കേഷനുകൾ ലഭ്യമായി. ആലുവ പച്ചക്കറി പഴം മാർക്കറ്റിന് ക്ലീൻ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ് സർട്ടിഫിക്കേഷൻ ലഭ്യമായി. മരട് മാർക്കറ്റിന് സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

സ്കൂളുകളിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഈറ്റ് സ്കൂളിന്റെ ഭാഗമായി പരിശോധന പൂർത്തിയായ ജില്ലയിലെ നാല് സ്കൂളുകൾക്ക് ഈറ്റ് റൈറ്റ് സർട്ടിഫിക്കേഷന്‍ നൽകി. അഞ്ച് ക്യാമ്പസുകൾക്കും ഈറ്റ് റൈറ്റ് സർട്ടിഫിക്കേഷൻ നൽകി. ആരാധനാലയങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ബോഗ് ( ബിസ്ഫുൾ ഹൈജീൻ ഓഫറിങ് ടു ഗോഡ് ) പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ജില്ലയിലെ രണ്ട് പള്ളികൾക്ക് സർട്ടിഫിക്കേഷൻ നൽകി.

ഭക്ഷ്യ സുരക്ഷ, നല്ല ഭക്ഷണശീലങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഇതിന്റെ ഭാഗമായി വിവിധ മത്സരയിനങ്ങളുമായി മില്ലറ്റ് മേള, ഈറ്റ് റൈറ്റ് ബൈക്കത്തൺ, യോഗ എന്നിവ സംഘടിപ്പിച്ചിരുന്നു.

ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ പി. കെ ജോൺ വിജയകുമാർ, ഫുഡ് സേഫ്റ്റി ഓഫീസർ റാണി ചാക്കോ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close