Kerala

ദക്ഷിണ റെയിൽവേയുമായി ചേർന്ന് കണ്ടൽ പച്ചത്തുരുത്തുമായി ഹരിതകേരളം മിഷൻ

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടത്തി വരുന്ന പച്ചത്തുരുത്തുകളിൽ ഇനി കണ്ടൽ പച്ചത്തുരുത്തും. ഹരിതകേരളം മിഷനും ദക്ഷിണ റെയിൽവേയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, വനംവകുപ്പ് എന്നിവരുടെ സഹകരണത്തോടെ എറണാകുളം മുതൽ തിരുവനന്തപുരം ജില്ലകളിൽ 33 പഞ്ചായത്തുകളിലാണ് കണ്ടൽ പച്ചത്തുരുത്തുകൾ യാഥാർഥ്യമാകുന്നത്. ഇതിന്റെ ഭാഗമായി 14 ഏക്കർ വിസ്തൃതിയിൽ 59 കിലോമീറ്റർ ദൂരം കണ്ടൽച്ചെടികൾ വച്ചുപിടിപ്പിക്കുമെന്ന് നവകേരളം കർമപദ്ധതി കോർഡിനേറ്റർ ഡോ. ടി.എൻ. സീമ പറഞ്ഞു. പദ്ധതി നടത്തിപ്പു സംബന്ധിച്ച് ഇന്ന് (ഫെബ്രുവരി 15) തിരുവനന്തപുരത്ത് നടന്ന ശിൽപശാലയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡോ. ടി.എൻ. സീമ.

അവിടവിടെയായി മരങ്ങൾ വച്ചുപിടിപ്പിക്കുന്നതോടൊപ്പം കൂട്ടത്തോടെ മരങ്ങൾ നട്ടാൽ പ്രയോജനം ഏറെയാണെന്ന് നിലവിലുള്ള പച്ചത്തുരുത്തുകൾ തെളിയിക്കുന്നതായി ഇതു സംബന്ധിച്ചുള്ള അവസ്ഥാ പഠനം പറയുന്നതായും ഡോ. ടി.എൻ. സീമ കൂട്ടിച്ചേർത്തു. എറണാകുളം ജില്ലയിൽ റെയിൽ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഷ്ടപ്പെട്ട ഒരു ഹെക്ടറിൽ താഴെ വരുന്ന കണ്ടൽ പ്രദേശത്തിനു പകരം മറ്റ് സ്ഥലങ്ങളിൽ ഇത് പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടാണ് ഹരിതകേരളം മിഷനുമായി ചേർന്ന് കണ്ടൽ പച്ചത്തുരുത്തുകൾക്ക് തുടക്കമിടുന്നതെന്ന് ശിൽപശാലയിൽ സംസാരിച്ച ദക്ഷിണ റെയിൽവേ ലാന്റ് അക്വിസിഷൻ അസോസ്സിയേറ്റ് കെ.എസ്. പരീത് പറഞ്ഞു. കണ്ടൽ പച്ചത്തുരുത്തുകൾ തീർക്കുന്നതിലും  തൈകൾക്ക് അഞ്ചുവർഷം വരെ പരിപാലനം ഉറപ്പാക്കാനും തൊഴിലുറപ്പു പദ്ധതിയുടെ സേവനം ലഭ്യമാക്കുമെന്ന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രോഗ്രാം ഓഫീസർ പി. ബാലചന്ദ്രൻ അറിയിച്ചു.

  ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ടെക്‌നിക്കൽ ഓഫീസർ ഡോ. സന്തോഷ്, ഹരിതകേരളം മിഷൻ അസിസ്റ്റന്റ് കോർഡിനേറ്ററായ എസ്.യു. സഞ്ജീവ്, പ്രോഗ്രാം ഓഫീസർ കൃഷ്ണകുമാർ, നവകേരളം കർമപദ്ധതി അസി. കോർഡിനേറ്റർ ടി. പി. സുധാകരൻ എന്നിവർ ശിൽപശാലയിൽ സംസാരിച്ചു. കണ്ടൽ ചെടികളിൽ പ്രാവീണ്യം നേടിയ പ്രായോഗിക വിദഗ്ധരും ശിൽപശാലയിൽ പങ്കെടുത്തു. വളരെയധികം വ്യത്യസ്ത കണ്ടൽ തൈകൾ പരിപാലിക്കുന്ന കണ്ടൽ ദിവാകരൻ പി. വി., കണ്ടൽ നട്ടുപിടിപ്പിക്കുന്നതിനായി ജീവിതത്തിൽ ഏറെ സമയം ചെലവിട്ട കല്ലൻ പൊക്കുടന്റെ മകനും കണ്ടൽ പ്രചരണത്തിൽ സജീവമായ ശ്രീജിത്ത് പൈതലൻ, കണ്ടൽച്ചെടി വ്യാപനത്തിനും സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന മുരുകേശൻ ടി.പി., വി. രവീന്ദ്രൻ, അജിത്കുമാർ, രഘുരാജ് എന്നവർ ശിൽപശാലയിൽ പങ്കെടുത്തു. അതതു പ്രദേശത്തെ മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ തൈകളാകണം പദ്ധതിക്കായി തിരഞ്ഞെടുക്കേണ്ടതെന്ന് വിദഗ്ധർ നിർദ്ദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close