Ernakulam

പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: ജില്ലാ വികസന സമിതി

ജില്ലയിലെ ബജറ്റിലേത് ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സമിതി നിര്‍ദേശം.

വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തന അനുമതി ലഭിച്ച പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. തീരദേശ റോഡിന്റെ സര്‍വ്വേ കല്ലിടുന്നതിനും വൈപ്പിന്‍ -പള്ളിപ്പുറം തീരദേശ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിക്കുന്നതിനും തടസമായി അണിയില്‍ തീരത്ത് അടിഞ്ഞുകൂടിയിരിക്കുന്ന മണല്‍ നീക്കം ചെയ്യുന്ന നടപടികള്‍ വേഗത്തിലാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. തീരദേശ പരിപാലന നിയമത്തിലെ ഭേദഗതി അനുസരിച്ച് സ്ലുയിസുകള്‍, ബണ്ടുകള്‍ എന്നിവ പുനര്‍നിശ്ചയിക്കാന്‍ നടപടികള്‍ സ്വീകരിക്കണം. വൈപ്പിന്‍ കോളേജ് വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണം. മെഗാ ഫുഡ് പാര്‍ക്ക് നിര്‍മ്മാണത്തിന് കെഎസ്ഡിസിക്ക് മുനമ്പം ഹാര്‍ബര്‍ നല്‍കുന്നത് സംബന്ധിച്ച തുടര്‍നടപടികള്‍ വ്യക്തമാക്കാന്‍ എംഎല്‍എ ആവശ്യപ്പെട്ടു. മൂലംമ്പിള്ളി പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട് നല്‍കിയ ഉറപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

മുറിക്കല്‍ ബൈപ്പാസുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ആക്കണമെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ പറഞ്ഞു. ഇടുക്കി ജില്ലയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടു വാര്‍ഡുകള്‍ ജില്ലയിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണം. മാലിന്യം തള്ളലുമായി ബന്ധപ്പെട്ട പരിശോധന ശക്തമാക്കാനും കൃത്യമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും പോലീസ് ശ്രദ്ധ ചെലുത്തണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും എം.എല്‍.എ പറഞ്ഞു. ഇതിനായുള്ള പ്രൊപ്പോസല്‍ ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരിന് സമര്‍പ്പിക്കണം. ജില്ലയിലെ മലിനീകരണ തോത് വ്യക്തമാക്കുന്ന തരത്തില്‍ ഒരു മാപ്പ് തയ്യാറാക്കണം. അതില്‍ റെഡ്, ഓറഞ്ച് സോണുകള്‍ രേഖപ്പെടുത്തുന്നത് വഴി ഓരോ പ്രദേശത്തെയും മലിനീകരണ നിരക്ക് എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുമെന്നും അതിനെ അടിസ്ഥാനപ്പെടുത്തി ഭാവി നടപടികള്‍ സ്വീകരിക്കാന്‍ ഉപകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

അങ്കമാലി പ്രദേശത്ത്  ഭൂമിയുടെ ന്യായ വിലയുമായി  ബന്ധപ്പെട്ട അപേക്ഷകള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിന് അദാലത്ത് സംഘടിപ്പിക്കണമെന്ന് റോജി. എം.ജോണ്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ന്യായവില നിശ്ചയിച്ചതുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കുന്നതിന് സംവിധാനം ഒരുങ്ങണം. ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാനും കുഴികള്‍ അടയ്ക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. ദേശീയപാതയില്‍ കരയാംപറമ്പ് ജംഗ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ഇവിടെ പരിശോധന നടത്തി  കൃത്യമായി പരിഹാരം കാണണമെന്ന് എം.എല്‍.എ പറഞ്ഞു. മണ്ഡലത്തില്‍ സര്‍വ്വേ നടപടികള്‍ യഥാസമയം പൂര്‍ത്തിയാകാത്തത് മൂലം പദ്ധതികള്‍ക്ക് തടസം നേരിടുന്ന സാഹചര്യമുണ്ട്. സര്‍വ്വേ നടപടികള്‍ വേഗത്തില്‍ ആക്കാനുള്ള നടപടികള്‍ സ്വീകരിച്ച് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള സാഹചര്യം ഉണ്ടാവണമെന്നും എം.എല്‍.എ പറഞ്ഞു.

കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതികള്‍ കാലതാമസം നേരിടുന്നുണ്ടെന്നും ഇത് പരിഹരിക്കണമെന്നും പി.വി ശ്രീനിജിന്‍ എം.എല്‍.എ പറഞ്ഞു. ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും നടപ്പിലാക്കുന്ന പദ്ധതികളുടെ നടത്തിപ്പില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. വിദ്യാകിരണം കോ ഓഡിനേറ്ററുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ സ്‌കൂളുകളില്‍ ആവിഷ്‌കരിച്ചിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകോപിപ്പിക്കേണ്ടതാണ്. ചൂണ്ടി- രാമമംഗലം റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. തമ്മാനിമറ്റം തൂക്കുപാലം നിര്‍മ്മാണത്തിലെ തടസങ്ങള്‍ നീക്കണം. ഐക്കരനാട്, കുന്നത്തുനാട്, കിഴക്കമ്പലം, മഴുവന്നൂര്‍ പഞ്ചായത്തുകളിലെ അങ്കണവാടി ടീച്ചര്‍മാരുടെ നിയമനത്തിനുള്ള നടപടക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണം. കിഴക്കമ്പലം ബസ് സ്റ്റാന്‍ഡിലെ അനധികൃത പാര്‍ക്കിംഗ് അവസാനിപ്പിച്ച് ജനങ്ങള്‍ക്കായി തുറന്ന് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പാത 66 ല്‍ ഇടപ്പള്ളി മുതല്‍ ചേരാനല്ലൂര്‍ വരെയുള്ള ഭാഗത്ത് റോഡ് തകര്‍ന്ന അവസ്ഥയാണെന്ന് ടി.ജെ വിനോദ് എം.എല്‍.എ ചൂണ്ടിക്കാട്ടി. അതുമൂലം ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. എത്രയും വേഗം ഈ പ്രശ്നത്തില്‍ പരിഹാരം കാണണം. അമൃത ആശുപത്രി-ദേവംകുളങ്ങര റോഡ് നവീകരണം എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തമെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം-തമ്മനം റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടുന്നത് പതിവായിട്ടുണ്ട്. ഇതിന് ശാശ്വതമായ പരിഹാരം ആവശ്യമാണ്. കേരള റോഡ് ഫണ്ട് ബോര്‍ഡുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കൃത്യമായി നടക്കുന്നില്ലെന്നും ആവശ്യമായ ജീവനക്കാരില്ലാത്തതാണ് പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുല്ലശേരി കനാലിന്റെ നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഡെങ്കിപ്പനി പടരുന്നത് തടയാന്‍ ഫോഗിംഗ് ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാക്കനാട് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് യോഗത്തില്‍ പറഞ്ഞു. ടേക് എ ബ്രേക്ക് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും നിലവിലെ സ്ഥിതിയും കൃത്യമായി വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

തേവക്കല്‍ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നടപടി വേണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം പറഞ്ഞു. പുക്കാട്ടുപടി – കാക്കനാട് റോഡില്‍ ഗതാഗതക്കുരുക്ക് പതിവാണ്. ഈ റോഡില്‍ അശാസ്ത്രീയമായി സ്ഥാപിച്ചിരിക്കുന്ന ഹമ്പുകള്‍ നീക്കം ചെയ്യണം. തേവക്കലിലെ അനധികൃത പാര്‍ക്കിംഗ് അവസാനിപ്പക്കമെന്നും ആവശ്യമായ ട്രാഫിക് വാര്‍ഡന്‍മാരെ നിയമിക്കണമെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.

യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ എം.എസ് മാധവിക്കുട്ടി, ജില്ലാ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ ഫാത്തിമ, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  യോഗത്തില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close