Ernakulam

കാഞ്ഞൂര്‍ പള്ളി തിരുനാള്‍: എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഉറപ്പ് വരുത്തും

 
ആലോചനയോഗം ചേർന്നു

കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി തിരുനാളിനോടനുബന്ധിച്ച്  എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഉറപ്പ് വരുത്താൻ തീരുമാനമായി.  തിരുനാളുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി അൻവർ സാദത്ത് എം.എല്‍.എയുടെയും ജില്ലാ കളക്ടര്‍ എൻ. എസ്. കെ ഉമേഷിന്റെയും നേതൃത്വത്തില്‍  യോഗം ചേർന്നു.

ജനുവരി 19, 20, 26,27 തീയതികളിലാണ് കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ തിരുനാള്‍ നടക്കുന്നത്.വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് തിരുനാള്‍ സുഗമമായി നടത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ
 നൽകി. തിരുനാള്‍ ദിവസങ്ങളില്‍ ക്രമസമാധാനച്ചുമതലക്കായി കൂടുതല്‍ പോലീസുകാരെ വിന്യസിക്കും. ഹോംഗാര്‍ഡ് ഉള്‍പ്പടെയുള്ളവരുടെ സേവനം ഇതിനായി വിനിയോഗിക്കും. പള്ളിയുടെ സമീപ പ്രദേശങ്ങളില്‍ പാര്‍ക്കിങ്ങ് നിരോധിക്കുകയും കൂടുതല്‍ പാര്‍ക്കിങ്ങ് ഗ്രൗണ്ടുകള്‍ സജ്ജമാക്കുകയും ചെയ്യും. എക്‌സൈസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പള്ളിയോട് ചേര്‍ന്ന് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. വിവിധ റേഞ്ച് ഓഫീസുകളുടെയും സ്‌ക്വാഡുകളുടെയും നേതൃത്വത്തില്‍ കര്‍ശന പരിശോധന നടത്തും. 

വൈദ്യുതി ബന്ധം വിച്ഛേദിക്കാതിരിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ വൈദ്യുത വകുപ്പിന് നിര്‍ദേശം നല്‍കി. തിരുനാള്‍ ദിനങ്ങളില്‍ പള്ളിയിലേക്കെത്തുന്നതിനാവശ്യമായ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ആലുവ, അങ്കമാലി, പെരുമ്പാവൂര്‍ ഡിപ്പോകളില്‍ നിന്ന് ഏര്‍പ്പെടുത്തും. സ്വകാര്യ ബസുകള്‍ക്ക് താത്കാലിക പെര്‍മിറ്റും നല്‍കും. 

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തും. കുടിവെള്ളം പരിശോധിക്കുന്നതിനായി മൊബൈല്‍ ലാബും പ്രവര്‍ത്തിക്കും.  ഭക്ഷ്യ വസ്തുക്കള്‍ക്ക് അമിത വില ഈടാക്കുന്നത് തടയുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പ് പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തും. റോഡിന്റെ അറ്റകുറ്റ പണികൾ പൂർത്തിയായി ഗതാഗതം സുഗമമാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. തിരുനാള്‍ ദിവസങ്ങളില്‍ അഗ്‌നി രക്ഷാ സേനാ ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പാക്കും. 

പൂര്‍ണമായും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരിക്കും തിരുനാള്‍ നടത്തുന്നത്. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. ഇതിനായി ഹരിത കേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി പ്രവർത്തനങ്ങൾ നടപ്പിലാക്കും. സമീപത്തെ കടകളിൽ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തും. അജൈവ- ജൈവ മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുന്നതിന് സജ്ജീകരണങ്ങൾ ഏർപ്പെടുത്തും.

ആലുവ പാലസ് ഗസ്റ്റ്
ഹൗസിൽ നടന്ന യോഗത്തിൽ കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ ,പെരുമ്പാവൂർ എ. എസ്. പി ജുവനാപ്പുടി മഹേഷ്, എ. എസ്. പി ബിജുമോൻ, പള്ളി വികാരി ഫാ. ജോസഫ് കണിയാം പറമ്പിൽ,  ഭാരവാഹികൾ, ആലുവ തഹസിൽദാർ സുനിൽ മാത്യു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close