Alappuzha

സൈന്യമില്ലാത്ത സർവ്വ സൈന്യാധിപനായിരുന്നു ഗാന്ധിജി: എ.എം. ആരിഫ്‌ എംപി

ഗാന്ധി ജയന്തി വാരാഘോഷത്തിന് തുടക്കം

ആലപ്പുഴ: മഹാത്മാ ഗാന്ധിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ടുള്ള ജില്ലാതല വാരാഘോഷം സിവിൽ സ്റ്റേഷൻ അങ്കണത്തിൽ എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. സൈന്യമില്ലാതെ സ്വതന്ത്രസമരത്തെ നയിച്ച സർവ്വ സൈന്യാധിപനും അഹിംസയുടെ പ്രവാചകനും പടയാളികളും പടച്ചട്ടയുമില്ലാതെ പോരാടിയ യോദ്ധാവുമായിരുന്നു ഗാന്ധിജിയെന്ന് എം. പി. പറഞ്ഞു.

സത്യസന്ധത മുറുകെപ്പിടിച്ച ലോകം കണ്ട ഏറ്റവും വലിയ സാമൂഹിക നേതാവായിരുന്നു മഹാത്മാവ്. അതുകൊണ്ടാണ് ഐക്യരാഷ്ട്രസഭ ഒക്ടോബർ 2 ലോക സമാധാന ദിനമായി ആചരിക്കാൻ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും ഹാരാര്‍പ്പണവും നടത്തി. ശുചിത്വ പ്രതിജ്ഞയും കളക്ടർ ചൊല്ലിക്കൊടുത്തു. ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ ഗാന്ധി ജയന്തി സന്ദേശം നല്‍കി. മഹാത്മാഗാന്ധി വിശ്വ പൗരനായിരുന്നെന്നും അദ്ദേഹത്തോടൊപ്പം നിൽക്കാൻ അദ്ദേഹം മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

മജീഷ്യൻ ഉമ്മൻ ജെ. മേടാരത്തിന്റെ ലഹരിവിരുദ്ധ സന്ദേശം നല്‍കുന്ന മാജിക് ഷോയും എക്സൈസിന്റെയും പി.എം.കെ.വി.വൈ.യുടെ സംയുക്താഭിമുഖ്യത്തിൽ ഫ്ലാഷ് മോബും നടത്തി.

എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ്, എക്സൈസ് സർക്കിൾ ഓഫീസർ വൈ. പ്രസാദ്, ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കല്‍, രാജു പള്ളിപ്പറമ്പില്‍, ബേബി പാറക്കാടൻ, എ.എൻ. പുരം ശിവകുമാർ, പി.എ. കുഞ്ഞുമോൻ, ഇ. ഖാലിദ്, എം.ഇ. ഇത്തമക്കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.

ഗാന്ധി സമൃതി മണ്ഡപ സമിതിയും ജില്ല ഭരണ കേന്ദ്രവും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും വിവിധ വകുപ്പുകളുമായി ചേര്‍ന്നാണ് വാരാഘോഷം നടത്തുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ ഗാന്ധി സ്മാരകം ആലപ്പുഴ സബ് സെന്റര്‍, കേരള സര്‍വോദയമണ്ഡലം, കേരള സബര്‍മതി, ഗാന്ധിയന്‍ ദര്‍ശന വേദി, ഗാന്ധി ദര്‍ശന്‍ സമിതി, മദ്യ നിരോധന സമിതി, ജില്ല മിത്രമണ്ഡലം, കേരള ശാന്തി സമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ ശാന്തിപദയാത്ര, ഗാന്ധി ക്വിസ്, ഓണ്‍ലൈന്‍ പ്രസംഗ മത്സര, ഉപന്യാസരചന മത്സരം തുടങ്ങി വിവിധ പരിപാടികള്‍ നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close