THRISSUR

കുന്നംകുളം മണ്ഡലത്തിൽ 136 വീടുകളിൽ സിറ്റി ഗ്യാസ് എത്തി

സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിലെ നാഴികക്കല്ലായ പ്രകൃതി പാചകവാതകം അടുക്കളയിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി കുന്നംകുളം മണ്ഡലത്തിലെ 136 വീടുകളിൽ യാഥാർത്ഥ്യമായി. കുന്നംകുളം നഗരസഭയിലെ മൂന്ന് വാർഡുകളിലും ചൊവ്വന്നൂർ പഞ്ചായത്തിലെ ഒരു വാർഡിലുമാണ് പദ്ധതി നടപ്പാക്കിയത്.

എല്ലാ വീടുകളിലും സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നതിനായി 1200 വീടുകളിൽ കണക്ഷനുവേണ്ടിയുള്ള പണി പൂർത്തിയായി. 2000 ഓളം അപേക്ഷകളാണ് സിറ്റി ഗ്യാസ് കണക്ഷനു വേണ്ടി കുന്നംകുളം മണ്ഡലത്തിൽ ലഭിച്ചിട്ടുള്ളത്. 160 പേർ അപേക്ഷ ഫീസ് അടച്ചതിൽ 136 കണക്ഷൻ കൊടുത്തു. മറ്റ് കണക്ഷനുകൾ ദ്രുതഗതിയിലാക്കാനുള്ള നടപടി സ്വീകരിച്ചു.

അപകടരഹിതവും മിതമായ ചെലവിൽ പൈപ്പ് ലൈൻ വഴി പ്രകൃതി പാചകവാതകം വീടുകളിലെത്തുന്നതുമായ പദ്ധതിയാണ് സിറ്റി ഗ്യാസ്. ജില്ലയിൽ ആദ്യമായി പദ്ധതിക്ക് തുടക്കം കുറിച്ചത് കുന്നംകുളം നഗരസഭയിലെ പതിമൂന്നാം വാർഡിലാണ്.

പദ്ധതിലൂടെ ചൊവ്വന്നൂരിലെ സിറ്റി ഗ്യാസ് സ്റ്റേഷനിൽ നിന്ന് പൈപ്പ് ലൈൻ വഴി 24 മണിക്കൂറും തടസ്സമില്ലാതെ ഗ്യാസ് വീടുകളിലെത്തും. പൈപ്പ് വഴി കുടിവെള്ളം വീടുകളിലെത്തുന്നതുപോലെ പാചകവാതകവും ഓരോ അടുക്കളയിലുമെത്തും.

ഇന്ത്യൻ ഓയിൽ അദാനി ഗ്യാസാണ് പരിസ്ഥിതി സൗഹ്യദ പദ്ധതിയായ സിറ്റി ഗ്യാസ് ജില്ലയിൽ നടപ്പാക്കുന്നത്. കണക്ഷൻ ലഭ്യമാകുന്നതിന് ഗുണഭോക്താക്കൾക്ക് ഡെപ്പോസിറ്റ് തുക തവണകളായി അടയ്ക്കുന്ന സ്കീമുൾപ്പെടെ നാല് സ്കീമുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

സിറ്റി ഗ്യാസ് പദ്ധതിയിലൂടെ ഇന്ധന ചെലവ് 20 ശതമാനം കുറക്കാനാകും. സിലിണ്ടർ ഗ്യാസ് വീട്ടിലെത്തിക്കുന്നതിന് വേണ്ടി വരുന്ന ഗതാഗതച്ചെലവും ലാഭിക്കാം. ഗതാഗതക്കുരുക്കും റോഡിലെ അപകടസാധ്യതയും ഒഴിവാക്കാനാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close