Ernakulam

വ്യാവസായിക മുന്നേറ്റം ഉറപ്പുവരുത്താനുള്ള സർക്കാർ ഇടപെടലുകൾ ഫലം കാണുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

കിൻഫ്ര ഇൻ്റർനാഷണൽ എക്സിബിഷൻ സെന്റർ ഉദ്ഘാടനം ചെയ്തു

വ്യവസായിക മുന്നേറ്റം ഉറപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഫലം കാണുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ വകുപ്പിനു കീഴിൽ കിൻഫ്രയുടെ നേതൃത്വത്തിൽ കാക്കനാട് നിർമ്മിച്ച ഇൻ്റർനാഷണൽ എക്സിബിഷൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ കേരളത്തില്‍ ഏകദേശം 92,000 കോടി രൂപയുടെ നിക്ഷേപം വന്നതായാണ് എം എസ് എം ഇ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പറയുന്നത്. അതില്‍ 33,815 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുകയും 5 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മുടങ്ങിക്കിടന്ന 12,240 കോടി രൂപയുടെ പദ്ധതികളാണ് പുനരുജ്ജീവിപ്പിക്കപ്പെട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളം 17.3 ശതമാനം വ്യാവസായിക വളര്‍ച്ച കൈവരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എക്‌സിബിഷനുകള്‍, വ്യാവസായിക പ്രൊമോഷനുകള്‍, മേളകള്‍, കോണ്‍ഫറന്‍സുകള്‍, എക്‌സ്‌പോകള്‍ എന്നിവ നടത്താന്‍ കഴിയുന്ന വേദിയായിരിക്കും ഈ എക്‌സിബിഷന്‍ സെന്റര്‍. ഇതോടൊപ്പം തന്നെ ഒരു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററും തയ്യാറാവുകയാണ്. 

90 കോടി രൂപയാണ് ഈ രണ്ടു പദ്ധതികള്‍ക്കുമായി ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. അതില്‍ 50 കോടി രൂപയുടെ പദ്ധതികളാണ് പൂര്‍ത്തിയായത്.

നാലാം വ്യാവസായിക വിപ്ലവത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഒരു വിരല്‍ ഞൊടിക്കുന്ന നേരം മതി പുതിയ ആശയങ്ങള്‍ ഉണ്ടായിവരാനും അവ ഉല്‍പ്പന്നങ്ങളായി പരിണമിക്കാനും. ഇക്കാലത്ത് ആശയങ്ങളെ ഉല്‍പ്പന്നങ്ങളായി പരിണമിപ്പിച്ചാല്‍ മാത്രം പോരാ. അവയുടെ സവിശേഷതകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയും വേണം. എന്നാല്‍ മാത്രമേ, ഉല്‍പ്പന്നങ്ങള്‍ക്കുവേണ്ട രീതിയിലുള്ള സ്വീകാര്യത ഉണ്ടാവുകയുള്ളു. 

ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല, ഒരു നാടിന്റെ വ്യാവസായിക അന്തരീക്ഷം, വ്യവസായം തുടങ്ങുന്നതിന് അനുഗുണമായ ഘടകങ്ങള്‍, തുടങ്ങിയവയെല്ലാം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെടണം. അപ്പോള്‍ മാത്രമേ ലോകശ്രദ്ധയാകര്‍ഷിക്കാനും ലോകോത്തരമായി വളരാനും കഴിയുകയുള്ളൂ. അതിനായുള്ള കേരളത്തിന്റെ ചുവടുവെയ്പ്പാണ് ഈ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ രംഗം നേരിടുന്ന ചില പ്രശ്നങ്ങളുണ്ട്. വ്യവസായങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുന്ന കാര്യത്തിലെ പരിമിതിയെ  പൂര്‍ണമായും മറികടക്കാന്‍
കഴിയില്ല. കാരണം, ഭൂ വിസ്തൃതിയുടെ 30 ശതമാനത്തോളം വനാവരണവും അത്രതന്നെ നീര്‍ത്തടങ്ങളും ഉള്ള ഒരു സംസ്ഥാനമാണ് നമ്മുടേത്. ബാക്കി ഭൂമി വേണം എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍. അതുകൊണ്ട് നാടിന് അനുഗുണമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ചുവേണം നമുക്കു മൂന്നോട്ടുപോകാന്‍. 
അതിനുതകുന്ന രീതിയില്‍ ഉത്തരവാദിത്തമുള്ള വ്യാവസായിക അന്തരീക്ഷവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള വ്യവസായ നയം രൂപീകരിച്ചത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പരമ്പരാഗത വ്യവസായങ്ങളെ നവീകരിക്കാനും ഇതുവഴി ലക്ഷ്യമിട്ടിട്ടുണ്ട്. മുന്‍ഗണനാ മേഖലകളെ അടിസ്ഥാനമാക്കിയുള്ള വ്യവസായവല്‍ക്കരണം പ്രാവര്‍ത്തികമാക്കാനും ലക്ഷ്യമിട്ടിരിക്കുകയാണ് നമ്മള്‍. 

സമീപ ഭാവിയില്‍ പ്രാധാന്യം കൈവരുന്ന വ്യവസായങ്ങള്‍ക്ക്, അഥവാ സണ്‍റൈസ് വ്യവസായങ്ങള്‍ക്ക്, ധാരാളം ആനുകൂല്യങ്ങള്‍ വ്യവസായ നയത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 10 കോടി രൂപ വരെയുള്ള സ്ഥിരം മൂലധനത്തിന് 10 ശതമാനം സബ്‌സിഡി അനുവദിച്ചിട്ടുണ്ട്. 

നിര്‍മ്മിതബുദ്ധി, ഡാറ്റാമൈനിംഗ് എന്നിവയില്‍ ഉയര്‍ന്നുവരുന്ന സംരംഭങ്ങള്‍ക്ക് ചെലവാക്കുന്ന തുകയുടെ 20 ശതമാനം തിരികെ നല്‍കും. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്കാണ് വൈദ്യുതി നികുതി ഇളവ് നല്‍കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വ്യവസായ പാര്‍ക്കുകളിലും അംഗീകൃത സ്വകാര്യ വ്യവസായ പാര്‍ക്കുകളിലും രജിസ്‌ട്രേഷന്‍ ചാര്‍ജ് പൂര്‍ണമായും ഇളവു നല്‍കുകയാണ്. 

സ്ത്രീകള്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ സംരംഭകര്‍ക്ക് വ്യവസായം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിയുടെ രജിസ്‌ട്രേഷന്‍ ചാര്‍ജു
കളിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും പൂര്‍ണ്ണമായും ഇളവു നല്‍കുകയാണ്.

19 വകുപ്പുകളുടെ 77 ലൈസന്‍സുകള്‍ക്ക് കെ-സ്വിഫ്റ്റ് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാന്‍ കഴിയുന്ന സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. കെ-സ്വിഫ്റ്റിന്റെ അക്‌നോളജ്‌മെന്റ് വഴി എം എസ് എം ഇകള്‍ക്ക് 3 വര്‍ഷം വരെ സംസ്ഥാന നിയമങ്ങള്‍ പ്രകാരമുള്ള അനുമതികളില്ലാതെ തന്നെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിനുള്ള സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. ഇതിനായി രൂപകല്‍പ്പന ചെയ്ത പ്രത്യേക പോര്‍ട്ടല്‍ വഴി സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് സംരംഭം ആരംഭിക്കാവുന്നതാണ്. വലിയ നിക്ഷേപങ്ങള്‍ക്ക് ഏകജാലക ക്ലിയറന്‍സ് സംവിധാനവും കൊണ്ടുവന്നിട്ടുണ്ട്. 15 കോടി വരെ നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക് ജില്ലാതല ഏകജാലക സംവിധാനത്തിലൂടെയും അതിനു മുകളിലുള്ളവയ്ക്ക് സംസ്ഥാനതല ഏകജാലക സംവിധാനത്തിലൂടെയും ക്ലിയറന്‍സ് നല്‍കിവരികയാണ്. 

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന സേവനങ്ങള്‍ പ്രയോജനപ്പെടുത്തി സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന സംരംഭകരെ കണ്ടെത്തുന്നതിന് 1,153 പ്രൊഫഷണലുകളെ തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങളില്‍ നിയമിച്ചിട്ടുണ്ട്. നിശ്ചിത എണ്ണം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ടാര്‍ഗറ്റ് ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ 1,034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സംരംഭക ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. 
സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,39,000 സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും 8,500 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുന്നതിനും 3 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. സംരംഭകവര്‍ഷം പദ്ധതിയുടെ തുടര്‍ച്ചയായി മിഷന്‍ 1000 പദ്ധതി ആവിഷ്‌ക്കരിച്ചുവരികയാണ്. കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 1,000 എം എസ് എം ഇകളെ നാലു വര്‍ഷത്തിനുള്ളില്‍ ആകെ ഒരു ലക്ഷം കോടി രൂപ വിറ്റുവരവുള്ള സംരംഭങ്ങളാക്കി മാറ്റിത്തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനോടകം തന്നെ 552 അപേക്ഷകള്‍ ലഭിച്ചുകഴിഞ്ഞു. ഇതില്‍ 88 എണ്ണത്തില്‍ പരിശോധന പൂര്‍ത്തിയാക്കി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കേരളത്തില്‍ നിക്ഷേപം നടത്താന്‍ വരുമ്പോള്‍ ഇവിടം വ്യവസായ സൗഹൃദമല്ല എന്ന് ധരിപ്പിക്കാന്‍ ചില ആളുകള്‍ക്ക് പ്രത്യേക ഉത്സാഹമാണ്. കുറച്ചുനാള്‍ മുമ്പാണ് ആഗോള പ്രശസ്ത കമ്പനിയായ ടോറസ്സിന്റെ സംരംഭം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ആ സംരംഭത്തെ മുടക്കാനും അവരെ ഈ നാട്ടില്‍ നിന്നും ഓടിക്കാനും ചിലര്‍ കിണഞ്ഞ് പരിശ്രമിച്ചു. എന്തായാലും അത്തരം ശ്രമങ്ങളൊന്നും വിലപ്പോയില്ല. 

അതിനൊക്കെ പിന്നില്‍ ഉണ്ടായിരുന്നവര്‍ തന്നെയാണ് കേരളം വ്യവസായ സൗഹൃദമല്ലായെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതും. ഒരു വശത്ത്, വ്യവസായങ്ങള്‍ വരുന്നില്ലായെന്ന് വ്യാജപ്രചാരണം. മറുവശത്ത്, ഇവിടേക്കു വരുന്ന സംരംഭകരെ ഓടിച്ചുവിടുന്നതിനുള്ള ശ്രമങ്ങള്‍. ഇതു രണ്ടും സമാന്തരമായി ഏറ്റെടുത്താണ് അവര്‍ മുന്നോട്ടുപോകുന്നത്. അത്തരക്കാരെ വിശ്വസിക്കുന്നവരല്ല ഇന്നാട്ടിലെ സംരംഭകര്‍ എന്നത് നമ്മുടെ അനുഭവത്തില്‍ നിന്നുതന്നെ വ്യക്തമാണ്. 

വ്യവസായ മേഖലയുടെ വളര്‍ച്ചയില്‍ സ്വകാര്യ മേഖലയും പൊതുമേഖലയും തങ്ങളുടേതായ പങ്കുവഹിക്കുന്നുണ്ട്. രണ്ടിനെയും പരിപോഷിപ്പിക്കുന്ന സമീപനമാണ്  സര്‍ക്കാരിനുള്ളത്. ഏതെങ്കിലും ഒന്നിനായി മറ്റൊന്നിനെ കുരുതി കൊടുക്കുന്ന നയമല്ല നമ്മുടേത്. രണ്ടിനെയും പരിപോഷിപ്പിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ പൊതുവായ വ്യാവസായിക മുന്നേറ്റം ഉറപ്പുവരുത്താനുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്നുണ്ടാകുന്നത്. 

പൊതുമേഖലാ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ കേരളം രാജ്യത്തിനാകെ മാതൃകയാണ്. കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ച സ്ഥാപനങ്ങളെ പോലും ഏറ്റെടുത്ത് മാതൃകാപരമായി പ്രവര്‍ത്തിപ്പിച്ചുവരികയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വ്യവസായ വകുപ്പിനു കീഴിലുള്ള 24 പൊതുമേഖലാ സ്ഥാപനങ്ങളാണ് ലാഭത്തിലായത്. സംസ്ഥാനത്ത് ആകെ 60 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുകയാണ്. 1,719 കോടി രൂപയോളമാണ് ഇവയുടെ ലാഭം. 

പൊതുമേഖല വ്യവസായങ്ങളെ നവീകരിക്കുന്നതിനുള്ള പ്രത്യേക പദ്ധതികളും നടപ്പിലാക്കിവരികയാണ്. ഇതിനായി ഈ സാമ്പത്തികവര്‍ഷം 270 കോടി രൂപയാണ് ചെലവഴിച്ചത്. അതോടൊപ്പം തന്നെ അവിടങ്ങളിലെ ഓഡിറ്റിംഗ് സംവിധാനങ്ങളും ശക്തമാക്കുകയാണ്. ഓരോ കമ്പനികള്‍ക്കും പ്രത്യേകം മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കിവരികയാണ്. ഇത്തരം ഇടപെടലുകളുടെ ഗുണഫലങ്ങളെ ലോകസമക്ഷം അവതരിപ്പിക്കാനും വ്യവസായ രംഗത്തെ പുത്തന്‍ മുന്നേറ്റങ്ങളെ നമ്മുടെ സമ്പദ്ഘടനയിലേക്ക് ഉള്‍ച്ചേര്‍ക്കാനും ഉതകുന്ന ചുവടുവെയ്പ്പാകും ഈ എക്‌സിബിഷന്‍ സെന്റര്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു. 

എക്സിബിഷൻ സെൻ്റർ നിർമ്മാണത്തിന് നേതൃത്വം നൽകിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ എം. പദ്മനാഭൻ, പ്രൊജക്ട് മാനേജർ നിതിൻ ഇ. ബെർണാഡ് എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. 

മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. 
വ്യവസായം ആൻഡ് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല,
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം പി എം മുഹമ്മദ് ഹനീഷ്,  ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്,  വാർഡ് കൗൺസിലർ എം ഒ വർഗീസ്, കിൻഫ്ര എക്സ്പോർട്ട് പ്രമോഷണൽ ഇൻഡസ്ട്രിയൽ പാർക്ക് ചെയർമാൻ സാബു ജോർജ്, കിൻഫ്ര ജനറൽ മാനേജർ ടി. ബി. അമ്പിളി തുടങ്ങിയവർ പങ്കെടുത്തു. കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് പ്രൊജക്റ്റ് അവതരണം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close