Kerala

സംസ്ഥാനത്തെ 4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകൾ ആധുനികവത്ക്കരിക്കുന്നു

*ഓരോ ഫുഡ് സ്ട്രീറ്റിനും ഒരു കോടിയുടെ വീതം ഭരണാനുമതി

കേരളത്തിൽ നാലെണ്ണം ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 100 ജില്ലകളിലായി കേന്ദ്ര ആരോഗ്യ മന്ത്രാലയം, ഭവന-നഗരകാര്യ മന്ത്രാലയവുമായി സഹകരിച്ച് 100 ഫുഡ് സ്ട്രീറ്റുകൾ അഥവാ ഭക്ഷണ തെരുവുകൾ വികസിപ്പിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ചു. രാജ്യത്ത് എല്ലായിടത്തും   ശുചിത്വവും സുരക്ഷിതവുമായ ഭക്ഷണരീതി ഉറപ്പുവരുത്തുന്നതിനായി ഒരു മാതൃക സൃഷ്ടിക്കുന്നതിനുള്ള പൈലറ്റ് പ്രോജക്റ്റ് എന്ന നിലയിലാണ് ഈ സംരംഭം ഏറ്റെടുക്കുന്നത്. ഭക്ഷ്യവ്യാപാര മേഖലയിലും സമൂഹത്തിലും സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുക, അങ്ങനെ ഭക്ഷ്യജന്യ രോഗങ്ങൾ കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

മോഡേണൈസേഷൻ ഓഫ് 100 ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായി കേരളത്തിൽ 4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകൾ ആധുനികവത്ക്കരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ശംഖുമുഖം, ഇടുക്കി മൂന്നാർ, എറണാകുളം കസ്തൂർബാ നഗർ, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഫുഡ് സ്ട്രീറ്റുകൾ ആധുനികവത്ക്കരിക്കുന്നത്. ഈ ഫുഡ് സ്ട്രീറ്റുകളുടെ നവീകരണത്തിനായി ഒരു കോടി രൂപയുടെ വീതം ഭരണാനുമതി നൽകി. കേന്ദ്ര, സംസ്ഥാന ഫണ്ടുപയോഗിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രധാന നഗരങ്ങളിൽ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് നടപ്പിലാക്കി വരുന്നുണ്ട്. ഇതുകൂടാതെയാണ് ഫുഡ് സ്ട്രീറ്റുകൾ ആധുനികവത്ക്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഫുഡ് സ്ട്രീറ്റുകളിൽ നിന്നും ലഭിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷിതത്വവും ശുചിത്വവും ഉറപ്പാക്കുകയാണ് മോഡേണൈസേഷൻ ഓഫ് ഫുഡ് സ്ട്രീറ്റ്പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ പ്രവർത്തിക്കുന്ന ഫുഡ് സ്ട്രീറ്റുകൾ പദ്ധതിയിലൂടെ കൂടുതൽ മികവുറ്റതാക്കും. ഭക്ഷണത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങൾ കുറച്ച് പൊതുജനാരോഗ്യം വർധിപ്പിക്കുന്നതിനൊപ്പം പ്രാദേശിക തൊഴിൽ മേഖലയെ ശക്തിപ്പെടുത്താനും പദ്ധതിയിലൂടെ സാധിക്കും. സംസ്ഥാനത്തിന്റെ തനത് ഭക്ഷണങ്ങൾ ലഭ്യമാക്കുക വഴി ഫുഡ് ടൂറിസം മേഖലയിൽക്കൂടി പദ്ധതി മുതൽക്കൂട്ടാകും.

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേൽനോട്ടത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ ശംഖുമുഖത്തുള്ള ഫുഡ് സ്ട്രീറ്റാണ് നവീകരിക്കുന്നത്. നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണച്ചുമതല. എറണാകുളത്ത് കസ്തൂർബ നഗറിൽ ജി.സി.ഡി.എ. സഹകരണത്തോടെയും ഇടുക്കിയിലെ മൂന്നാറിൽ പഞ്ചായത്തിന്റെ സഹകരണത്തോടെയും കോഴിക്കോട് ബീച്ചിൽ കോർപ്പറേഷന്റെ സഹകരണത്തോടെയുമാണ് നവീകരണം പൂർത്തിയാക്കുന്നത്.

ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിൽപന കേന്ദ്രങ്ങൾ പ്രവർത്തിക്കുക. ഫോസ്ടാക് പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ഉറപ്പാക്കും. ഭക്ഷ്യ സുരക്ഷയോടൊപ്പം പരിസര ശുചിത്വത്തിനും പ്രാധാന്യം നൽകും. കൃത്യതയോടെയുള്ള മാലിന്യ സംസ്‌കരണ സംവിധാനവും കേന്ദ്രങ്ങളിൽ സജ്ജീകരിക്കും.

പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നവീകരണം വേഗത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ട് മാസത്തിനുള്ളിൽ തന്നെ നവീകരണം പൂർത്തിയാക്കി ഫുഡ് സ്ട്രീറ്റുകൾ തുറക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സഹകരണം പദ്ധതിക്കുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close