Alappuzha

കേരള ജനത നവകേരള സദസ്സിനെ ഹൃദയത്തിലേറ്റി – മന്ത്രി *അഹമ്മദ് ദേവർ കോവിൽ

ആലപ്പുഴ: കേരളത്തിലെ ജനത നവകേരള സദസ്സ് ഹൃദയത്തിലേറ്റിയിരുന്നു എന്ന സന്ദേശമാണ് ഓരോ സദസ്സിലും തടിച്ചുകൂടിയ പതിനായിരങ്ങൾ നൽകുന്നതെന്ന് തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിൽ. അരയങ്കാവ് ക്ഷേത്ര മൈതാനിയിൽ അരൂർ മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജാതി, മത, കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരുമിച്ച് നിൽക്കേണ്ടവരാണ് എന്ന ബോധം വിദ്യാസമ്പന്നരായ കേരള ജനത പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന സുന്ദര കാഴ്ചയാണ് നവകേരള സദസ്സിലൂടെ തെളിയുന്നത്. 

വെറും വാക്കുകളല്ല, വികസനത്തിന്റെ ചരിത്രനേട്ടങ്ങളാണ് സർക്കാർ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. സ്വയം സംസാരിക്കുന്ന കണക്കുകളിലൂടെയും ജനങ്ങൾക്ക് കാണാൻ കഴിയുന്ന വികസ നേട്ടങ്ങളിലൂടെയുമാണ് സർക്കാർ മുന്നേറുന്നത്. കേരളവും ഗൾഫ് നാടുകളും ബന്ധിപ്പിക്കുന്ന ആദ്യ വിദേശ കപ്പൽ സർവീസ് ബേപ്പൂരിൽ നിന്ന് ജനുവരിയിൽ തന്നെ ആരംഭിക്കാനാവും. പ്രവാസികളുടെ നിരന്തരമായ ആവശ്യമായിരുന്നു ഇത്. നിരന്തരമായ ചർച്ചകൾക്കൊടുവിലാണ് ഇത് സാധ്യമായത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പദ്ധതിയിലൂടെ സമുദ്ര ഗതാഗതത്തിന്റെ പുതിയ യുഗമാണ് തുറക്കാനായത്. തുറമുഖം യാഥാർഥ്യമായതോടെ വിപുലമായ രീതിയിൽ കണ്ടെയ്നറുകൾ എത്തിക്കാൻ സാധിക്കുന്നു. മൂന്നു കപ്പലുകളാണ് ഇതുവരെ തുറമുഖത്ത് അടുപ്പിക്കാൻ കഴിഞ്ഞത്. വ്യവസായ, വാണിജ്യ, ഗതാഗത, വിനോദ സഞ്ചാര മേഖലകളിൽ ഇതിന്റെ വികസന പ്രതിഫലനങ്ങൾ കാണാമെന്നും മന്ത്രി പറഞ്ഞു.

തീരദേശ ഹൈവേ, മലയോര ഹൈവേ, ദേശീയ പാത തുടങ്ങിയ വികസന പദ്ധതികൾ അതിവേഗമാണ് പുരോഗമിക്കുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് 25 ശതമാനം ചെലവ് സംസ്ഥാന സർക്കാർ വഹിക്കാമെന്ന ഉറപ്പിൽ ദേശീയ പാത 66 പദ്ധതിക്ക് പുതുജീവൻ വെച്ചത്. 

ലോകചരിത്രത്തിൽ പുതിയ ഇതിഹാസം എഴുതിച്ചേർക്കുകയാണ് നവകേരള സദസ്സ്. നവകേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങൾക്കിടയിലേക്ക് എത്തുകയാണ്. ഈ മുന്നേറ്റത്തെ പച്ച കള്ളങ്ങൾ കൊണ്ട് തടയാൻ ചിലർ ശ്രമിക്കുകയാണ്. മണ്ഡലത്തിലെ വികസന പ്രശ്നങ്ങളിൽ അഭിപ്രായങ്ങളും നിർദേശങ്ങളും അവതരിപ്പിക്കാനുള്ള അവസരമാണ് പരിപാടി ബഹിഷ്കരിക്കുന്നവർ നഷ്ടപ്പെടുത്തുന്നത്. പ്രളയം, കോവിഡ്, കടുത്ത സാമ്പത്തിക പ്രതിസന്ധി തുടങ്ങി പ്രശ്നങ്ങൾ കേരളം നേരിട്ടപ്പോൾ ശക്തമായ ഭരണകൂടം അവയെ അതിജീവിച്ചു. ക്ഷേമ പെൻഷനുകൾ മുടങ്ങാതെ കൊടുക്കാനായി. സാധാരണക്കാരെയും അടിസ്ഥാന വർഗത്തെയും ഉൾപ്പെടെ എല്ലാ വിഭാഗക്കാരെയും ഒരുപോലെ പരിഗണിച്ചു കൊണ്ടുള്ള വികസന കാഴ്ചപ്പാടാണ് സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. ജനാധിപത്യ മൂല്യങ്ങൾ മുറുകെപ്പിടിച്ചു കൊണ്ടാണ് സർക്കാർ മുന്നോട്ടു പോകുന്നത് – മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close