Wayanad

പാലങ്ങളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കും* *-മന്ത്രി പി.എ മുഹമ്മദ് റിയാസ്* 

*താളിപ്പാറക്കടവ് പാലം ഉദ്ഘാടനം ചെയ്തു*

പാലങ്ങളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കല്‍പ്പറ്റ, മാനന്തവാടി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന താളിപ്പാറക്കടവ് പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലങ്ങൾ ദീപാലംകൃതമാക്കി മാറ്റുകയും നദികൾക്ക് കുറുകെയല്ലാത്ത ഓവർ ബ്രിഡ്ജുകളുടെ താഴത്തെ ഭാഗം പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാകും വിധം മികച്ച രീതിയിൽ പരിവർത്തനം ചെയ്യുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.താളിപ്പാറക്കടവ് പാലം നാടിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന പദ്ധതിയാണ്.വയനാടിന്റെ കാർഷിക മേഖലയുടെയും ടൂറിസം മേഖലയുടെയും കുതിപ്പിന് സഹായകരമാവും. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ബാണാസുര സാഗാറിനെയും കുറുമ്പാല കോട്ടയെയും വേഗത്തിൽ ബന്ധിപ്പിക്കുന്നത് വഴി ടൂറിസം മേഖലയ്ക്ക് പാലം മുതൽകൂട്ടാവുമെന്ന് മന്ത്രി പറഞ്ഞു.ജില്ലയുടെ ടൂറിസം മേഖല വലിയ കുതിപ്പാണ് കാഴ്ച വെയ്ക്കുന്നത്. 2023 ൽ ജില്ലയിലെത്തുന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ സർവ്വ കാല റെക്കോർഡ് മറികടക്കും. 5 വർഷം കൊണ്ട് 100 പാലങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി രണ്ടര വർഷമാവുമ്പോഴേക്കും 80 പാലങ്ങൾ പൂർത്തിയാക്കിയെന്ന് മന്ത്രി പറഞ്ഞു. വയനാടിന്റെ ടൂറിസം സാധ്യതകളെ മറ്റ് സംസ്ഥാനങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്ന പദ്ധതികൾക്കൾക്കും തുടക്കമിട്ട് കഴിഞ്ഞതായി മന്ത്രി പറഞ്ഞു.ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ രാഹുൽ ഗാന്ധി എം പി യുടെ സന്ദേശം പോൾസൺ കൂവക്കൽ വായിച്ചു. താളിപ്പാറക്കടവ് പാലത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ആദരിച്ചു. അഡ്വ. ടി സിദ്ദീഖ് എം.എല്‍.എ മുഖ്യാതിഥിയായി . എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.എസ് അജിത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കൽപ്പറ്റ, മാനന്തവാടി നിയോജകമണ്ഡലങ്ങളെയും പനമരം, പടിഞ്ഞാറത്തറ പഞ്ചായത്തുകളെയും ബന്ധിപ്പിച്ചാണ് പാലം നിർമ്മിച്ചത്. നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് 21 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 17.55 കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 22.32 നീളത്തിലുള്ള മൂന്ന് സ്പാനുകൾ ഉള്ള പാലത്തിന്റെ ആകെ നീളം 66.96 മീറ്ററാണ്. കാര്യേജ് വേ 7.50 മീറ്ററും ഇരു വശത്തും 1.50 മീറ്റർ വീതിയിലുള്ള ഫുട്ട്പാത്ത് ഉൾപ്പടെ ആകെ വീതി 11.05 മീറ്ററുമാണ് . അനുബന്ധ റോഡായി പനമരം ഭാഗത്ത് 1410 മീറ്ററും പടിഞ്ഞാറത്തറ ഭാഗത്ത് 860 മീറ്ററും ബിറ്റുമിനസ് മെക്കാഡം ടാറിംഗ് നടത്തി ഗതാഗതം സുഗമമാക്കിയിട്ടുണ്ട്. റോഡ് മാർക്കിംഗ്, സൈൻ ബോർഡുകൾ എന്നിവയും പൂർത്തീകരിച്ചിട്ടുണ്ട്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.എം ആസ്യ, പി.ബാലൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. ബി നസീമ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.കെ അസ്മ, പി.കെ അബ്ദുറഹിമാൻ, പടിഞ്ഞാറത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയിൽ, കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ, കൽപ്പറ്റ പൊതുമരാമത്ത് പാലങ്ങൾ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ കമലാക്ഷൻ പാലേരി, കോഴിക്കോട് പൊതുമരാമത്ത് പാലങ്ങൾ സൂപ്രണ്ടിങ് എഞ്ചിനീയർ പി.കെ രമ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close