Kerala

ഐ.ടി മേഖലയില്‍ ഗവേഷണത്തിന് ഊന്നല്‍ നല്‍കണം: കേരളീയം സെമിനാര്‍

സംസ്ഥാനത്ത് ഐ.ടി മേഖലയില്‍ ഗവേഷണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് കേരളീയം 2023ന്റെ ഭാഗമായി  ‘കേരളത്തിലെ ഐ.ടി മേഖല’ എന്ന വിഷയത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഐ.ടി വകുപ്പ് മാസ്‌കോട്ട് ഹോട്ടലില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു.

 കേവലം വിദ്യാഭ്യാസത്തിനപ്പുറം അതത് മേഖലകളില്‍ വൈദഗ്ധ്യം നേടത്തക്ക രൂപത്തില്‍ കോഴ്സുകള്‍ രൂപപ്പെടുത്തണം. ഇതോടൊപ്പം ഐ.ടി മേഖലയില്‍ കൂടുതല്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളും റീഫ്രഷര്‍ കോഴ്സുകളും ആരംഭിക്കേണ്ടതുണ്ട്. ഐ.ടി മേഖല പ്രതിദിനം അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. സംസ്ഥാനം ഇതോടൊന്നിച്ച് മുന്നേറാന്‍ കൂടുതല്‍ ഐ.ടി പാര്‍ക്കുകള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതലായി ആരംഭിക്കണം. ഡിജിറ്റല്‍ എക്കോണമി വലിയ സാധ്യതയാണ് കേരളത്തിന് മുന്നില്‍ വെയ്ക്കുന്നത്. നിര്‍മിത ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സാധ്യതകളെ എല്ലാ മേഖലയിലും ഉപയോഗിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം. ഐ.ടി മേഖലയെ സമൂഹത്തിന്റെ ഉന്നതിക്കായി ഉപയോഗിക്കുന്നതില്‍ സംസ്ഥാനം മാതൃകയാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സേവനം പ്രാപ്യമാണ് എന്നത് കേരളത്തെ മറ്റു സംസ്ഥാനങ്ങളില്‍ വിഭിന്നമാക്കുന്നതായി സെമിനാറില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന പ്ലാനിങ് ബോര്‍ഡ് മെമ്പര്‍ വി. നമശിവായം അഭിപ്രായപ്പെട്ടു. അക്ഷയ പദ്ധതി പോലുള്ള പല മാതൃകകളും ആരംഭിച്ച് ഐ.ടി മേഖലയില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് വഴി കാട്ടിയതായും അദ്ദേഹം പറഞ്ഞു.
ഭരണ നിര്‍വണം സുഗമമാക്കുന്നതിനായി കേരളം നിരവധി പദ്ധതികള്‍ നടത്തി വരുന്നതായി സെമിനാറില്‍ വിഷായവതരണം നടത്തിയ സംസ്ഥാന ഇലക്ടോണിക്സ് ആന്റ് ഐ.ടി വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞു.

ഡിജിറ്റല്‍ സമത്വത്തിലേക്കുള്ള ചുവടുവെയ്പുമായി കേരളം ആരംഭിച്ച കെ ഫോണ്‍ പദ്ധതി എല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്ന് തമിഴ്നാട് ഐടി വകുപ്പ് മന്ത്രി ഡോ. പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു. ഐ.ടി മേഖലയില്‍ കേരളത്തിലേക്ക് കൂടുതല്‍ സംരംഭകരെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരണമെന്ന് ഇന്‍ഫോസിസ് സഹ സ്ഥാപകനും മുന്‍ സി.ഇ.ഒയുമായ എസ്.ഡി ഷിബുലാല്‍ പറഞ്ഞു. അന്തരീക്ഷ മലിനീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി ഇക്കാലത്ത് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സമകാലിക പ്രശ്നങ്ങളായ നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ടെക്നോളജിക്ക് സാധിക്കുമെന്ന് പ്രശസ്ത ഐ.ടി. സംരംഭകനായ സാം സന്തോഷ് അഭിപ്രായപ്പെട്ടു.

എല്ലാവരിലേക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ എത്തിക്കുന്നതില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായെന്ന് ഇന്‍ഫോസിസ് സഹ സ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ ഓരോ പൗരനും അതിവേഗം സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഐ.ടി സാങ്കേതിക വിദ്യ ഉപയോഗിക്കപ്പെടണമെന്ന് ഐ.ബി.എസ് സോഫ്റ്റ് വെയര്‍ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ  വി.കെ മാത്യൂസ് അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം  ഐ.ടി ഗവേഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് സാഫിന്‍ ഇന്ത്യ മാനേജിങ് ഡയറക്ടറായ സുജ ചാണ്ടി പറഞ്ഞു. ഐ.ടി മേഖലയില്‍ കൂടുതല്‍ ഗവേഷണത്തിനും കണ്ടെത്തലിനുമായി മേഖലയിലെ പ്രധാന സ്ഥാപനങ്ങളുമായി അക്കാദമിക് പങ്കാളിത്തം ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

ഐ.ടി മേഖലയില്‍ കൂടുതല്‍ കരുത്തരായ വരെ സൃഷ്ടിക്കാന്‍ ചെറുപ്പ കാലം മുതല്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നത് നന്നായിരിക്കുമെന്ന് നാസ്‌കോം വൈസ് പ്രസിഡന്റ് ശ്രീകാന്ത് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഐ.ടി മേഖലയില്‍ കൂടുതല്‍ സംരംഭങ്ങള്‍ ഉയര്‍ന്നു വരേണ്ടത് ആവശ്യമാണെന്നും ഇതിനായി റിസര്‍ച്ച് ആന്റ് ഡെവലപ്പമെന്റ് മേഖലയില്‍ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണെന്നും ഇന്ത്യന്‍- അമേരിക്കന്‍ എന്‍ജിനീയറും സംരംഭകനുമായ വിനോദ് ധാം അഭിപ്രായപ്പെട്ടു.
ഡിജിറ്റല്‍ എക്കോണമി കേരളത്തിന് മുന്നില്‍ വലിയ സാധ്യതാണ് ഉയര്‍ത്തുന്നത്. ഐ.ടി മേഖലയില്‍ കൂടുതല്‍ ഗവേഷണങ്ങളും പഠനങ്ങളും നടത്തുകയും കൂടുതല്‍ ഐ.ടി സംരംഭങ്ങള്‍ ആരംഭിക്കുക വഴി കേരളത്തെ സാമ്പത്തിക രംഗത്ത് ഉയര്‍ത്തിക്കൊണ്ടുവരാനാവുമെന്നും കേരള ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സജി ഗോപിനാഥ്പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close