Palakkad

സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊണ്ട്: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

75-ാം റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായി

എല്ലാ ജനങ്ങളെയും ഒരുപോലെ കണ്ടും തുല്യനീതി ഉറപ്പാക്കിയും ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത പൂര്‍ണമായും ഉള്‍ക്കൊണ്ടുമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കോട്ടമൈതാനത്ത് നടന്ന 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. കാലങ്ങളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ള ഭരണ സംവിധാനമാണിവിടെയുള്ളത്. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ ആരും ആക്രമിക്കപ്പെടാനോ മാറ്റിനിര്‍ത്തപ്പെടാനോ പാടില്ലെന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. സര്‍ക്കാരിന്റെ ഈ പരിശ്രമങ്ങള്‍ക്ക് എന്നും കരുത്താവുന്നത് ജനങ്ങളുടെ നിര്‍ലോഭമായ പിന്തുണയും സഹായ സഹകരണവുമാണ്. ഇന്ത്യ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് പ്രഖ്യാപിക്കുന്ന ഭരണഘടനയുടെ അന്തസത്ത കാത്തുസൂക്ഷിക്കാന്‍ അചഞ്ചലരായി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

ഭരണഘടനയുടെ അടിസ്ഥാനശിലകള്‍ക്ക് അനനുസൃതമായി ചിന്തയും പ്രവൃത്തിയും കരുപ്പിടിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് ആത്മ പരിശോധന നടത്തേണ്ട സമയമാണിത്. ഭരണഘടനാ മൂല്യങ്ങള്‍ തൃണവല്‍ക്കരിച്ചുകൊണ്ട് ഭരണകൂടം മുന്നോട്ട് പോകുന്നത് രാജ്യത്തെ വലിയ വിപത്തിലേക്ക് നയിക്കും. ഇന്ത്യന്‍ മതനിരപേക്ഷത എന്നാല്‍ മതത്തെയും ഭരണ സംവിധാനത്തെയും വേര്‍തിരിക്കുന്നതാണെന്ന ചിന്ത ഉയര്‍ത്തിപ്പിടിക്കുന്ന പാരമ്പര്യമാണ് നമുക്കുള്ളത്. രാജ്യത്ത് മതവും ഭരണസംവിധാനവും തമ്മിലുള്ള അകലം കുറഞ്ഞു വരികയാണ്. സംസ്ഥാനങ്ങള്‍ക്ക് ഭരണാവകാശം നല്‍കുന്ന ഫെഡറലിസമാണ് ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്. എല്ലാം കേന്ദ്രീകൃതമാക്കുന്നത് ജനാധിപത്യത്തിന് കടുത്ത വെല്ലുവിളിയാണ്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒരേ രാജ്യത്തെ ജനതയാണെന്ന ധാരണയോടെയും ജനാധിപത്യത്തിലും നീതിയിലും അധിഷ്ഠിതമായുമാണ് പരിഹരിക്കപ്പെടേണ്ടത്. നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്‍പം പൂര്‍ണമായ അര്‍ത്ഥത്തില്‍ പുലരുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മന്ത്രി സന്ദേശത്തില്‍ പറഞ്ഞു.

കോട്ടമൈതാനത്ത് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ദേശീയപതാക ഉയര്‍ത്തിയതോടെയാണ് ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായത്. കോട്ടമൈതാനത്തെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെ പരിപാടികള്‍ ആരംഭിച്ചു. 8.30 ന് പ്ലാറ്റൂണുകള്‍ പാടഗിരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മനോജ് കെ. ഗോപിയുടെ നേതൃത്വത്തില്‍ പരേഡിനായി അണിനിരന്നു. ദേശീയഗാനത്തിന് ശേഷം മന്ത്രി കെ. കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ചു. ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാന്‍ ഇ. കൃഷ്ണദാസ്, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്‍, അസിസ്റ്റന്റ് കലക്ടര്‍ ഒ.വി ആല്‍ഫ്രഡ്, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരേഡിന് ശേഷം വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി. എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയപതാക ഉയര്‍ത്തി. മധുരവിതരണവും കലാപരിപാടികളും അരങ്ങേറി.

പരേഡ്

കോട്ടമൈതാനത്ത് നടന്ന 75-ാമത് റിപ്പബ്ലിക് ദിനാഘോഷ പരേഡിന് പാടഗിരി പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മനോജ് കെ. ഗോപി നേതൃത്വം നല്‍കി. പരേഡില്‍ കെ.എ.പി സെക്കന്‍ഡ് ബറ്റാലിയന്‍, ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ്, പാലക്കാട് ലോക്കല്‍ പോലീസ്, പാലക്കാട് വനിതാ പോലീസ്, കേരളാ ഫോറസ്റ്റ്, കേരളാ എക്സൈസ്, കേരളാ ഫയര്‍ഫോഴ്സ്, കേരളാ ഹോംഗാര്‍ഡ്, പാലക്കാട് മേഴ്സി കോളെജ് 27 കെ ബറ്റാലിയന്‍ എന്‍.സി.സി സീനിയര്‍ വിങ് ഗേള്‍സ്, ഒറ്റപ്പാലം 28 കെ ബറ്റാലിയന്‍ എന്‍.സി.സി ഗേള്‍സ് ആന്‍ഡ് ബോയ്സ്, നെന്മാറ എന്‍.എസ്.എസ്. കോളെജ് 27 കെ ബറ്റാലിയന്‍ എന്‍.സി.സി സീനിയര്‍ വിങ് ആന്‍ഡ് ഡിവിഷന്‍ ബോയ്‌സ് ആന്‍ഡ് ഗേള്‍സ്, പാലക്കാട് പോളിടെക്‌നിക് കോളെജ് 27 കെ ബറ്റാലിയന്‍ എന്‍.സി.സി സീനിയര്‍ വിങ് ആന്‍ഡ് ഡിവിഷന്‍, പി.എം.ജി.എച്ച്.എസ്.എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ബോയ്‌സ്, കണ്ണാടി എച്ച്.എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ബോയ്‌സ്, കൊടുവായൂര്‍ ജി.എച്ച്.എസ്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് ബോയ്‌സ്, മരുതറോഡ് ടെക്‌നിക്കല്‍ സ്‌കൂള്‍ എസ്.പി.സി ബോയ്‌സ്, ജി.എച്ച്.എസ്. കോട്ടായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഗോള്‍സ്, സി.എ.എച്ച്.എസ്. കുഴല്‍മന്ദം സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഗേള്‍സ്, ഗവ മോയന്‍ മോഡല്‍ ജി.എച്ച്.എസ് പാലക്കാട് എസ്.പി.സി ഗേള്‍സ്, പാലക്കാട് ബി.ഇ.എം എച്ച്.എസ്.എസ് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് ഗേള്‍സ്, പത്തിരിപ്പാല മൗണ്ട് സീന എസ്.പി.സി ഗേള്‍സ്, എം.ആര്‍.എസ്. മുക്കാലി എസ്.പി.സി. ഗേള്‍സ്, മോയന്‍ സ്‌കൂള്‍ പാലക്കാട്, ജൂനിയര്‍ റെഡ് ക്രോസ് വി.ഐ.എം.എച്ച്.എസ് പല്ലശ്ശന പാലക്കാട്, ബി.ഇ.എം.എച്ച്.എസ്. പാലക്കാട്, മൂത്താന്തറ കര്‍ണകിയമ്മന്‍ എച്ച്.എസ്.എസ്., എം.ഇ.എസ്. ഒലവക്കോട്, ബി.ഇ.എം.എച്ച്.എസ്. പാലക്കാട്, കാണിക്കമാതാ എച്ച.എസ്.എസ്. പാലക്കാട്, കണ്ണാടി എച്ച്.എസ്.എസ്. പാലക്കാട്, സിവില്‍ ഡിഫന്‍സ് പാലക്കാട് എന്നിങ്ങനെ 31 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു.

പരേഡ് വിജയികള്‍

പോലീസ് വിഭാഗത്തില്‍ കെ.എ.പി സെക്കന്‍ഡ് ബറ്റാലിയന്‍ ഒന്നും ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് ക്യാമ്പ് രണ്ടും സ്ഥാനം നേടി. അണ്‍ ആംഡ് വിഭാഗത്തില്‍ കേരള അഗ്നിരക്ഷാസേന പാലക്കാട്, കേരള ഫോറസ്റ്റ് പ്ലാറ്റൂണ്‍ പാലക്കാട് ഒന്നും രണ്ടും സ്ഥാനം നേടി. എന്‍.സി.സി വിഭാഗത്തില്‍ പാലക്കാട് പോളിടെക്‌നിക് കോളെജ് ഒന്നാം സ്ഥാനവും പാലക്കാട് മേഴ്സി കോളെജ് രണ്ടാം സ്ഥാനവം നേടി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കെ.എച്ച്.എസ്. കണ്ണാടി ഒന്നാം സ്ഥാനവും പി.എം.ജി.എച്ച്.എസ്.എസ്. പാലക്കാട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എസ്.പി.സി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സി.എ.എച്ച്.എസ്. കുഴല്‍മന്ദം ഒന്നും ജി.എച്ച്.എസ്. കോട്ടായി രണ്ടും സ്ഥാനം നേടി.

ഗൈഡ്‌സ് വിഭാഗത്തില്‍ പാലക്കാട് മോയന്‍ ഗേള്‍സ് സ്‌കൂളിനാണ് ഒന്നാം സ്ഥാനം. ബി.ഇ.എം.എച്ച്.എസ്. പാലക്കാട് രണ്ടാം സ്ഥാനം നേടി. സ്‌കൗട്ട്സ് വിഭാഗത്തില്‍ പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസ് ഒന്നും മൂത്താന്തറ കര്‍ണകിയമ്മന്‍ ഹൈസ്‌കൂള്‍ രണ്ടും സ്ഥാനം നേടി. ഗൈഡ്സ് വിഭാഗത്തില്‍ പാലക്കാട് ഗവ മോയന്‍ ജി.എച്ച്.എസ്.എസ്, പാലക്കാട് ബി.ഇ.എം സ്‌കൂള്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടി. ബാന്‍ഡ് വിഭാഗത്തില്‍ പാലക്കാട് കാണിക്കമാത എച്ച്.എസ്.എസ് പാലക്കാട്, കണ്ണാടി എച്ച്.എസ്.എസ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ട്രോഫികള്‍ വിതരണം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close