THRISSUR

കുന്നംകുളം നഗരസഭ വികസന സെമിനാര്‍:  സമഗ്രവികസനത്തിന് ഊന്നല്‍  

പശ്ചാത്തല മേഖല, മാലിന്യ സംസ്‌കരണം, തൊഴില്‍ മേഖല, കൃഷി, ആരോഗ്യം, കുടിവെള്ളം, മൃഗസംരക്ഷണം, പട്ടികജാതി ക്ഷേമം, വനിതാഘടക പദ്ധതി, അതിദരിദ്ര സംരക്ഷണ പദ്ധതി, ഭിന്നശേഷി ക്ഷേമം, വയോജന പദ്ധതി മുതലായവയ്ക്ക് ഊന്നല്‍ നല്‍കി കുന്നംകുളം നഗരസഭ വികസന സെമിനാര്‍ അവതരിപ്പിച്ചു. 

മികച്ച നഗരാസൂത്രണം വിഭാവനം ചെയ്യുന്നതിനും ഇതോടൊപ്പം പ്രാമുഖ്യം നല്‍കും. നഗരസഭയുടെ സ്വപ്ന പദ്ധതിയായ തുറക്കുളം മാര്‍ക്കറ്റ്, ആധുനിക അറവുശാല എന്നിവ നടപ്പിലാക്കാനുള്ള ഊര്‍ജ്ജിത ശ്രമം വികസന സെമിനാര്‍ പ്രത്യേകം പരാമര്‍ശിച്ചു. സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ച മാലിന്യ നിര്‍മാര്‍ജന സംസ്‌കരണ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനമെന്നോണം മൊബൈല്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ (എഫ് എസ് ടി പി) നടപ്പിലാക്കാനും നഗരസഭ പദ്ധതി തയ്യാറാക്കും. വലിയങ്ങാടി മാര്‍ക്കറ്റ് നവീകരണവും റിംഗ് റോഡ് വികസനവും നടപ്പിലാക്കും. അമൃത് 2.0 പദ്ധതി മികവുറ്റതാക്കും.

2024-25 പദ്ധതിയില്‍ പൊതുവിഭാഗം (5,04,76,000), പട്ടികജാതി ഉപപദ്ധതി (2,38,11,000) എന്നിവക്കായി 7.42 കോടി (7,42,87,000) രൂപയാണ് വികസന ഫണ്ടില്‍ നീക്കിവെക്കുന്നത്. 14-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റായി 4.58 കോടി (4,58,46,000) രൂപയാണുള്ളത്. റോഡ്, റോഡിതര പ്രവൃത്തികള്‍ക്കായി 8.02 കോടി (8,02,67,000) രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പൊതുവിഭാഗത്തില്‍ ഉല്പാദന മേഖല 40 ലക്ഷം, സേവന മേഖല 2.62 കോടി, പശ്ചാത്തല മേഖല 2.01 കോടി എന്നിങ്ങനെ മാറ്റിവച്ചിട്ടുണ്ട്. വനിത ഘടക പദ്ധതികള്‍ക്കായി 37 ലക്ഷം നീക്കിവെച്ചിട്ടുണ്ട്. 

കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്കായി 58 ലക്ഷം രൂപയും വയോജന പദ്ധതികള്‍ക്കായി 42 ലക്ഷം രൂപയും നീക്കിവെക്കും. മെയിന്റനന്‍സ് പ്ലാന്‍ ഫണ്ടായി 1.22 കോടി രൂപ മാറ്റിവെക്കും. 

പിഎംഎവൈ ലൈഫ് ഭവന പദ്ധതി ജനറല്‍, എസ് സി വിഭാഗങ്ങളില്‍ കൂടുതല്‍ വിപുലപ്പെടുത്തി നടപ്പിലാക്കാന്‍ ശ്രമിക്കും. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ഷെല്‍ട്ടര്‍ ഹോം പദ്ധതി ആവിഷ്‌ക്കരിക്കും. കിണര്‍ റീച്ചാര്‍ജിങ്, എ ബി സി പ്രോഗ്രാം, മഴക്കാല പൂര്‍വശുചീകരണം, പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനം എന്നിവ വിപുലപ്പെടുത്തും. 

അഗതിരഹിത കേരളം പദ്ധതി, അങ്കണവാടികള്‍ക്ക് പോഷകാഹാര വിതരണം, വനിത മെന്‍സ്ട്രുവല്‍ കപ്പ് പദ്ധതി, എസ് സി സാമൂഹ്യപഠന കേന്ദ്രം മികവുറ്റതാക്കല്‍, ഗ്രീന്‍പാര്‍ക്ക് മോടി കൂട്ടല്‍, സ്‌കൂളുകളിലേക്ക് ഫര്‍ണീച്ചര്‍ വാങ്ങല്‍ തുടങ്ങിയവയും നഗരസഭയുടെ പ്രധാന പദ്ധതികളാണ്. 

വികസന സെമിനാര്‍ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷന്‍ പി എം സുരേഷ് പദ്ധതി വിശദീകരിച്ചു. മറ്റ് സ്ഥിരംസമിതി അധ്യക്ഷന്മാരായ സജിനി പ്രേമന്‍, ടി സോമശേഖരന്‍, പ്രിയ സജീഷ്, പി കെ ഷെബീര്‍, എ എസ് സുജീഷ്, ബീന രവി, സെക്രട്ടറി ഇന്‍ ചാര്‍ജ് ബിനയ് ബോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close