Alappuzha

അധികം ജീവനക്കാരെ നിയമിക്കും വില്ലേജ് ഓഫീസുകളില്‍ കയറാതെ സേവനങ്ങള്‍ ലഭ്യമാക്കും: മന്ത്രി കെ.രാജന്‍

ആലപ്പുഴ: വില്ലേജ് ഓഫീസുകളില്‍ നിന്നുള്ള എല്ലാ സേവനങ്ങളും വീട്ടിലിരുന്ന് ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. നാല് വര്‍ഷത്തിനുള്ളില്‍ സേവനങ്ങള്‍ക്കായി ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ട ആവശ്യം ഇല്ലാതാക്കാനും സേവനങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കാനുമാണ് സര്‍ക്കാരും റവന്യു വകുപ്പും ശ്രമിക്കുന്നത്. വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനായി സംസ്ഥാനത്തുടനീളം 1342 ഓഫീസുകളില്‍ ഒരോ ജീവനക്കാരനെ അധികമായി നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണമംഗലം, കറ്റാനം, ഭരണിക്കാവ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

നിലവില്‍ ഏഴ് സേവനങ്ങള്‍ വില്ലേജ് ഓഫീസുകളില്‍ നിന്നും ഓണ്‍ലൈനായി ലഭിക്കുന്നുണ്ട്. ഇതിനു പുറമേ 20 സേവനങ്ങള്‍ കൂടി ഓണ്‍ലൈനില്‍ ലഭ്യമാക്കും. ഇതോടെ ജനങ്ങളുടെ എല്ലാ ആവശ്യങ്ങളും സേവനങ്ങളും വില്ലേജ് ഓഫീസുകളില്‍ നിന്ന് അനായാസം ലഭിക്കും. കേരളത്തിലെ 1646 വില്ലേജ് ഓഫീസുകള്‍ ഇതിനകം സ്മാര്‍ട്ടാക്കി. എല്ലാ ഓഫീസുകളും സ്മാര്‍ട്ടാക്കാനാണ് ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ എട്ട് മാസങ്ങള്‍ കൊണ്ട് 1.42 ലക്ഷം ഭൂമിയുടെ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായി. ഓരോ ഭൂമിയുടെയും അതിരുകള്‍ റിക്കോര്‍ഡ് ചെയ്ത് ഡിജിറ്റല്‍ വേലി സൃഷ്ടിക്കും. പൊതുജനങ്ങള്‍ക്ക് ഇവ ഓണ്‍ലൈനായി ലഭ്യമാക്കും. വില്ലേജ് തല ജനകീയ സമിതികള്‍ക്ക് റവന്യൂ വകുപ്പിന്റെ ചട്ടങ്ങളും നിയമങ്ങളും വ്യക്തമായി മനസിലാക്കാനായി പ്രത്യേക റവന്യൂ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കണ്ണമംഗലം, കറ്റാനം, ഭരണിക്കാവ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ നിര്‍മ്മിച്ചത്. സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു നിര്‍മ്മാണ ചുമതല.

ഭരണിക്കാവ് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ യു.പ്രതിഭ എം.എല്‍.എ അധ്യക്ഷയായി.  ജില്ലാ കളക്ടര്‍ ഹരിത വി.കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നികേഷ് തമ്പി, കെ.ജി.സന്തോഷ്, ജി.ആതിര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.രജനി, ഇന്ദിരാ ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. ശ്യാമള ദേവി, കെ. പ്രദീപ് കുമാര്‍, തദ്ദേശസ്ഥാപന അധ്യക്ഷരായ കെ.വി. ശ്രീകുമാര്‍, കെ.ദീപ, എ.സുധാകര കുറുപ്പ്,  എ.ഡി.എം. എസ്.സന്തോഷ് കുമാര്‍, നിര്‍മിതി കേന്ദ്രം റീജിയണല്‍ എന്‍ജിനീയര്‍ ജോസ് ജെ.മാത്യൂ, ആര്‍.ഡി.ഒ. എസ്.സുമ, തഹസീല്‍ദാര്‍ ഡി.സി. ദിലീപ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close