Ernakulam

നവകേരള സദസ്  അവസാന വേദിയിലേക്ക് ഒഴുകിയെത്തിയത് ജനസാഗരം

സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമ പദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയാനുമായി മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസ്സിന്റെ അവസാന വേദിയായ കുന്നത്തുനാട് മണ്ഡലത്തിലെത്തിയത് ജനസാഗരം. 

കുന്നത്തുനാട്  മണ്ഡലത്തിലെ നവ കേരള സദസ്സ് വേദിയായ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ്  ഗ്രൗണ്ടിലേക്ക് മന്ത്രിസഭ എത്തുന്നതിന് മുന്‍പേ ജനസാഗരം ഒഴുകുകയായിരുന്നു. രാവിലെ മുതല്‍ വേദിയിലേക്ക് ജനങ്ങള്‍ എത്തിതുടങ്ങി. മൂന്നു മണിയോടെ വേദിയില്‍ കലാപരിപാടികള്‍ ആരംഭിച്ചു. വേദിയില്‍ കലാപരിപാടികള്‍ ആടിത്തിമിര്‍ക്കുമ്പോള്‍  കോലഞ്ചേരി പ്രദേശം ജനനിബിഡമായി.

കുന്നത്തുനാട് മണ്ഡലത്തിന്റെ  ചരിത്രത്താളുകളില്‍
എഴുതിച്ചേര്‍ക്കുകയായിരുന്നു നവകേരള സദസ്സിന്റെ ജനസാഗരം.  

തിങ്ങിനിറഞ്ഞ സദസിലേക്ക് ആദ്യമെത്തിയത് തുറമുഖ സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ  ആയിരുന്നു.
ശേഷം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വേദിയിലെത്തി.
തുടര്‍ന്ന് വേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മറ്റ് മന്ത്രിമാരും എത്തിയതോടെ വേദിയിൽ ജനാരവം അലയടിച്ചു. കാവടി ഘോഷയാത്രയോടൊപ്പം  ആര്‍പ്പുവിളികളുടേയും മുദ്രാവാക്യങ്ങളുടേയും അകമ്പടിയോടെയാണ് കുന്നത്തുനാട് മണ്ഡലം സംസ്ഥാന മന്ത്രിസഭയെ സ്വാഗതം ചെയ്തത്.

നവകേരള സദസ്സിനെത്തിയ ജനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും വകുപ്പുകളുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. സഹായങ്ങള്‍ക്കായി സന്നദ്ധ സേവകരും വൈദ്യസഹായത്തിനായി മെഡിക്കല്‍ ടീമും  പ്രവര്‍ത്തിച്ചു. ശുചീകരണത്തിനായി ഹരിതകര്‍മ്മ സേനാംഗങ്ങളും പരിപാടിയിലുടനീളം പങ്കെടുത്തു.  പൊലീസ്, ഫയര്‍ഫോഴ്‌സ് സേനകള്‍ സുരക്ഷയ്ക്കായി സംവിധാനങ്ങള്‍ ഒരുക്കി. ജനങ്ങളില്‍ നിന്നുള്ള നിവേദനങ്ങള്‍ സ്വീകരിക്കാനായി 26കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. ഭിന്നശേഷിക്കാര്‍, മുതിര്‍ന്നവര്‍, സ്ത്രീകള്‍, പൊതുവിഭാഗം എന്നിങ്ങനെ പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. മുഴുവന്‍ നിവേദനങ്ങള്‍ സ്വീകരിച്ചുകഴിയുന്നതുവരെയും കൗണ്ടറുകൾ പ്രവര്‍ത്തിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close