Alappuzha

കൃത്രിമ കാലുകള്‍, ഓര്‍ത്തോസിസ് വിതരണം ചെയ്തു -ജനറല്‍ ആശുപത്രിയില്‍ പള്‍മണറി റിഹാബ് സെന്റര്‍, ട്രൂനാറ്റ് പരിശോധന എന്നിവയും തുടങ്ങി

ആലപ്പുഴ: നഗരസഭയുടെ 2023-24 ലെ വാര്‍ഷിക പദ്ധതി വഴി നടപ്പിലാക്കിയ ‘ഫിസിയോതെറാപ്പി അനുബന്ധ പ്രവര്‍ത്തികള്‍’ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കൃത്രിമ കാലുകള്‍, ഓര്‍ത്തോസിസ് എന്നിവയുടെ വിതരണം എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഇരുപതു ലക്ഷം രൂപ ചിലവില്‍ അഞ്ച് കൃത്രിമ കാലുകളുടെയും 24 ഓര്‍ത്തോസിസുകളുടെയും വിതരണമാണ് നടത്തിയത്. മായിത്തറ സ്വദേശിയായ സതീശന് ആദ്യ കൃത്രിമ കാല്‍ എം.എല്‍.എ. വെച്ചു നല്‍കി.

ജനറല്‍ ആശുപത്രിയില്‍ പുതുതായി ശ്വാസകോശ രോഗികള്‍ക്കായി തുടങ്ങിയ  നൂതന ചികിത്സ സംവിധാനയമായ പള്‍മണറി റിഹാബിലിറ്റേഷന്‍ യൂണിറ്റിന്റെ ഉദ്ഘാടനവും എം.എല്‍.എ. നിര്‍വഹിച്ചു. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. ശ്വാസകോശ വിഭാഗം മേധാവി ഡോ.കെ. വേണുഗോപാല്‍, പള്‍മനോളജിസ്റ്റ് ഡോ. രാധിന്‍, ഡോ.വി.ബി. അഞ്ജലി എന്നിവരുടെ നേതൃത്വത്തില്‍ രോഗികള്‍ക്ക് പരിശീലനം, ബോധവല്‍ക്കരണം, വിവിധ വ്യായാമ മുറകള്‍, മരുന്നുകളുടെ ഉപയോഗം, മാനസിക സംഘര്‍ഷ നിവാരണ മാര്‍ഗങ്ങള്‍, പുകവലി നിര്‍മ്മാര്‍ജ്ജനത്തിനുള്ള ചികിത്സ (നിക്കോട്ടിന്‍-എന്‍.ആര്‍.ടി) എന്നിവ പരിശീലിപ്പിക്കും. രോഗം മാറുന്നതിനൊപ്പം ജീവിതരീതി കൂടി മാറ്റാവുന്ന ചികിത്സാ സംവിധാനമാണ് റിഹാബ് സെന്ററില്‍ നടപ്പിലാക്കുക. ലോകവ്യാപകമായി ശ്വാസകോശ രോഗികളുടെ ഒരു പ്രധാന ചികിത്സാ വിഭാഗമായി ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിട്ടുള്ള ഈ രീതി വളരെ ചുരുക്കം സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണുള്ളത്. ഹെപ്പറ്റൈറ്റിസ് ബി, സി പോസറ്റീവ് രോഗികള്‍ക്ക് ട്രൂനാറ്റ് പരിശോധന വഴി സൗജന്യമായി വൈറല്‍ ലോഡ് നിര്‍ണ്ണയിക്കാനും ചികില്‍സ നടത്താനുമുള്ള സൗകര്യവും ജനറല്‍ ആശുപത്രിയില്‍  ഇപ്പോള്‍ ലഭ്യമാണ്. 

ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ. ജയമ്മ അധ്യക്ഷയായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.എസ്. കവിത മുഖ്യപ്രഭാഷണം നടത്തി. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എം.ആര്‍. പ്രേം, ആര്‍. വിനിത, നഗരസഭാംഗങ്ങളായ പി.എസ്. ഫൈസല്‍, ക്ലാരമ്മ പീറ്റര്‍, ബി. നസീര്‍, ലിന്‍ഡ ഫ്രാന്‍സിസ്, മോനിഷ ശ്യാം, ജ്യോതി പ്രകാശ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ആര്‍. സന്ധ്യ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ. വേണുഗോപാല്‍, ഫിസിക്കല്‍ മെഡിസിന്‍ റീഹാബിലിറ്റേഷന്‍ കണ്‍സള്‍ട്ടന്റ് ഡോ.എം. സിന്ധു, ആശുപത്രി വികസന സമിതിയംഗം അജയ് സുധീന്ദ്രന്‍,  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close