EDUCATION

കേരള കേരളത്തിന്റെ കാലോചിതമായ വികസനത്തിന് കൂട്ടായ പ്രവർത്തനം അനിവാര്യം: മുഖ്യമന്ത്രി പിണറായി വിജയൻ

കാലോചിതമായ വികസനത്തിന് കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറവൂർ ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പറവൂർ മണ്ഡലം തല നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട്. നിരവധി പ്രതിസന്ധികൾക്കിടയിലും ഇതിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. നാട് മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നവരുടെ ജനക്കൂട്ടമാണ് നവകേരള സദസ്സിൽ കാണുന്നത്. നാടിന്റെ പൊതുവായ പ്രശ്നങ്ങളാണ് ജനങ്ങളെ അലട്ടുന്നത്. എന്നാൽ കേരളത്തിന്റെ വികസനത്തിന് തടസ്സം സൃഷ്ടിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഈ സമീപനം ജനസമക്ഷം അവതരിപ്പിക്കുന്നതിനാണ് നവ കേരള സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. പൊതുവികാരം ആണ് അത്. നാടിന്റെ താല്പര്യത്തിന് വിരുദ്ധമാണ് നവ കേരള സദസ്സിനെ ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ കക്ഷികളുടെ സമീപനം. രാഷ്ട്രീയകക്ഷി ഭേദമന്യേ നാടിന്റെ പുരോഗതി ലക്ഷ്യമിട്ട് പ്രവർത്തിക്കേണ്ട ഘട്ടമാണിത്. എന്നാൽ ചിലർ നാടിന്റെ വികസനവുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തെയും തള്ളിപ്പറയുന്നത് ന്യായീകരിക്കാൻ കഴിയില്ല. റീബിൽഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി വയനാട് തുരങ്കപാത നിർമ്മിക്കാൻ ശ്രമിച്ചപ്പോൾ ചിലർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. നാടിന്റെ വികസനം കൃത്യമായി നടന്നില്ലെങ്കിൽ അതിന്റെ പ്രയാസം അനുഭവിക്കേണ്ടി വരിക ഭാവി തലമുറയാണ്. ആരോഗ്യ പൊതു വിദ്യാഭ്യാസ മേഖലകളിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നില്ലെങ്കിൽ ഇന്നു കാണുന്ന നേട്ടം ഉണ്ടാക്കാൻ കഴിയുമായിരുന്നില്ല. മൂന്നര ലക്ഷത്തിലധികം വീടുകളാണ്
ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നിർമ്മിച്ചു നൽകിയത്. എന്നാൽ ഈ പദ്ധതിയെയും എതിർക്കാനും തകർക്കാനും ആണ് പ്രതിപക്ഷകക്ഷികൾ ശ്രമിച്ചത്. കേരളത്തെ ശ്വാസംമുട്ടിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെ എതിർക്കാൻ പ്രതിപക്ഷകക്ഷികൾ തയ്യാറാകുന്നില്ല. 

ഉന്നത വിദ്യാഭ്യാസ മേഖലയിലും പൊതു വിദ്യാഭ്യാസ മേഖലയിലും ഇനിയും ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. ഇത്തരം വികസന പദ്ധതികൾക്ക് നേതൃപരമായ പങ്കുവഹിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ നാട് ഇതുവരെ കാണാത്ത കൂട്ടായ്മയാണ് നവകേരള സദസ്സിൽ ഉണ്ടാകുന്നത്. ഈ ജനങ്ങളെ ഉൾക്കൊള്ളുന്നതിന് ആവശ്യമായ ഗ്രൗണ്ട് പോലും പലയിടങ്ങളിലും ഇല്ല എന്ന തിരിച്ചറിവും ഈ ഘട്ടത്തിൽ ഉണ്ടാവുകയാണ്. സർക്കാരിന് ധൈര്യമായി മുന്നോട്ടു പോകാനുള്ള കൃത്യമായ സന്ദേശമാണ് ഈ ജനക്കൂട്ടം നൽകുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

വടക്കേക്കര ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികളായ സി.എസ് വിഷ്ണു, അനീറ്റ എന്നിവർ തയ്യാറാക്കിയ മുഖ്യമന്ത്രിയുടെ ചിത്രം അദ്ദേഹത്തിന് സമ്മാനമായി നൽകി. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ചൈതന്യ ചന്ദ്രൻ വരച്ച ചിത്രവും മുഖ്യമന്ത്രിക്കു നൽകി.

മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, സജി ചെറിയാൻ, കെ. രാജൻ എന്നിവർ സംസാരിച്ചു. മന്ത്രിമാരായ
കെ. കൃഷ്ണൻകുട്ടി, ആന്റണി രാജു,  കെ.രാധാകൃഷ്ണൻ, ജി.ആർ. അനിൽ, വി.അബ്ദുറഹിമാൻ, പി.രാജീവ്,  റോഷി അഗസ്റ്റിൻ,  വീണാ ജോർജ്, പി.എ. മുഹമ്മദ് റിയാസ്, ഡോ. ആർ. ബിന്ദു,
എം.ബി. രാജേഷ്, പി.പ്രസാദ്, അഹമ്മദ് ദേവർ കോവിൽ, ജെ. ചിഞ്ചു റാണി,  കെ.എൻ. ബാലഗോപാൽ, വി. ശിവൻ കുട്ടി, വി.എൻ. വാസവൻ, ജില്ലാ കളക്ടർ എൻ. എസ്. കെ.ഉമേഷ് എന്നിവര്‍ പങ്കെടുത്തു.

സംഘാടക സമിതി ചെയർമാൻ പി. രാജു അധ്യക്ഷത വഹിച്ചു. സബ് കളക്ടർ പി.വിഷ്ണു രാജ് സ്വാഗതവും പറവൂർ നഗരസഭ പ്രതിപക്ഷ നേതാവും സംഘാടകസമിതി രക്ഷാധികാരിയുമായ ടി.വി. നിതിൻ നന്ദിയും പറഞ്ഞു.

നവ കേരള സദസ്സിന് മുന്നോടിയായി ഗോതുരുത്തിലെ
കേരള ചവിട്ടുനാടക അക്കാദമി അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന സ്ത്രീകളുടെ ചവിട്ടുനാടകം നവ്യാനുഭവമായി. 30 മിനിറ്റ് നീളുന്ന അവതരണത്തിനായി അരങ്ങിലെത്തിയത് 30 സ്ത്രീകളാണ്. 
കാഞ്ഞൂർ നാട്ടുപൊലിമയുടെ നാടൻപാട്ടും അരങ്ങേറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close