THRISSUR

കോളങ്ങാട്ടുകര കമ്പിപാലം പുനർ നിർമ്മിക്കാൻ 5.98 കോടി രൂപയുടെ അനുമതി

വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ അവണൂർ ഗ്രാമപഞ്ചായത്ത് കോളങ്ങാട്ടുകരയിലെ കമ്പിപാലം പുനർ നിർമ്മിക്കാൻ 5.98 കോടി രൂപ അനുവദിച്ചു.

60 വർഷം പഴക്കം ചെന്നതും 2018, 19 വർഷങ്ങളിലുണ്ടായ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചതുമായ പാലം പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ കത്ത് നൽകിയിരുന്നു. നബാർഡ് ആർഐഡി എഫ് 29 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുനർനിർമാണത്തിന് ആവശ്യമായ തുക അനുവദിച്ചത്.

നിലവിൽ 5.7 മീറ്റർ വീതിയിൽ 23 മീറ്റർ നീളമുള്ള പാലം, ഫുട്പാത്ത് ഉൾപ്പെടെ 11 മീറ്റർ വീതിയിലും 26 മീറ്റർ നീളത്തിലും പുതുക്കി പണിയുന്നത്. സബ് മേഴ്സിബിൾ രീതിയിലുള്ള പാലമാണ് നിർമ്മിക്കുക. പ്രവൃത്തിയ്ക്ക് പൊതുമരാമത്ത് വകുപ്പ് ഉടൻ ഭരണാനുമതി നൽകും.

മണ്ഡലത്തിലെ പ്രധാന റോഡുകളിൽ ഒന്നായ മുണ്ടൂർ – കൊട്ടേക്കാട് റോഡിലാണ് കോളങ്ങാട്ടുകര പാലം സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ പട്ടണത്തോടടുത്തുള്ളതും രണ്ട് സംസ്ഥാന പാതകളെ ബന്ധിപ്പിക്കുന്നതുമായ മുണ്ടൂർ – കൊട്ടേക്കാട് റോഡിലെ പാലം ഉന്നത നിലവാരത്തിൽ പുനർ നിർമ്മിക്കുന്നത് വാഹനങ്ങൾക്ക് കൂടുതൽ സൗകര്യമാകും. മുണ്ടൂർ – കൊട്ടേക്കാട് റോഡ് ബി എം ആന്റ് ബി സി നിലവാരത്തിൽ നവീകരിക്കുന്നതിനായി 2021-22 ബജറ്റിൽ 11.5 കോടി രൂപ അനുവദിച്ചിരുന്നു. ഈ പദ്ധതി സാങ്കേതിക അനുമതി ലഭിക്കേണ്ടതുണ്ട്. നടപടിക്രമങ്ങൾ വേഗത്തിൽ ആക്കി മികച്ച ഗതാഗത സൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close