Kerala

അദാലത്തിലൂടെ ശ്രവണ സഹായി: നന്ദി അറിയിച്ച നന്ദനയുടെ അനുഭവം പങ്കുവച്ച് മുഖ്യമന്ത്രി

            സംസ്ഥാന സർക്കാരിന്റെ ‘കരുതലും കൈത്താങ്ങും’ അദാലത്തിലൂടെ ശ്രവണ സഹായി ലഭിച്ച നന്ദനയെ കണ്ടുമുട്ടിയതിന്റെ അനുഭവം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ ഭാഗമായി തൃശൂർ  മുളങ്കുന്നത്തുകാവ് കിലയിൽ സംഘടിപ്പിച്ച പ്രഭാതയോഗത്തിൽ ക്ഷണിക്കപ്പെട്ട അതിഥിയായി നന്ദനയും എത്തിയിരുന്നു. ഇവിടെ വച്ചാണ് കേൾവിയുടെ അദ്ഭുത ലോകത്തിലെത്താൻ സഹായിച്ച സർക്കാരിനുള്ള നന്ദി മുഖ്യമന്ത്രിയോട് രേഖപ്പെടുത്തിയത്.

            തനിക്ക് അന്യമായിരുന്ന ശബ്ദങ്ങളുടെ പുതിയ ലോകത്തെത്തിയ നന്ദന എന്ന പെൺകുട്ടി വന്ന് നന്ദി പറഞ്ഞത് വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.  കഴിഞ്ഞ മേയ് മാസത്തിൽ ഗുരുവായൂരിൽ നടന്ന ‘കരുതലും കൈത്താങ്ങും’ അദാലത്തിലൂടെയാണ് കേൾവി പരിമിതി നേരിട്ടിരുന്ന ഗുരുവായൂർ സ്വദേശിനി നന്ദനയ്ക്ക് ശ്രവണ സഹായി നൽകിയത്. റവന്യൂ മന്ത്രി  കെ രാജനും ജില്ലാ കളക്ടർ കൃഷ്ണതേജയുമാണ് ഇടപെട്ടത്.  മണപ്പുറം ഫൗണ്ടേഷൻ  സഹായ  വാഗ്ദാനവുമായി മുന്നോട്ടു വന്നു. 

            ഗുരുവായൂർ ലിറ്റിൽ ഫ്‌ലവർ  കോളേജിലെ ബികോം ഒന്നാംവർഷ വിദ്യാർഥിനിയായ നന്ദനയ്ക്ക് ജന്മനാ കേൾവി പരിമിതിയുണ്ടായിരുന്നു. മകൾക്ക്   ശ്രവണസഹായി വാങ്ങുക എന്നത് അച്ഛൻ ബിനുവിന്റെ വലിയൊരു സ്വപ്നമായിരുന്നു.  ചായക്കട നടത്തിയാണ് ബിനു കുടുംബം പുലർത്തുന്നത്. ഭാര്യ അസുഖ ബാധിത. 1.80 ലക്ഷം രൂപ വില വരുന്ന ശ്രവണസഹായി ആ കൊച്ചു കുടുംബത്തിന് താങ്ങാനാവുന്നതായിരുന്നില്ല. അത് ഇപ്പോൾ നന്ദനയ്ക്ക് കിട്ടിയിരിക്കുന്നു. ഇതൊക്കെ സാധാരണ സർക്കാർ സംവിധാനങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന സങ്കടങ്ങളാണ്. അവ കേൾക്കാനും പരിഹാരം കാണാനും ഈ സർക്കാർ നടത്തുന്ന ശ്രമങ്ങൾ ഒരു പരിധിവരെ ഫലം കാണുന്നു എന്നാണ് നന്ദനയുടെ അനുഭവം നൽകുന്ന സൂചനയെന്നും മുഖ്യമന്ത്രി പറഞ്ഞു.

             ചേലക്കര, കുന്നംകുളം, ഗുരുവായൂർ, വടക്കാഞ്ചേരി മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട 260 ഓളം അതിഥികളാണ് പ്രഭാതയോഗത്തിൽ പങ്കെടുത്തത്. ചലച്ചിത്ര മേഖല മുതൽ ഉന്നത വിദ്യാഭ്യാസ രംഗം വരെ- പുതിയ ആശയങ്ങളും അഭിപ്രായങ്ങളും യോഗത്തിന്റെ പരിമിത സമയത്തിനുള്ളിൽ സജീവമായി ചർച്ച ചെയ്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close