Kerala

കേരളത്തിൽ സ്വകാര്യ സർവകലാശാല യാഥാർഥ്യമാകുന്നതിൽ വേഗം തീരുമാനമെടുക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ച സ്വകാര്യ സർവകലാശാല യഥാർഥ്യമാകുന്ന കാര്യത്തിൽ തീരുമാനം വേഗത്തിലാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള സദസ്സിന്റെ കോഴിക്കോട് ജില്ലയിലെ രണ്ടാം ദിനത്തിൽ നടന്ന പ്രഭാതയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വകാര്യ സർവകലാശാലയ്ക്കുള്ള അനുമതി നേരത്തെ പ്രഖ്യാപിച്ചതാണ്. വിദ്യാഭ്യാസ മേഖലയിൽ ലോകമാകെ വലിയ മാറ്റമുണ്ടാകുകയാണ്. ലോകത്തെ മാറ്റങ്ങൾക്കൊപ്പം നമ്മുടെ വിദ്യാഭ്യാസ മേഖല മാറിയില്ലെങ്കിൽ നാം പുറകിലായിപ്പോകും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വിദേശ സർവകലാശാലകളുമായി നേരത്തെ തന്നെ നാം ബന്ധപ്പെടുന്നുണ്ട്. അതു കൂടുതൽ ശക്തിപ്പെടുത്തും.

തോട്ടം മേഖല കൂടുതലായി ടൂറിസം ആവശ്യത്തിന് വിട്ടുനൽകണമെന്ന അഭിപ്രായം വിവിധ കോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ പൊതുയോജിപ്പ് ആയിട്ടില്ല. തോട്ടത്തെ തോട്ടമായി സംരക്ഷിച്ചു നിർത്താനാണ് സർക്കാർ തീരുമാനം. സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങൾ, സാംക്രമിക രോഗങ്ങൾ എന്നിവയുടെ ഡാറ്റ അറിയാനും വിശകലനം ചെയ്യാനും സ്റ്റേറ്റ് മെഡിക്കൽ റിസർച്ച് കൗൺസിൽ രൂപീകരിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കും. ആർക്കിടെക്ച്ചർ ഡിസൈൻ നയത്തിന്റെ കാര്യത്തിൽ തുടർനടപടികൾ ഉണ്ടാകും. കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീറിന് സ്മാരകം പണിയാനും മറ്റു ജില്ലകളിൽ അന്നാട്ടുകാരായ പ്രഗത്ഭർക്ക് സ്മാരകം പണിയാനും കഴിഞ്ഞ സർക്കാർ തീരുമാനിച്ചതാണ്. എന്നാൽ ചിലയിടങ്ങളിൽ സ്ഥല ലഭ്യതക്കുറവ് കാരണം നടന്നിട്ടില്ല. ഇക്കാര്യത്തിൽ നടപടികൾ പുരോഗമിക്കുകയാണ്. ട്രാൻസ്ജൻഡർ വിഭാഗത്തിന് മുന്തിയ പരിഗണനയാണു സർക്കാർ നൽകുന്നത്. സാംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുർവേദ ഇൻസ്റ്റിറ്റ്യുട്ടിന്റെ ഒന്നാംഘട്ട പ്രവർത്തി പൂർത്തിയായികൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close