Alappuzha

സംരംഭക വര്‍ഷം 2.0; ജില്ലയില്‍ 7252 പുതിയ സംരംഭങ്ങള്‍ -411.8 കോടിയുടെ നിക്ഷേപവും 13,721 പേര്‍ക്ക് തൊഴിലവസരവും

ആലപ്പുഴ: വ്യവസായ വകുപ്പിന്റെ കീഴില്‍ നടപ്പാക്കിവരുന്ന സംരംഭക വര്‍ഷം; ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജില്ലയില്‍ വിജയകരമായി മുന്നോട്ട്. സംരംഭക വര്‍ഷം 2.0 യുടെ ഭാഗമായി 2022-23 വര്‍ഷത്തില്‍ ജില്ല 100 ശതമാനം ലക്ഷ്യം കൈവരിച്ചിരുന്നു.

ജില്ല കളക്ടര്‍ അധ്യക്ഷനായും ജനറല്‍ മാനേജര്‍ ജില്ല വ്യവസായകേന്ദ്രം കണ്‍വീനറുമായുള്ള ജില്ലാതല മോണിറ്ററിങ്ങ് കമ്മറ്റിയുടെ മേല്‍നോട്ടത്തിലാണ്  പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 7000 യൂണിറ്റ് എന്നതായിരുന്നു ജില്ലയുടെ ലക്ഷ്യം. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 15 ദിവസം മാത്രം ബാക്കിനില്‍ക്കെ 7,252 പുതിയ സംരംഭങ്ങളുമായാണ് ജില്ല മുന്നേറുന്നത്. പുതിയ സംരംഭങ്ങള്‍ വഴി 411.8 കോടി രൂപയുടെ നിക്ഷേപവും 13,721 പേര്‍ക്ക് തൊഴിലവസരവും നല്‍കി. ഉത്പാദന മേഖലയില്‍ 1061 പുതിയ സംരംഭങ്ങളും സേവന മേഖലയില്‍ 3058, വാണിജ്യ മേഖലയില്‍ 3133 പുതിയ സംരംഭങ്ങളും പ്രവര്‍ത്തിക്കുന്നു. ഇതില്‍ 43 ശതമാനം വനിത സംരംഭകരാണ്. അരൂര്‍ പഞ്ചായത്തിലാണ് ഏറ്റവും അധികം യൂണിറ്റുകള്‍ ആരംഭിച്ചത് (113 യൂണിറ്റുകള്‍). ഏറ്റവുമധികം യൂണിറ്റുകള്‍ ആരംഭിച്ച മുനിസിപ്പാലിറ്റി ആലപ്പുഴ മുനിസിപ്പാലിറ്റിയാണ് (372 യൂണിറ്റ്). 

72 പഞ്ചായത്തുകളിലും ആറ് മുനിസിപ്പാലിറ്റികളിലുമായി 86 എന്റര്‍പ്രൈസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവുമാര്‍ പ്രവര്‍ത്തിക്കുന്നു. പ്രദേശത്തിന്റെ പ്രത്യേകതക്കനുസരിച്ച് പുതിയ സംരംഭങ്ങള്‍ക്കുളള ആശയങ്ങള്‍ നല്‍കല്‍, സംരംഭകത്വ ബോധവല്‍കരണം, ഹെല്‍പ്പ് ഡെസ്‌ക്, സംരംഭം തുടങ്ങാന്‍ പ്രാപ്തരാക്കല്‍ തുടങ്ങി എല്ലാ ഘട്ടത്തിലും ഇവരുടെ സഹായം ലഭ്യമാണ്. യുവജനങ്ങള്‍, തിരികെയെത്തിയ പ്രവാസികള്‍, വനിതകള്‍/വനിതാ ഗ്രൂപ്പുകള്‍ തുടങ്ങിയവര്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പൊതു ബോധവത്കരണ പരിപാടികള്‍, ലോണ്‍/ലൈസന്‍സ് മേളകള്‍, തദ്ദേശിയ വിപണന മേളകള്‍ എന്നിവയും സംഘടിപ്പിച്ചു വരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close