Kerala

കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പയിൻ സ്പർശ് 2024: ജനുവരി 30 മുതൽ രണ്ടാഴ്ചക്കാലം

കുഷ്ഠരോഗം കണ്ടെത്തി ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ ക്യാമ്പുകൾ

ദേശീയ കുഷ്ഠരോഗ നിവാരണ ദിനമായ ജനുവരി 30 മുതൽ സംസ്ഥാനത്ത് രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. പരിപാടിയുടെ ഭാഗമായി ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത്, വാർഡ് തലങ്ങളിൽ വ്യാപകമായി ബോധവത്കരണ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുന്നു. കുഷ്ഠരോഗം കണ്ടെത്തി ചികിത്സ ഉറപ്പാക്കാൻ ജില്ലകളുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. രോഗലക്ഷണങ്ങൾ കണ്ടാൽ സൗജന്യ പരിശോധനയും വിദഗ്ധ ചികിത്സ ഉറപ്പാക്കും. വാർഡ് അടിസ്ഥാനത്തിൽ ബോധവത്ക്കരണ ക്ലാസുകൾ, റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാന്റുകളും കേന്ദ്രീകരിച്ചുള്ള അവബോധ പ്രവർത്തനങ്ങൾ, പോസ്റ്റർ പ്രദർശനം, ഓഡിയോ സന്ദേശങ്ങൾ, മാധ്യമങ്ങളിലൂടെയുള്ള പ്രചരണം എന്നിവയാണ് ലക്ഷ്യമിടുന്നത്. രോഗ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേടിയാൽ കുഷ്ഠ രോഗം ഭേദമാക്കുവാനും അംഗവൈകല്യം തടയുവാനുമാകും. സർക്കാർ ആശുപത്രികളിലൂടെ സൗജന്യ ചികിത്സ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

വളരെ ശ്രദ്ധിക്കേണ്ട രോഗമാണ് കുഷ്ഠരോഗം. കുഷ്ഠ രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുപിടിക്കാവുന്ന വിധം പ്രത്യക്ഷപ്പെടുമെങ്കിലും രോഗം ശരീരഭാഗങ്ങളിൽ ബാധിക്കാനും സങ്കീർണതകളുണ്ടാക്കാനും വർഷങ്ങളെടുക്കും. ഇതു മൂലം രോഗ ലക്ഷണങ്ങൾ അവഗണിക്കപ്പെടുകയും രോഗം തിരിച്ചറിയാതെ പോകുകയും കൂടുതൽ ആളുകളിലേക്ക് രോഗം പകരുകയും ചെയ്യുന്നു. മരുന്ന് കഴിച്ചു തുടങ്ങിയാലുടൻ തന്നെ രോഗപ്പകർച്ച ഒഴിവാക്കുവാനും കഴിയും. സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ ഭാഗമായി നിവാരണം ചെയ്യുവാൻ ലക്ഷ്യമിട്ടിട്ടുള്ള രോഗമാണ് കുഷ്ഠം.

കുഷ്ഠരോഗം :- വായുവിലൂടെ പകരുന്ന ഒരു രോഗമാണ് കുഷ്ഠം. മൈക്കോബാക്റ്റീരിയം ലെപ്രെ എന്ന ബാക്ടീരിയ വഴി പകരുന്ന ഈ രോഗം പൂർണമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.

രോഗ ലക്ഷണങ്ങൾ :- തൊലിപ്പുറത്ത് കാണുന്ന സ്പർശനശേഷി കുറഞ്ഞ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകൾ, തടിപ്പുകൾ, ഇത്തരം ഇടങ്ങളിൽ ചൂട്, തണുപ്പ് എന്നിവ അറിയാതിരിക്കുക എന്നിവയാണ് കുഷ്ഠ രോഗത്തിന്റെ ലക്ഷണങ്ങൾ. നിറം മങ്ങിയതോ കട്ടികൂടിയതോ ആയ ചർമ്മം, വേദനയില്ലാത്ത വ്രണങ്ങൾ, കൈകാലുകളിലെ മരവിപ്പ്, ഞരമ്പുകളിലെ തടിപ്പ്, കണ്ണടയ്ക്കാനുള്ള പ്രയാസം തുടങ്ങിയവയും കുഷ്ഠരോഗ ലക്ഷണങ്ങൾ ആകാം.

രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് മൂന്നു മുതൽ അഞ്ചു വർഷം വരെ എടുക്കുന്നു. ആരംഭത്തിലേ ചികിത്സിച്ചാൽ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങൾ തടയുന്നതിനും രോഗപ്പകർച്ച ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. 6 മുതൽ 12 മാസം വരെയുള്ള വിവിധ ചികിത്സയിലൂടെ ഈ രോഗത്തെ പൂർണമായും ചികിത്സിച്ചു ഭേദമാക്കാം.

ചികിത്സയിലിരിക്കുന്ന രോഗിയിൽ നിന്നും രോഗാണുക്കൾ പകരില്ല. കേരളത്തിൽ കുഷ്ഠരോഗത്തിന്റെ നിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെങ്കിലും ഇപ്പോഴും കുഷ്ഠ രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്. കേരളത്തിൽ പതിനായിരത്തിൽ 0.14 എന്ന നിരക്കിലാണ് കുഷ്ഠരോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൂടാതെ കുട്ടികളിലും കുഷ്ഠരോഗം കണ്ടുപിടിക്കപ്പെടുന്നുണ്ട്. അതിനാൽ ശരീരത്തിൽ ഏതെങ്കിലും നിറവ്യത്യാസമുള്ള പാടുകളോ തടിപ്പുകളോ കണ്ടാൽ എത്രയും പെട്ടെന്ന് ഡോക്ടറുടെ അടുത്തെത്തി കുഷ്ഠരോഗമല്ല എന്ന് ഉറപ്പ് വരുത്തണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close