Kerala

യുവാക്കളുടെ മുഖം വാടാതെ നോക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തം: മുഖ്യമന്ത്രി

യുവാക്കൾ നാടിന്റെ മുഖമാണെന്നും അവരുടെ മുഖം വാടാതെ നോക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമായി കാണുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. യുവാക്കളുടെ മുഖം വാടിയാൽ വരും തലമുറകളുടെ കാര്യമാകെ ഇരുളിലാകും. അതു സഹിക്കാൻ കഴിയുന്നതല്ല. അതുകൊണ്ടുതന്നെ യുവാക്കൾക്ക് ഏറ്റവും വലിയ കരുതൽ സർക്കാരിൽ നിന്നുണ്ടാകും – മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സദസിന്റെ തുടർച്ചയായി സംസ്ഥാനത്തെ യുവജനങ്ങളുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളുമായി നന്നായി ഇടപഴുകുന്നവരാണ് ഇന്നു സർക്കാരിലുള്ളതെന്നും യുവാക്കൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഏകദേശ ധാരണ സർക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അവയൊക്കെ മനസ്സിൽ വെച്ചുകൊണ്ടു തന്നെയാണ് സർക്കാർ നീങ്ങുന്നത്. ഒരു വിഭാഗത്തെയും കൈവിടില്ല. എല്ലാ വിഭാഗത്തെയും ഉൾച്ചേർത്തുള്ള മുന്നോട്ടുപോക്കാണ് സർക്കാരിന്റെ മനസിലുള്ളത്. യുവജനങ്ങളുടെ അഭിപ്രായങ്ങൾ ഇനിയുള്ള ഘട്ടങ്ങളിൽ സർക്കാർ നയങ്ങളിലും നിലപാടുകളിലും പ്രതിഫലിക്കുക തന്നെ ചെയ്യും. ചരിത്രത്തെത്തന്നെ മാറ്റിമറിക്കാൻ കഴിയുന്നവരാണു യുവജനങ്ങൾ. ഇന്നത്തെ കാലത്തിന് അനുസൃതമായ സാധ്യതകൾ  യുവാക്കൾക്ക് ഒരുക്കിക്കൊടുക്കാനാണു സർക്കാർ ശ്രമിക്കുന്നത്. ഈ ശ്രമത്തിനു കേരളത്തിലെ യുവജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പ്രധാനമാണ്. അവ ഉൾക്കൊണ്ടു മുന്നോട്ടുപോകണമെന്നാണു സർക്കാർ കരുതുന്നത്.

കേരളത്തിന്റെ നേട്ടങ്ങളെ ശക്തിപ്പെടുത്തണമെങ്കിൽ അതിന് അനുവദിക്കുന്ന സാമൂഹിക സാഹചര്യം ശക്തിപ്പെടണം. കേരളത്തിന്റെ മതനിരപേക്ഷ സമൂഹം രാജ്യത്തിനും ലോകത്തിനാകെയും മാതൃകയാണ്. അത്തരമൊരു സമൂഹത്തിലേ ജനങ്ങൾക്ക് ഒരുപോലെ പ്രാപ്യമാകുന്ന നേട്ടങ്ങളുണ്ടാക്കാനാകൂ. അതുകൊണ്ടു കേരളത്തിന്റെ ഈ സവിശേഷ സാമൂഹ്യ സാഹചര്യത്തെ സംരക്ഷിക്കണം. അതു തകർന്നാൽ ഒന്നും നേടാനാവില്ല. അതുകൊണ്ടു ജാതിരഹിതമായും മതാതീതമായും ചിന്തിക്കാനും പ്രവർത്തിക്കാനും യുവജനങ്ങൾ മുന്നോട്ടുവരണം. നവോത്ഥാന പ്രസ്ഥാനങ്ങളും അവ ഉയർത്തിപ്പിടിച്ച മൂല്യങ്ങളും പകരുന്ന ഊർജ്ജം ഉൾക്കൊണ്ടു സമൂഹത്തിന്റെ ഒരുമ നിലനിർത്തുന്നതും ശക്തിപ്പെടുത്തുന്നതുമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. സമൂഹത്തിന്റെ പുരോഗമനപരമായ മുന്നോട്ടുപോക്കിന് അത്യന്താപേക്ഷിതമായ ശാസ്ത്രാവബോധവും യുക്തിചിന്തയും വളർത്താനുള്ള പ്രവർത്തനങ്ങളുടെ മുൻപന്തിയിൽ കേരളത്തിലെ യുവജനങ്ങളുണ്ടാകണം.

ശാസ്ത്രവും സാങ്കേതികവിദ്യയും സാമൂഹിക – സാമ്പത്തിക പുരോഗതിക്കും സാമൂഹ്യപരിവർത്തനത്തിനും കൂടി ഉപകാരപ്പെടുവെന്ന് ഉറപ്പുവരുത്താനുള്ള നടപടികളുടെ ഭാഗമായാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഡിജിറ്റൽ സയൻസ് പാർക്ക്, ജീനോം ഡേറ്റാ സെന്റർ, ന്യൂട്രാസ്യൂട്ടിക്കൽസ് ഉൾപ്പെടെ വിവിധ മേഖലകളിലെ മികവിന്റെ കേന്ദ്രങ്ങൾ, ഡിഫൻസ് പാർക്ക്, സ്പേസ് പാർക്ക്, എ ഐ ക്യാമറ തുടങ്ങിയ സംവിധാനങ്ങളൊക്കെ കേരളത്തിൽ ഒരുക്കുന്നത്. സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തിക്കൊണ്ട് കൃഷിയെ മുതൽ ആതുരശുശ്രൂഷയെ വരെ നവീകരിക്കുകയാണ്. നാടിന്റെ വളർച്ചയ്ക്ക് കാർഷികവളർച്ച ഉണ്ടായേ തീരൂ. എന്നാൽ യുവാക്കൾ ആ രംഗത്തു നിന്നു മുഖം തിരിച്ചു നിൽക്കുന്ന അവസ്ഥയുണ്ട്. ആ നില മാറണം. കാർഷികവൃത്തിയിലേക്കു യുവാക്കളെ ആകർഷിക്കാൻ കഴിയണം. വ്യാവസായിക ഉത്പാദന വർദ്ധനവിനുള്ള നടപടികളുടെ ഭാഗമായണു സംരംഭക വർഷം, മിഷൻ 1000 ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുന്നത്. ഇവ കേരളത്തിന്റെ വ്യവസായ മേഖലയെ ചടുലമാക്കിക്കൊണ്ടിരിക്കുകയാണ്. ഉപഭോഗ സംസ്ഥാനമായ കേരളത്തെ ഉത്പാദക സംസ്ഥാനമാക്കി മാറ്റുകയും അതുവഴി ചെറുപ്പക്കാർക്ക് ആവശ്യമായ തൊഴിലുകൾ ലഭ്യമാക്കി ഉദ്യോഗാർഥി എന്ന തലത്തിൽ നിന്ന് ഉദ്യോഗ ദാതാക്കളായി നമ്മുടെ ചെറുപ്പക്കാരെ മാറ്റിയെടുക്കാനാണു സർക്കാരിന്റെ ശ്രമം.

ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് 2022-23 ൽ സംരംഭക വർഷം പദ്ധതി നടപ്പാക്കിയത്. ആദ്യത്തെ എട്ട് മാസംകൊണ്ടുതന്നെ പ്രതീക്ഷിച്ച ലക്ഷ്യം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം 1,39,000 ത്തിലധികം സംരംഭങ്ങൾ പുതുതായി നാട്ടിൽ സൃഷ്ടിക്കപ്പെട്ടു. മൂന്നു ലക്ഷത്തോളം തൊഴിലവസരങ്ങളും 8,500 കോടിയോളം രൂപയുടെ നിക്ഷേപവും ഇതുവഴിയുണ്ടായി. ഇതിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് ഈ സാമ്പത്തിക വർഷം സംരംഭക വർഷം 2.0 പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 91,000 ത്തോളം സംരംഭങ്ങൾ ആരംഭിക്കുകയും 6,100 കോടിയിലധികം രൂപയുടെ നിക്ഷേപം സമാഹരിക്കുകയും 1,90,000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. വ്യവസായ വളർച്ച ലക്ഷ്യമിട്ടു മിഷൻ 1000 എന്ന പദ്ധതി ആവിഷ്‌ക്കരിച്ചു. കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 1,000 എം എസ് എം ഇകളെ നാലു വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപ വിറ്റുവരവുള്ള സംരംഭങ്ങളാക്കി മാറ്റിത്തീർക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനോടകം 552 അപേക്ഷകൾ ലഭിച്ചു. 88 എണ്ണത്തിന്റെ പരിശോധന പൂർത്തിയാക്കി പദ്ധതിയിൽ ഉൾപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിന്റെ വ്യവസായ വളർച്ച 17.3 ശതമാനമാണ്.

ഉന്നതവിദ്യാഭ്യാസം സിദ്ധിച്ചിട്ടും തൊഴിലെടുക്കാൻ കഴിയാത്ത നിരവധി സ്ത്രീകൾ നാട്ടിലുണ്ട്. അവർക്ക് ലോക തൊഴിൽ വിപണിയിലേക്കുള്ള അവസരങ്ങൾ തുറന്നു നൽകുന്നതിനായി സർക്കാർ പല ഇടപെടലുകളും നടത്തുകയാണ്. വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം പോലുള്ളവ അതിന് ഉദാഹരണമാണ്. വ്യവസായങ്ങളെ പരിപോഷിപ്പിച്ചു തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണു സർക്കാരിന്റെ ലക്ഷ്യം. വർക്ക് എവേ ഫ്രം ഹോം പോലെ തൊഴിൽ രംഗത്തുണ്ടാകുന്ന മാറ്റങ്ങൾ ടൂറിസം രംഗത്തിനുകൂടി ഉപകാരപ്പെടും. പ്രാദേശിക ടൂറിസം വികസനത്തിലടക്കം ഇത് മികച്ച സംഭാവന നൽകും. സംരംഭകരാകാൻ താത്പര്യമുള്ളവർക്കു ശക്തമായ പിന്തുണയാണു സംസ്ഥാന സർക്കാർ നൽകുന്നത്. ആശയങ്ങളെ ഉൽപ്പന്നങ്ങളാക്കി പരിവർത്തിപ്പിക്കാൻ യുവാക്കൾക്കു പിന്തുണ നൽകുന്ന സ്റ്റാർട്ടപ്പ് നയമാണ് നടപ്പാക്കുന്നത്.

വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിംഗിലൂടെ സ്റ്റാർട്ടപ്പ് മേഖലയിൽ 5,500 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാൻ കഴിഞ്ഞു. സംസ്ഥാനത്തെ 778 സ്റ്റാർട്ടപ്പുകൾക്കായി 35 കോടി രൂപ വിതരണം ചെയ്തു. ഇതിന്റെയൊക്കെ ഫലമായി ദേശീയ സ്റ്റാർട്ടപ്പ് റാങ്കിംഗിൽ ബെസ്റ്റ് പെർഫോമർ പുരസ്‌ക്കാരം കേരളം സ്വന്തമാക്കി. സ്റ്റാർട്ടപ്പ് ജീനോമിന്റെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് പ്രകാരം അഫോർഡബിൾ ടാലന്റ് റേറ്റിംഗിൽ ഏഷ്യയിൽ ഒന്നാമതാണ് കേരളം. ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്ററായി യു ബി ഐ ഗ്ലോബൽ തെരഞ്ഞെടുത്തത് കേരള സ്റ്റാർട്ടപ്പ് മിഷനെയാണ്. കേരളത്തിലെ സ്റ്റാർട്ടപ്പുകളും പരമ്പരാഗത വ്യവസായങ്ങളും തമ്മിൽ സഹകരിക്കുന്ന സാഹചര്യം സൃഷ്ടിച്ചെടുക്കണം. നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഈ കാലത്ത് പരമ്പരാഗത വ്യവസായ മേഖലയിൽ നൂതന സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്താനും കഴിയണം. ലോക വസ്ത്ര വിപണിയിൽ മാറിവരുന്ന സങ്കൽപങ്ങൾക്കനുസരിച്ച് പുതിയ വിഭവങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിന് സ്റ്റാർട്ടപ്പ് മിഷന്റെ ഫാബ് ലാബുകൾ പ്രയോജനപ്പെടുത്തണം. ഓരോ മേഖലയ്ക്കും ഉതകുന്ന വിധത്തിൽ സ്റ്റാർട്ടപ്പുകളെ ഉപയോഗപ്പെടുത്താൻ യുവാക്കൾക്കു കഴിയണം. അതിനുള്ള എല്ലാ പിന്തുണയും സർക്കാർ നൽകും.

വ്യത്യസ്ത മേഖലകളിലെ തൊഴിലാളികൾക്ക് മിനിമം കൂലി നൽകാതെയിരിക്കുന്നതുമായി ബന്ധപ്പെട്ട പിഴ വർധിപ്പിച്ചുകൊണ്ട് 2017 ൽ മിനിമം വേജ് ആക്റ്റിൽ സർക്കാർ ഭേദഗതി കൊണ്ടുവന്നു. ഗിഗ് മേഖലയിലെ തൊഴിലാളികൾക്ക് ന്യായമായ വേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ഉറപ്പാക്കുന്നതിനായി ഗിഗ് സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുന്നതിനുള്ള ഒരു നയം രൂപീകരിക്കുന്ന കാര്യം സംസ്ഥാന സർക്കാർ ആലോചിച്ചുവരികയാണ്. ഓൺലൈൻ ഡെലിവറി ഏജന്റുമാർക്കായി ഒരു ക്ഷേമനിധി രൂപീകരിക്കുന്ന കാര്യവും പരിഗണനയിലാണ്. ഡിജിറ്റൽ ലേബർ പ്ലാറ്റ്‌ഫോമുകളും പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ കൂട്ടായ്മകളും തമ്മിലുള്ള തർക്ക പരിഹാരത്തിനു സർക്കാർ ഇടപെടുന്നുണ്ട്. കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് (ഭേദഗതി) നിയമം, 2018 വഴി ‘ഇരിക്കാനുള്ള അവകാശം’ ഉറപ്പാക്കിയത് വനിതകൾക്ക് ഏറെ പ്രയോജനകരമായി. 2017 ലെ മെറ്റേണിറ്റി ബെനഫിറ്റ് (ഭേദഗതി) നിയമം, 2017 ലെ വ്യാവസായിക തർക്ക (കേരള ഭേദഗതി) നിയമം എന്നിവയും പ്രസക്തമാണ്. കേരള സർക്കാർ ഗാർഹിക തൊഴിലാളി (നിയന്ത്രണവും ക്ഷേമവും) ബിൽ തയ്യാറാക്കിയിട്ടുണ്ട്. ഈ ബിൽ കൊണ്ടുവരന്നു ആദ്യ ഇന്ത്യൻ സംസ്ഥാനമാണു കേരളം. ഹോം നഴ്‌സുമാർക്കും വീട്ടുജോലിക്കാർക്കും ന്യായമായ വേതനവും ആരോഗ്യ ആനുകൂല്യങ്ങളും ശമ്പളത്തോടുകൂടിയ അവധിയും ലഭ്യമാക്കാനാണ് ബിൽ നിർദ്ദേശിക്കുന്നത്.

തൊഴിലാളിക്ഷേമം ഉറപ്പുവരുത്തിക്കൊണ്ടുതന്നെയാണു കേരളം വ്യവസായ മുന്നേറ്റം കൈവരിക്കുന്നത്. എന്നാൽ, കേരളത്തിൽ വ്യവസായങ്ങൾ വളരുന്നില്ലായെന്നും ഇവിടെ നിക്ഷേപങ്ങൾ നടത്താൻ കഴിയില്ലായെന്നും ഒക്കെ പ്രചരിപ്പിക്കുന്നവരുണ്ട്. ഇതു വസ്തുതാവിരുദ്ധമാണ്. ഗ്ലോബൽ സ്‌പൈസസ് പ്രോസസിങ്ങിന്റെ ഹബ്ബാണ് കേരളം. ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ആകെ ഒലിയോറെസിനുകളുടെ 50 ശതമാനത്തോളം കേരളത്തിലാണ് ഉത്പാദിപ്പിക്കുന്നത്. സീ ഫുഡ് പ്രോസസിംഗ് നടത്തുന്ന 75 ശതമാനം കമ്പനികൾക്കും യൂറോപ്യൻ യൂണിയൻ സർട്ടിഫിക്കേഷനുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. ലോകത്ത് ഏറ്റവുമധികം കൃത്രിമപ്പല്ലുകൾ ഉണ്ടാക്കുന്ന കമ്പനിയും, ഏഷ്യയിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് ഉത്പാദന കമ്പനിയും, ലോകത്തെ ഏറ്റവും വലിയ മെഡിക്കൽ എക്യുപ്‌മെന്റ് ഉത്പാദന കമ്പനികളിലൊന്നും കേരളത്തിലാണുള്ളത്. 25 വർഷത്തിലധികമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ലോകത്തെതന്നെ ഒരു മുൻനിര സോഫ്റ്റ്വെയർ കമ്പനി കേരളം ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് എയർബസ്, നിസാൻ, ടെക്ക് മഹീന്ദ്ര, എന്നിങ്ങനെയുള്ള ലോകോത്തര കമ്പനികൾ കേരളത്തിലേക്ക് വന്നത്. ഈ സർക്കാരിന്റെ കാലത്താകട്ടെ ടിസിഎസ്, ടാറ്റാ എലക്സി, ഐബിഎം തുടങ്ങിയ കമ്പനികൾ കേരളത്തിലെ തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയോ കേരളത്തിൽ പുതുതായി പ്രവർത്തനം ആരംഭിക്കുകയോ ചെയ്തിട്ടുണ്ട്. എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് ടോറസ് ഡൗൺടൗൺ എന്ന വൻകിട പദ്ധതി നടപ്പാക്കിയത് ഈ സർക്കാരിന്റെ കാലത്താണ്. കേരളം എത്രമാത്രം വ്യവസായ സൗഹൃദമാണ് എന്നതിന്റെ ഉദാഹരണങ്ങളാണ് ഇതൊക്കെ.

കേരളത്തിലെ പുതിയ കായികനയം യുവജനങ്ങളെ മുന്നിൽക്കണ്ടാണു തയാറാക്കിയിട്ടുള്ളത്. എല്ലാവർക്കും കായികരംഗത്ത് ശാസ്ത്രീയ മാനദണ്ഡങ്ങളോടെ വിദഗ്ധ പരിശീലനം നൽകി ഉന്നത നിലവാരമുള്ള കായികതാരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കായികനയം പ്രഖ്യാപിച്ചത്. യുവജനങ്ങൾക്ക് കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുള്ള കൂടുതൽ പദ്ധതികളും പരിപാടികളും ഇതുവഴി ഉണ്ടാകും. ഓരോ വാർഡിലും കളിക്കളം ഒരുക്കുന്നതിന് മുന്നോടിയായി എല്ലാ പഞ്ചായത്തുകളിലും കളിക്കളം എന്ന സർക്കാരിന്റെ വാഗ്ദാനം യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചു. കായികമേഖലയിൽ തൊഴിൽ നൈപുണ്യം വികസിപ്പിക്കാൻ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടും ആരംഭിക്കുകയാണ്.

പ്രളയത്തേയും മറ്റു പ്രകൃതി ദുരന്തങ്ങളേയും നിപ്പ, കോവിഡ് തുടങ്ങിയ മഹാമാരികളേയും അതിജീവിച്ചാണു നാം നവകേരളം സൃഷ്ടിക്കുന്നത്. എന്നാൽ, കേരളം ആർജ്ജിച്ച നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനും കേരളത്തെ സാമൂഹികമായും സാമ്പത്തികമായും തകർക്കാനും ഉള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇവയെല്ലാം അതിജീവിച്ചുവേണം നമുക്ക് മുന്നേറാൻ. കേരളത്തിന്റെ അതിജീവനത്തിന്റെ അന്തഃസത്ത ഉൾക്കൊള്ളാൻ നമ്മുടെ യുവാക്കൾക്കും കഴിയണം. പ്രതിസന്ധികളും വിഷമങ്ങളും ജീവിതത്തിലുണ്ടാകും. അവയെ മുറിച്ചുകടന്ന് മുന്നോട്ടുപോവുക, അതിനുള്ള കരുത്ത് ആർജ്ജിക്കുക എന്നതൊക്കെയാണു പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, എ.എ. റഹീം, മേയർ ആര്യ രാജേന്ദ്രൻ, വി.കെ. പ്രശാന്ത് എം.എൽ.എ, സംവിധായകനും നടനുമായ ബേസിൽ ജോസഫ്, അർജുൻ അശോക്, അനശ്വര രാജൻ, വിധു പ്രതാപ്, പി.യു. ചിത്ര, നിലീന അത്തോളി, ബി.കെ. ഹരിനാരായണൻ, അബിൻ ജോസഫ്, ഡോ അമ്പിളി, എൻ.കെ. ഷബിത, ശ്യാമ, ജില്ലാ കളക്ടർ ജെറോമിക് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close