Kerala

തീരദേശ ഹൈവേയിൽ സൈക്കിൾ ട്രാക്ക് ഒരുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം മുതൽ കാസർകോഡ് വരെ നിർമിക്കുന്ന തീരദേശ ഹൈവേയുടെ ഒരു വശത്ത് സൈക്കിൾ ട്രാക്ക് ഒരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ തുടർച്ചയായി യുവജനങ്ങളുമായി തിരുവനന്തപുരത്ത് നടത്തിയ മുഖാമുഖത്തിൽ ഉയർന്ന നിർദേശത്തിനു മറുപടിയായാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതടക്കം യുവജനങ്ങൾ മുന്നോട്ടുവച്ച വിവിധ ആശയ നിർദേശങ്ങൾ മുഖ്യമന്ത്രി വിശദമായി കേൾക്കുകയും സർക്കാർ തലത്തിൽ നടപ്പാക്കാവുന്ന കാര്യങ്ങൾ മറുപടിയായി അറിയിക്കുകയും ചെയ്തു. നവകേരള നിർമിതിയിൽ യുവാക്കളുടെ ആഗ്രഹങ്ങളും കാഴ്ചപ്പാടുകളും വിളിച്ചോതുന്നതായിരുന്നു മൂന്നര മണിക്കൂർ നീണ്ടുനിന്ന മുഖാമുഖം പരിപാടി.

സംസ്ഥാനത്തു പുതുതായി നിർമിക്കുന്ന റോഡുകളിൽ സൈക്കിൾ ട്രാക്കുകൾകൂടി ഉറപ്പാക്കണമെന്നു സൈക്ലറായ ജിൻസൺ സ്റ്റീഫനാണ് അഭിപ്രായപ്പെട്ടത്. തീരദേശ പാതയിൽ സൈക്കിൾ ട്രാക്ക് വരുന്നത് ടൂറിസം മേഖലയിൽ വലിയ കുതിപ്പുണ്ടാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

പേരിനൊപ്പം ജാതി ചേർക്കുന്ന പ്രവണത വർധിച്ചുവരുന്നതായി ഇതു സംബന്ധിച്ചു ഗായകൻ ഇഷാൻ ദേവ് ഉന്നയിച്ച വിഷയം മുൻനിർത്തി മുഖ്യമന്ത്രി പറഞ്ഞു. തന്റെ കുട്ടിയോട് സ്‌കൂളിൽ ചില കുട്ടികൾ ജാതി ഏതാണെന്നു ചോദിക്കുന്നുവെന്ന് ഇഷാൻ ഉയർത്തിക്കാട്ടിയ പ്രശ്നം നാട്ടിൽ വരുന്ന വലിയൊരു പ്രവണതയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. തന്റെ പേരിനൊപ്പമുണ്ടായിരുന്ന ഒരു ഭാഗം ഉപേക്ഷിച്ചാണു മന്നത്തു പത്മനാഭൻ നവോത്ഥാനത്തിനു നേതൃത്വം നൽകുന്ന നേതാവായി നിലകൊണ്ടത്. പിന്നീടുള്ള കാലം ജാതി വ്യക്തമാക്കുന്നതരത്തിലുള്ള പേരുകൾ ഒഴിവാക്കിയിരുന്നു. എന്നാൽ ഇപ്പോൾ കുട്ടി പഠിക്കാൻ ചെല്ലുമ്പോൾ പേരിനു പിന്നാലെ ഒരു ജാതിപ്പേരുകൂടി ചേർക്കുകയാണ്. അച്ഛനും അമ്മയും ജാതിയുടെ പേരിൽ അറിയപ്പെട്ടിട്ടില്ല. പക്ഷേ അവർതന്നെ കുട്ടിക്ക് ഇതു ചാർത്തിക്കൊടുക്കുകയാണ്. ഇതു നവോത്ഥാന മൂല്യങ്ങളിൽവരുന്ന കുറവാണ്. മനുഷ്യത്വമാണു ജാതിയെന്നതാണു നാട് പഠിച്ചുവന്നത്. ആ നിലയിലേക്ക് ഉയരാൻ കഴിയണം. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണം പേരിന്റെയോ ജാതിചിന്തയുടേയോ കാര്യത്തിൽ മാത്രമല്ല സമൂഹത്തിൽ നിലനിന്നിരുന്ന ജീർണതകൾക്കെതിരേകൂടിയായിരുന്നു. അത് കൂടുതൽ ശക്തമായി ഉയർത്തിക്കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലകളിൽ ചലച്ചിത്രോത്സവം എന്ന ആശയം പരിശോധിക്കാം

ഐ.എഫ്.എഫ്.കെ. എല്ലാ ജില്ലകളിലും സംഘടിപ്പിക്കാൻ കഴിയുമോയെന്നതായിരുന്നു നടി അനശ്വര രാജന്റെ ചോദ്യം. നിർദേശം നല്ലതാണെങ്കിലും ചില പ്രായോഗിക പ്രശനങ്ങളുള്ളതിനാൽ കൂടുതൽ സമഗ്ര പരിശോധനയ്ക്കു വിധേയമാക്കി തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാരിലേക്കു കൂടുതൽ വ്യാപകമായ രീതിയിൽ സിനിമയെ എത്തിക്കുന്നതിനുള്ള നടപടികൾ സംബന്ധിച്ചും കൂടുതൽ ചർച്ചയാകാമെന്നു മുഖ്യമന്ത്രി പറഞ്ഞു. എൻജിനീയറിങ് മേഖലയിൽ പ്രായോഗിക വിദ്യാഭ്യാസത്തിനു കൂടുതൽ പ്രാധാന്യം നൽകണമെന്ന് ശാസ്ത്ര മേഖലയിൽനിന്നു പങ്കെടുത്ത ഡോ. സി.എസ്. അനൂപ് പറഞ്ഞു. എൻജിനീയറിങ് വിദ്യാർഥി കോഴ്സ് കഴിഞ്ഞു പ്രായോഗിക ജീവിതത്തിലേക്കു കടക്കുമ്പോൾ അതിന്റെ ഭാഗമായുള്ള പ്രായോഗിക ജ്ഞാനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സ്‌കിൽ ഡെവലപ്മെന്റ് പരിപാടികൾ സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണെന്നു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കാലഘട്ടത്തിന് ആവശ്യമായി വരുന്ന എല്ലാ കോഴ്സുകളും പഠിപ്പിക്കാനുള്ള നടപടി സർക്കാർ സ്വീകരിച്ചുവരികയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇതിന്റെ ഭാഗമായുള്ള വലിയ മാറ്റങ്ങൾ പ്രകടമായിത്തുടങ്ങിയിട്ടുണ്ട്.

സിനിമയിൽ അവസരത്തിനു കൊതിക്കുന്ന യുവാക്കൾക്കു സർക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും സഹായം ചെയ്യാനാകുമോയെന്ന് നടൻ അർജുൻ അശോക് മുഖ്യമന്ത്രിയോടു ചോദിച്ചു. ഇതുമായി ബന്ധപ്പെട്ടു സർക്കാർ ചില സഹായങ്ങൾ നൽകുന്നുണ്ടെന്നും കൂടുതൽ ചെയ്യാനുള്ള കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി മറുപടി നൽകി. സിനിമയുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങൾ പഠിക്കാൻ പാഠ്യപദ്ധതിയിൽ മാറ്റം വരുത്താമോയെന്ന കാര്യങ്ങൾ വിദഗ്ധ സമിതിയുടെ പരിഗണനയ്ക്കു വിടാമെന്നു ഫാഷൻ ഫോട്ടോഗ്രാഫറായ ആഘോഷ് വൈഷ്ണവിന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

വിദേശ അവസരങ്ങൾ പരമാവധി ഉപയോഗിക്കാൻ കഴിയുംവിധം സംസ്ഥാനത്തു ലോക നിലവാരത്തിലുള്ള പരിശീലന കേന്ദ്രങ്ങൾ തുടങ്ങണമെന്നു പ്രവാസി പ്രതിനിധിയായി പങ്കെടുത്ത അമീർ കല്ലുപ്പുറം അഭിപ്രായപ്പെട്ടു. വിദേശ ഭാഷകൾ പഠിപ്പിക്കുന്ന പ്രവർത്തനങ്ങൾ നഴ്സിങ് മേഖലയുമായി ബന്ധപ്പെടുത്തി സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി മറുപടി നൽകി. കൂടുതൽ ഭാഷകളിൽ ഈ രീതിയിൽ പരിശീലനം നൽകേണ്ടതുണ്ടെങ്കിൽ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഉപരിപഠനത്തിനു വിദേശത്തു പോകുന്നവരെ തടയേണ്ട

വിദ്യാർഥികൾ ഉപരിപഠനത്തിനായി കേരളം വിടുന്ന സാഹചര്യം ഒഴിവാക്കാൻ എന്തു ചെയ്യാൻ കഴിയുമെന്നായിരുന്നു യദു പഴയിടത്തിന്റെ ചോദ്യം. ഇതു തടഞ്ഞു നിർത്തേണ്ട കാര്യമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേരളത്തിലെ വിദ്യാർഥികൾ കുഞ്ഞുന്നാൾ മുതൽ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടാണു വളരുന്നത്. പഠനവുമായി ബന്ധപ്പെട്ട് ഏതുതരം കോഴ്സ്, ഏതു സ്ഥാപനം, എവിടെയുള്ളത് തുടങ്ങിയവയെക്കുറിച്ചെല്ലാം അവർക്കു മനസിൽ ധാരണയുണ്ട്. പഴയ തലമുറയെപ്പോലെയല്ല. അതുകൊണ്ടുതന്നെ വിദേശത്തേക്കു പോകാനുള്ള അവരുടെ പ്രവണത പൂർണമായി തടയാൻ കഴിയില്ല. രാജ്യത്തുനിന്നു പുറത്തു പോയി പഠിക്കുന്ന വിദ്യാർഥികളിൽ നാലു ശതമാനം മാത്രമാണു കേരളത്തിൽനിന്നുള്ളവർ. ഇത് ആശങ്കപ്പെടേണ്ട കണക്കല്ല. ഇവരെ തടയലല്ല, ഇവിടെ കൂടുതൽ മെച്ചപ്പെട്ട നലവാരത്തിലേക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉയർത്തലാണ് സർക്കാരിന്റെ ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പശ്ചാത്തല സൗകര്യം മികച്ച രീതിയിൽ വർധിക്കണം. രാജ്യാന്തര നിലവാരത്തിലുള്ളവയടക്കം മികച്ച ഹോസ്റ്റലുകളുണ്ടാകണം. പശ്ചാത്തല സൗകര്യത്തിനൊപ്പം കാലികമായ കോഴ്സുകളും വരണം. ഇപ്പോൾത്തന്നെ ഈ മേഖലയിൽ വലിയ മാറ്റം വന്നിട്ടുണ്ട്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ ഉയരങ്ങളിലെത്തണം. ഇവിടുത്തെ മികവ് അറിഞ്ഞു മറ്റു സ്ഥലങ്ങളിൽനിന്നു കുട്ടികൾ ഇവിടേയ്ക്കു വരുന്ന നിലയിലുള്ള മാറ്റമാണ് ഉണ്ടാകേണ്ടത്.

ദേശീയ ഗെയിംസിൽ മെഡലുകൾ നേടുന്ന കായികതാരങ്ങൾക്കു കേരളത്തിന്റേതായ ജോലിയിൽ പ്രവേശിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നു ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് പി.യു. ചിത്ര അഭിപ്രായപ്പെട്ടു. കായിക താരങ്ങൾക്കു സർക്കാർ മികച്ച പരിഗണന നൽകുന്നുണ്ടെന്നും ജോലി നൽകുന്നതടക്കമുള്ള കാര്യത്തിൽ വേഗത കൂട്ടാൻ കഴിയുമോയെന്നു പരിശോധിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളോത്സവം പോലുള്ള പരിപാടികൾ പ്രവാസി മലയാളികൾക്കിടയിൽ സംഘടിപ്പിക്കുന്നതിനെക്കുറിച്ചു സർക്കാർ ആലോചിക്കണമെന്നു പ്രവാസിയായ റസിയ നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ആലോചനകൾ നേരത്തേ നടന്നിരുന്നതായും ഇക്കാര്യത്തിൽ വേണ്ട നടപടിയെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ട്രാൻസ്ജെൻഡർ വിഭാഗക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ സർക്കാർ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശ്യാമയുടെ നിർദേശം ഗൗരവമായി പരിഗണിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു.

ആദിവാസി മേഖലയ്ക്കു മുന്തിയ പരിഗണന

ആദിവാസി മേഖലയ്ക്ക് സൗജന്യങ്ങൾ നൽകുന്നതിനുപകരം തൊഴിൽ നൽകി അവരെ സ്വയംപര്യാപ്തരാക്കുന്ന നടപടികൾക്കാണു മുൻതൂക്കം നൽകേണ്ടതെന്ന് ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന പ്രസാദ് അഭിപ്രായപ്പെട്ടു. ആദിവാസി മേഖലയിൽ തൊഴിൽ നൽകുന്നതിനു സർക്കാർ പ്രാമുഖ്യം നൽകുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. പൊലീസ്, ഫോറസ്റ്റ്, എക്സൈസ് വകുപ്പുകളിൽ ഇതുമായി ബന്ധപ്പെട്ടു നടപടി സ്വീകരിച്ചു. വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഇവർക്ക് ആവശ്യമായ തൊഴിൽ നൽകുകയെന്നതാണു സർക്കാരിന്റെ നയം. ഇവർക്കായി പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഇവരെ ഒരു ഘട്ടം കഴിഞ്ഞാൽ പ്രത്യേകം നിർത്തി പഠിപ്പിക്കേണ്ടതുണ്ടോ മറ്റുള്ളവർക്കൊപ്പം വിദ്യാഭ്യാസ രംഗത്ത് കൂടിച്ചേരലുകൾ ഉണ്ടാക്കുന്ന മാറ്റമല്ലേ വേണ്ടതെന്ന ചിന്തയുമുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഐ.എസ്.ആർ.ഒയുടെ മൂന്നു പ്രധാന കേന്ദ്രങ്ങളുള്ള കേരളത്തിൽ സ്പേസ് ഹബ് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിക്കണമെന്നു ശാസ്ത്ര മേഖലയിൽനിന്നു പങ്കെടുത്ത ഡോ. അമ്പിളി അഭിപ്രായപ്പെട്ടു. ഇതു നല്ല നിർദേശമാണെന്നും അതിന്റെ ഭാഗമായുള്ള നടപടികൾ സർക്കാർ നിലവിൽ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി മറുപടി നൽകി. സോഷ്യൽ മീഡിയ കണ്ടെന്റ് ക്രിയേറ്റേഴ്സിന് സർക്കാർ മേഖലയിൽ അക്കാദമി ആരംഭിക്കണമെന്ന വിഷ്ണു കടൽമച്ചാന്റെ നിർദേശം പരിശോധിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു. കാർഷിക മേഖലയിലേക്കു കൂടുതലായി യുവാക്കളെ കൊണ്ടുവരാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കണമെന്നു ജൈവ പച്ചക്കറി കർഷകൻ റോബർട്ട് അഭിപ്രായപ്പെട്ടു. കാർഷിക മേഖലയിൽ യുവാക്കൾ കൂടുതലായി വരുന്നില്ലെന്നതു ശരിയാണെന്നും യുവാക്കൾ കൂടുതലായി കാർഷിക മേഖലയിലേക്കു വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ല വിദ്യാഭ്യാസം ലഭിച്ചു വിവിധ ജോലികളിൽ ഇരുന്നവർ കാർഷിക വൃത്തിയിലേക്കു വന്നിട്ടുണ്ട്. കാർഷിക രംഗത്തു വലിയതോതിലുള്ള സാങ്കേതിക മാറ്റങ്ങൾ വരുന്നുണ്ടെന്നും അത് ശരിയായി ഉപയോഗിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നീന്തൽ പരിശീലനം വിദ്യാലയങ്ങളിൽ

മുങ്ങിമരണങ്ങൾ ഒഴിവാക്കാൻ വിദ്യാർഥികൾക്കു സ്‌കൂൾതലത്തിൽ നീന്തൽ പരിശീലനം നൽകണമെന്നു സാഹസിക നീന്തൽ മേഖലയിലുള്ള ഡോൾഫിൻ രതീഷ് പറഞ്ഞു. നീന്തൽ പരിശീലനത്തിനു നല്ല പ്രാധാന്യം നൽകുന്നുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി എല്ലാ വിദ്യാർഥികളും നീന്തൽ പഠിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. പല സ്‌കൂളുകളും ഇതു നടപ്പാക്കുന്നുണ്ട്. അതു പൂർണതയിലെത്തിക്കാൻ കഴിയുംവിധം വിദ്യാഭ്യാസ കാലം ക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാത്രി 10 മണിക്ക് സ്റ്റേജ് പരിപാടികൾ നിർത്തണമെന്ന നിബന്ധന കലാകാരന്മാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നു രാജേഷ് ചേർത്തല അഭിപ്രായപ്പെട്ടു. കലാപരിപാടികൾ എത്ര മണിവരെയാകാമെന്ന പ്രശ്നമുണ്ടെന്നും കലാപരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ വലിയ സ്പീക്കറുകൾ ഉപയോഗിക്കുന്നതു പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നിർദേശം സംബന്ധിച്ചു പൊതുവിൽ ആലോചിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർക്കല ബീച്ചിൽ നൈറ്റ് ലൈഫ് പ്രവർത്തനങ്ങൾക്കു പൊലീസ് അനുവദിക്കുന്നില്ലെന്നും വർക്കലപോലെ നൈറ്റ് ലൈഫ് കേന്ദ്രങ്ങൾ കൂടുതൽ പ്രാധാന്യം നൽകുകയാണു വേണ്ടതെന്നും യുട്യൂബർ യാസിർ അഭിപ്രായപ്പെട്ടു. എന്നാൽ നൈറ്റ് ലൈഫ് പദ്ധതികൾ ചില പ്രദേശങ്ങളിൽ സ്വന്തമായി പ്രഖ്യാപിച്ചു നടത്തേണ്ടതല്ലെന്നും സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാകാം പൊലീസ് ഇത്തരം നടപടികളെടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വർക്കലയടക്കമുള്ള സ്ഥലങ്ങളിൽ നൈറ്റ് ലൈഫ് സാധ്യതകൾ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ സയൻസ് പാർക്കിൽ കേരളത്തിന്റെ ഉത്പന്നങ്ങൾക്കു പ്രാധാന്യം നൽകണമെന്നായിരുന്നു റോബോട്ട് സായയുടെ അഭിപ്രായം. റോബോട്ടിക് കമ്പനികൾക്ക് ഉത്പന്നങ്ങൾ വികസിപ്പിക്കാൻ ഡിജിറ്റൽ സയൻസ് പാർക്കിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമെന്ന് ഇതിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close