Ernakulam

ചിരിയും ചിന്തയുമായി ജില്ലാ സ്റ്റാഫ് കൗണ്‍സിലിന്റെ വനിതാ ദിനാഘോഷം* തിളങ്ങി കളക്ടര്‍ ദമ്പതികളായ എന്‍.എസ്.കെ ഉമേഷും വിഘ്‌നേശ്വരിയും

എറണാകുളം ജില്ലാ സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച വനിതാദിനാഘോഷത്തില്‍ ചിരി പടര്‍ത്തി കളക്ടര്‍ ദമ്പതികളായ എന്‍.എസ്.കെ ഉമേഷും വിഘ്‌നേശ്വരിയും. എറണാകുളം ജില്ലാ കളക്ടര്‍ ആയ എന്‍.എസ്.കെ ഉമേഷ് വനിതാദിനാഘോഷത്തിലെ മുഖ്യാതിഥിയായി ക്ഷണിച്ചത് കോട്ടയം ജില്ലാ കളക്ടര്‍ ആയ ഭാര്യ വിഘ്‌നേശ്വരിയെയാണ്. വേദിയില്‍ ഇരുവരും പങ്കുവച്ച രസകരമായ അനുഭവങ്ങള്‍ സദസ്സിനെ പൊട്ടിച്ചിരിപ്പിച്ചു. സ്ത്രീകളുടെ സമൂഹത്തിലെ അവസ്ഥ ഇനിയുമേറെ മുന്നോട്ടുപോകാനുണ്ടെന്ന ഗൗരവമായ ചിന്തയും സദസില്‍ പങ്കുവെക്കപ്പെട്ടു.  

നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ തങ്ങളുടെ കഴിവുകള്‍ ഓരോ ദിവസവും തെളിയിച്ചു കൊണ്ടേയിരിക്കേണ്ട അവസ്ഥയാണുള്ളതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് വിഘ്‌നേശ്വരി പറഞ്ഞു. സ്ത്രീകളുടെ ജീവിതം തന്നെ ഒരു സമരമാണെന്നും വരും തലമുറക്ക് വേണ്ടി ത്യാഗം സഹിച്ചും പോരാട്ടം തുടരണമെന്നും കളക്ടര്‍ പറഞ്ഞു.

വീട്ടുജോലികള്‍ തുല്യമായി വീതിച്ച് എടുത്ത് സ്ത്രീകള്‍ക്ക് പുറത്തു പോയി സാമ്പത്തികമായി നേട്ടമുണ്ടാക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുക്കുക എന്നതാണ് സ്ത്രീകളോട് ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല കാര്യമെന്ന് ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ കെ. മീര പറഞ്ഞു. വിവാഹമല്ല ഒരു സ്ത്രീയുടെ ജീവിതത്തില്‍ പ്രധാനമായും വേണ്ടതെന്നും സാമ്പത്തിക സ്വാതന്ത്ര്യം നേടാനായി അവരെ പ്രാപ്തരാക്കുകയാണ് വേണ്ടതെന്നും സബ് കളക്ടര്‍ പറഞ്ഞു.

സ്ത്രീ ആയതു കൊണ്ട് പലയിടങ്ങളിലും വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കൊച്ചിന്‍ കോര്‍പറേഷന്‍ സെക്രട്ടറി ചെല്‍സ സിനി പറഞ്ഞു. ഇതിനൊരു മാറ്റം വരേണ്ടതുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കേരളം ഇക്കാര്യത്തില്‍ പുരോഗമന പരമായ സമീപനമുള്ള സ്ഥലമാണെന്നും അവര്‍ പറഞ്ഞു.

തന്നെക്കാള്‍ ധീരമായി എല്ലാ കാര്യങ്ങളും വിഘ്‌നേശ്വരി കൈകാര്യം ചെയ്യുമെന്നും, ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഒന്നും തന്നെ പ്രശസ്തി ആഗ്രഹിക്കാറില്ലെന്നും എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് പറഞ്ഞു. വനിതാ ദിനത്തിന് മുഖ്യാതിഥിയായി ക്ഷണിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്ന ഒരാളാണ് വിഘ്‌നേശ്വരി എന്നും കളക്ടര്‍ പറഞ്ഞു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വനിതാദിനാഘോഷ പരിപാടിയില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആശാ സി എബ്രഹാം, അസിസ്റ്റന്റ് കളക്ടര്‍ നിഷാന്ത് സിഹാര, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി.ഇ അബ്ബാസ്, ഹുസൂര്‍ ശിരസ്തദാര്‍ ബിന്ദു രാജന്‍, സ്റ്റാഫ് സെക്രട്ടറി ആലീസ് മാത്യൂ എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close