Kerala

കേരളത്തിന്റെ പുരോഗതി മുന്‍കൂട്ടി കണ്ട ദീര്‍ഘദര്‍ശിയാണ് മഹാകവി ജി ശങ്കരക്കുറുപ്പ്: മുഖ്യമന്ത്രി

അഞ്ച് കോടി രൂപ ചെലവില്‍ പൂര്‍ത്തിയായ ജി.സ്മാരകം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കേരളത്തിന്റെ എല്ലാ രീതിയിലുമുള്ള പുരോഗതിയും മുന്‍കൂട്ടി കണ്ട ദീര്‍ഘദര്‍ശിയാണ് മഹാകവി ജി ശങ്കരക്കുറുപ്പ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹൈക്കോടതിക്ക് സമീപം എറണാകുളം മറൈന്‍ഡ്രൈവില്‍ പൂര്‍ത്തിയായ ജി.സ്മാരകം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളം വെറുമൊരു കൊച്ചു കേരളമല്ല ഇന്ന്. ലോക കേരളമാണ് എന്നും നമ്മുടേത് ഈ ചെറുവട്ടത്തില്‍ മാത്രമുള്ള ഭാഷയല്ല, ലോക ഭാഷ തന്നെയാണ് എന്നുള്ള കാഴ്ചപ്പാടോടെ ലോക കേരള സഭ ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി സര്‍ക്കാര്‍ നീങ്ങുന്ന ഘട്ടമാണിത്. കേരളത്തിന്റെ യശസ്സ്,  ഉയര്‍ത്തിക്കാട്ടുന്ന മാതൃകകള്‍ ഇതെല്ലാം ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രങ്ങളാകുന്ന പ്രത്യേക ഘട്ടമാണ്. ഇത്തരമൊരു ഘട്ടം കേരളത്തിനുണ്ടാകുമെന്ന് മഹാകവി ജി ശങ്കരക്കുറുപ്പ് കണ്ടിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അല്ലെങ്കില്‍ ‘ഹാ വരും വരും നൂന മദ്ദിനം, എന്‍ നാടിന്റെ നാവനങ്ങിയാല്‍ ലോകം ശ്രദ്ധിക്കും കാലം വരും…’ എന്ന് അന്നേ അദ്ദേഹം എഴുതിവെക്കുമായിരുന്നില്ലല്ലൊ എന്ന് മുഖ്യമന്ത്രി പറഞ്ഞു.  ജി പ്രവാചക മനോഭാവത്തോടെയെന്നോണം പറഞ്ഞതു സത്യമായിരിക്കുന്നുവെന്നും  കേരളത്തിന്റെ നാവനങ്ങിയാല്‍ ലോകം ശ്രദ്ധിക്കുന്ന കാലം വന്നിരിക്കുന്നുവെന്നും മുഖ്യമന്ത്രി  പറഞ്ഞു.  

ലോക കേരള സഭയില്‍ നമ്മളതു കണ്ടു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പല രംഗങ്ങളിലും നമ്മള്‍ തീര്‍ത്ത മാതൃകകള്‍ ലോകം പഠിക്കുന്നതിലും ജി.യുടെ പ്രവചനം നമ്മള്‍ കണ്ടു. വിനാശകരമായ ഒരു പ്രളയത്തെയും അതിന്റെ കെടുതികളെയും നമ്മള്‍ നേരിട്ടത്തിന്റെ പ്രത്യേകതകളെ ലോകം വാഴ്ത്തുന്നതില്‍ നമ്മളതു കണ്ടു. മഹാമാരിയുടെ പ്രതിരോധത്തിലടക്കം നമ്മള്‍ ചെയ്ത കാര്യങ്ങളെ ലോകം പ്രശംസിക്കുന്നതില്‍ നമ്മളതു കണ്ടു. നമ്മള്‍ വിജ്ഞാന സമ്പദ്ഘടനയും നൂതനത്വസമൂഹവും സൃഷ്ടിക്കുമ്പോള്‍ അതിന്റെ രീതികള്‍ പഠിക്കാന്‍ ലോകം ഇവിടേക്കെത്തുന്നതിലും നമ്മള്‍ അതു കണ്ടു. സത്യമാണ്. മഹാകവി ജി പറഞ്ഞതുപോലെ, കേരളത്തിന്റെ നാവനങ്ങുമ്പോള്‍ ലോകം ശ്രദ്ധിക്കുന്ന കാലം എന്നതു സ്വപ്നമല്ല, യാഥാര്‍ത്ഥ്യമാണെന്ന് വന്നിരിക്കുന്നു.

നാടിന്റെ ഈ പുരോഗതി മുന്‍കൂട്ടി പ്രവചിച്ച മഹാകവിക്ക് ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് സ്മാരക മന്ദിരം ഉയരേണ്ടത്. ആ നിലയ്ക്കു കൂടി ഔചിത്യപൂര്‍ണ്ണമായിരിക്കുന്നു ജി.സ്മാരകത്തിന്റെ ഉദ്ഘാടനച്ചടങ്ങ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഇന്ത്യയിലെ മറ്റൊരു ഭാഷയ്ക്കും പിന്നിലല്ല മലയാള ഭാഷയും സാഹിത്യവും എന്നതു സ്ഥാപിച്ചെടുക്കുന്നതു സാഹിത്യകാരന്മാരാണ്. ഒരു ദേശീയ പുരസ്‌കാരം നമ്മുടെ ഭാഷയിലേക്കും സാഹിത്യത്തിലേക്കും എത്തുമ്പോള്‍ നമ്മുടെ ഭാഷയും സാഹിത്യവും ദേശീയ തലത്തില്‍ കൂടുതല്‍ സ്ഥാപിതമാകുകയാണ്. ഒരേയൊരു ഭാഷ, ഒരേയൊരു സംസ്‌കാരം എന്ന മുദ്രാവാക്യം ദേശീയ തലത്തില്‍ തന്നെ ഉയരുമ്പോള്‍ അതിനു നല്‍കാവുന്ന ഏറ്റവും നല്ല മറുപടികളിലൊന്ന്, ഈ വിധത്തില്‍ ഭാഷ കൊണ്ടും സാഹിത്യം കൊണ്ടും നമ്മുടെ മേല്‍വിലാസം ദേശീയ തലത്തില്‍ ഉറപ്പിക്കുക എന്നതാണ്. നമ്മുടെ ഭാഷ ഈ വിധത്തില്‍ ദേശീയ തലത്തില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ ഒരേയൊരു ഭാഷ മതി എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല.

ഭാഷയെയും സാഹിത്യത്തെയും ഇന്ത്യയുടെ സംസ്‌കാരിക വൈവിധ്യത്തെയും കുറിച്ച് ഏറെ അഭിമാനിച്ച വ്യക്തിയാണു മഹാകവി ജി. അദ്ദേഹം രാജ്യസഭാംഗമായിരുന്നു. നമ്മുടെ സാംസ്‌കാരികതയ്ക്കു കൈവന്ന അംഗീകാരമായിരുന്നു അത്. അന്ന് രാജ്യസഭയില്‍ നമ്മുടെ ഭാഷയ്ക്കും സംസ്‌കാരത്തിനും വേണ്ടി മഹാകവി ജി നടത്തിയ പ്രസംഗങ്ങള്‍, ഇടപെടലുകള്‍ എന്നിവയൊന്നും നാട് മറക്കില്ല. രാജ്യസഭാംഗത്വം മുതല്‍ ജ്ഞാനപീഠ പുരസ്‌കാരം വരെയുള്ളവ കൊണ്ടു ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട മഹാകവിക്ക് ഉചിതമായ ഒരു സ്മാരകം ഇവിടെ ഇല്ല എന്നത് ഒരു കുറവായിരുന്നു. ആ കുറവാണ് ഇപ്പോള്‍ പരിഹരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വ്യവസ്ഥിതിയുടെ അനീതിയെ എതിര്‍ത്ത ഉല്പതിഷ്ണുവായ കവി കൂടിയായിരുന്നു ജി. ‘നെല്ലും പണവും കുമിഞ്ഞവര്‍ക്കീ  കൊല്ലും കൊലയും കുലാധികാരം…’ എന്ന് ജന്മിത്വത്തിനെതിരെ എഴുതിയ കവിയാണ്. മതവൈരത്തിന്റെ സംസ്‌കാരത്തിനു ചിതയൊരുക്കുകയാണ് എന്ന് ഉത്കണ്ഠപ്പെട്ട കവിയാണ്. സോവിയറ്റ് യൂണിയന്‍ ഉദിച്ചുയര്‍ന്നപ്പോള്‍ ഭാവിയുടെ വഴി സോഷ്യലിസത്തിന്റേതാണെന്നു വിളിച്ചു പറഞ്ഞ കവിയാണിത്. കേവലം കാല്പനിക കവിയായും മിസ്റ്റിക് കവിയായും ഒക്കെ ജിയെ പരിമിതപ്പെടുത്തരുത്. പ്രഭുത്വത്തിനെതിരെ മുതല്‍ സാമ്രാജ്യത്വത്തിനെതിരെ വരെ കവിത എഴുതിയ മഹാകവിയാണ്. മിസ്റ്റിക് എന്നും മറ്റുമുള്ള വിശേഷണങ്ങളില്‍ ഈ യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കപ്പെടരുത്. ജിയുടെ പുരോഗമനോന്മുഖത ഉല്പതിഷ്ണുത്വം എന്നിവ ആ കവിതകളില്‍ നിന്നുതന്നെ കണ്ടെടുക്കാന്‍ ഉതകുന്ന പഠനങ്ങളും ഗവേഷണങ്ങളും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നമ്മുടെ സംസ്‌കാരത്തെ ശക്തിപ്പെടുത്തിയവര്‍ക്കു സ്മാരകമുണ്ടാക്കുന്നതില്‍ കാലതാമസം വന്നുകൂടായെന്നും ജി. സ്മാരകം എത്രയോ മുമ്പേ ഇവിടെ ഉയര്‍ന്നുവരേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. 

2000-2005 കാലത്താണ് സ്മാരക നിര്‍മാണത്തിനുള്ള ശ്രമമാരംഭിച്ചത്. മറൈന്‍ ഡ്രൈവില്‍ ഒരേക്കര്‍ സ്ഥലം ജി സ്മാരകത്തിന് വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായി. എന്നാല്‍, സ്ഥലം കോര്‍പ്പറേഷന്റെ കൈവശം എത്തിയില്ല. പിന്നീട് ജിയുടെ പൗത്രി
ഭന്ദ്ര ഡെപ്യൂട്ടി മേയറായിരുന്ന ഘട്ടത്തില്‍ ശ്രമമുണ്ടായിട്ടും രേഖാ മൂലമുള്ള സ്ഥലക്കൈമാറ്റം നടന്നില്ല. 
ഒടുവില്‍ ഇത് പൂര്‍ത്തീകരിക്കാന്‍ ഇക്കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് മറൈന്‍ ഡ്രൈവിലെ 25 സെന്റ് സ്ഥലം കോര്‍പ്പറേഷന് രേഖാമൂലം കൈമാറിയത്. സ്ഥലം കൈമാറ്റം നടന്നപ്പോഴാകട്ടെ, സ്മാരക നിര്‍മ്മാണ പ്രവര്‍ത്തനവുമായി  മുമ്പോട്ടു പോവാന്‍ അന്നത്തെ കൗണ്‍സില്‍ വലിയ താല്‍പര്യം കാട്ടിയില്ല. ഇപ്പോഴത്തെ  കൗണ്‍സില്‍ നിലവില്‍ വന്നതിനു ശേഷമാണ് ജി സ്മാരക നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമായത്. അപ്രോച്ച് റോഡ് ഒരുക്കി. സര്‍ക്കാര്‍ നല്‍കിയ 25 സെന്റ് സ്ഥലം സ്മാരക നിര്‍മാണത്തിനു യോജിക്കും വിധം രൂപപ്പെടുത്തിയെടുക്കാനും കഴിഞ്ഞു. ആധുനിക രൂപകല്പനകളോടെ കേരളത്തിന്റെ സാംസ്‌കാരിക തനിമയ്ക്കിണങ്ങുംവിധം മനോഹരമായ ജി സ്മാരകം നിര്‍മ്മിക്കുകയും ചെയ്തു. ഇതു നടപ്പാക്കിയ മേയര്‍ എം.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള കൗണ്‍സിലിനെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. 

ജി ശങ്കരക്കുറുപ്പിന്റെ ജീവിതത്തെയും പ്രധാന കവിതകളെയും ആസ്പദമാക്കിയുള്ള ചിത്രീകരണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആര്‍ട്ട് ഗ്യാലറി, ഓടക്കുഴല്‍ ശില്പം, സാംസ്‌കാരിക നിലയം, ലൈബ്രറി എന്നിവ ഉള്‍പ്പെടെ 5,000 ചതുരശ്ര അടിയിലാണ് 5 കോടി രൂപയ്ക്ക് ജി.സ്മാരകം നിര്‍മ്മിച്ചത്. ഏഷ്യന്‍ – യൂറോപ്യന്‍ സാസ്‌കാരിക വൈവിധ്യത്തിന്റെയും സാംസ്‌കാരിക സമന്വയത്തിന്റെയും കേന്ദ്രമായ കൊച്ചിയുടെ മലയാള ഭാഷയ്ക്കുള്ള അഭിവാദനമായി കൂടി ഈ സ്മാരകത്തെ കണക്കാക്കാം. മലയാളിയെ കാവ്യാനുഭൂതികളിലേക്കാനയിച്ച ജിയോടൊപ്പം മലയാള ഭാഷയും ഈ സ്മാരകത്തിലൂടെ ആദരിക്കപ്പെടും. ദീര്‍ഘകാലം മഹാരാജാസിലെ അധ്യാപകനായിരുന്ന ജി.ക്ക് ഈ നഗരത്തില്‍ തന്നെ അദ്ദേഹത്തിന്റെ പേരില്‍ ഒരു സ്മാരകം തുറന്നുകൊടുക്കാന്‍ കഴിഞ്ഞത് ആഹ്‌ളാദഹരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് മുഖ്യാതിഥിയായി. ഹൈബി ഈഡന്‍ എം.പി, ടി.ജെ വിനോദ് എം.എല്‍.എ,  പ്രൊഫ.എം.കെ സാനു, മുന്‍ ചീഫ് സെക്രട്ടറി വി.പി ജോയ്, മുന്‍ മേയര്‍ സി.എം ദിനേശ് മണി, മുന്‍ ഡെപ്യൂട്ടി മേയറും മഹാകവി ജി.യുടെ കൊച്ചുമകളുമായ ബി. ഭദ്ര, നഗരസഭ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍ റനീഷ്, കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സി.ഇ.ഒ ഷാജി വി.നായര്‍, വിവിധ സ്ഥിരം സമിതികളുടെ അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സംസാരിച്ചു. 

സ്മാരക മന്ദിരത്തിന്റെ ആര്‍ക്കിടെക്ട് ഗോപകുമാര്‍, നഗരസഭ എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ അമ്പിളി എന്നിവരെ മുഖ്യമന്ത്രി ചടങ്ങില്‍ ആദരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close