പാലിയേറ്റീവ് ദിനാചരണം നടത്തി വിളയൂര്‍ ഗ്രാമപഞ്ചായത്ത്
വിളയൂര്‍ ഗ്രാമപഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് ദിനാചരണം നടത്തി. പരിപാടിയുടെ ഭാഗമായി പാലിയേറ്റീവ് ഫണ്ടിലേക്കുള്ള ധനസമാഹരണവും കൂപ്പണ്‍ ഉദ്ഘാടനവും നടത്തി. ഇതോടൊപ്പം വിളയൂര്‍ ബഡ്സ് സ്കൂളിലെ വിദ്യാര്‍ത്ഥികളുടെയും സി.ഡി.എസ്, ആശാപ്രവര്‍ത്തകരുടെയും വിവിധ കലാപരിപാടികളും കൊപ്പം നാട്ടുകൂട്ടത്തിന്റെ തിയേറ്റര്‍ മൊമന്റ്സ് അവതരിപ്പിച്ച സായന്തനം നാടകവും അരങ്ങേറി. പുതുതായി വാങ്ങിയ ബസിന്റെ ആദ്യദിന കളക്ഷനും സമ്മാന കൂപ്പണിലേക്കുള്ള തുകയും ഉള്‍പ്പെടെ 25,000 രൂപ തവയ്ക്കല്‍ ബസ് ഉടമ മുഹമ്മദാലി വിളയൂര്‍ ഗ്രാമപഞ്ചായത്ത് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സമിതിക്ക് സംഭാവന ചെയ്തു. മുഹമ്മദ് മുഹ്സിന് എം.എല്‍.എ തുക ഏറ്റുവാങ്ങി.
വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ അധ്യക്ഷയായ പരിപാടിയില്‍ പാലിയേറ്റീവ് കണ്‍വീനര്‍ എം.വി രാംദാസ്, ജോയിന്റ് സെക്രട്ടറി പി. അനില്‍ കുമാര്‍, പാലിയേറ്റീവ് ട്രഷററും 12-ാം വാര്‍ഡ് മെമ്പറുമായ പുന്നശ്ശേരി രാജന്, വിളയൂര്‍ പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. സിദ്ധിഖ്, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.