THRISSUR

ജനാധിപത്യത്തിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമായ വികസനം സാധ്യമാക്കണം: മന്ത്രി കെ. രാധാകൃഷ്ണന്‍

സ്റ്റുഡൻസ് സഭ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

ജനാധിപത്യത്തിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമായ വികസനം സാധ്യമാക്കണമെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കവിഭാഗക്ഷേമ, ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍.  പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് സഭയുടെ സംസ്ഥാനതല ഉദ്ഘാടനം ചേലക്കര തോന്നൂര്‍ക്കരയിലെ എം.എസ്.എന്‍. ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  

വിദ്യാർത്ഥികളിൽ ജനാധിപത്യ സമ്പ്രദായം എന്താണെന്നും അവരുടെ ഉത്തരവാദിത്വം മനസ്സിലാക്കി പ്രവർത്തിക്കാനുള്ള ശേഷി വളർത്തിയെടുക്കുകയാണ് സ്റ്റുഡൻസ് സഭയുടെ ലക്ഷ്യം. ചരിത്രബോധവും മതേതരത്വവും സംബന്ധിച്ച കാഴ്ചപ്പാട് വിദ്യാർത്ഥികളിൽ ഉടലെടുക്കണം. വൈവിധ്യങ്ങളായ ജാതി, മത, ഭാഷ, ആചാര,  അനുഷ്ഠാനങ്ങൾ ഉൾക്കൊണ്ട് വേണം പുതുതലമുറ വളരേണ്ടത്. ഒരു പ്രത്യേക മത വിഭാഗത്തിനും പ്രാധാന്യം നൽകരുത്. തുല്യതയിൽ അധിഷ്ഠിതമായ ആശയങ്ങൾ വിദ്യാർത്ഥികൾ വികസനത്തിനായി വളർത്തിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.

സ്റ്റുഡൻസ് സഭയിലൂടെ ഉരുതിരിയുന്ന ആശയങ്ങൾ വഴി ജനപ്രതിനിധികൾക്കും പുതിയ കാഴ്ചപ്പാട് ലഭിക്കും. ഇത് ഭരണനിർവഹണത്തിന് ഉത്തേജകം പകരും. ക്ലാസ് റൂം വിദ്യാഭ്യാസത്തിൽ മാത്രം ഒതുങ്ങാതെ ജനാധിപത്യത്തിലും പാർലമെന്ററി കാര്യങ്ങളിലും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കണം. ഇന്നിനേക്കാൾ മെച്ചപ്പെട്ട സാമൂഹ്യ സ്ഥിതി കേരളത്തിൽ ഉടലെടുക്കുന്നതിൽ വിദ്യാർത്ഥികൾക്ക് വലിയ പങ്കാണുള്ളത്. അസമത്വം, അനീതി, തെറ്റായ ശീലങ്ങൾ എന്നിവയ്ക്കെതിരെ പ്രതികരിക്കാൻ വിദ്യാർത്ഥികളെ സ്റ്റുഡൻസ് സഭകൾ പ്രാപ്തരാക്കും. വിദ്യാർത്ഥികൾ നേടിയെടുക്കുന്ന പുതിയ അറിവുകൾ സമൂഹത്തിന്റെ വളർച്ചയ്ക്ക് ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

എന്‍.ആര്‍.ഐ. കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ ജസ്റ്റിസ് പി.ഡി.രാജന്‍ അധ്യക്ഷനായി. ചേലക്കര നിയോജക മണ്ഡലത്തിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളെ പ്രതിനിധീകരിച്ച് 40 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി നാനൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വാര്‍ഡുകളില്‍ വിദ്യാര്‍ഥികള്‍ നടത്തിയ വികസന സര്‍വേയിലെ കണ്ടെത്തലുകളും, അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പുത്തന്‍ ആശയങ്ങളും അവതരിപ്പിച്ചു. വിദ്യാര്‍ഥികളില്‍ നിന്ന് ഉരുത്തിരിഞ്ഞ് വരുന്ന നവീന ആശയങ്ങള്‍ സ്വാംശീകരിക്കുന്നതിനും നാടിന്റെ വികസന പ്രക്രിയയില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു. 

ചേലക്കര നിയോജക മണ്ഡലത്തിലെ ഉൾപ്രദേശങ്ങളിലെ ബസ് സർവീസുകളുടെ അഭാവം, കൃഷി ഉൽപ്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കണം, വന്യജീവി ആക്രമണത്തിന് പരിഹാരം, കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ലാബ്, കിടത്തി ചികിത്സ ലഭ്യമാക്കണം, കായികതാരങ്ങൾക്ക് പരിശീലനത്തിന് ഗ്രൗണ്ട് ഉറപ്പാക്കണം, റേഷൻ കാർഡ് മുൻഗണന വിഭാഗത്തിൽ ആക്കണം തുടങ്ങിയ പ്രശ്നങ്ങൾ ചർച്ചയിൽ വിദ്യാർത്ഥികൾ ഉന്നയിച്ചു. കൃഷിയുൽപ്പന്നങ്ങൾ മൂല്യവർധിത വസ്തുക്കൾ ആക്കുന്നതിനുള്ള സഹായം, ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായുള്ള കേന്ദ്രങ്ങൾ, ഇക്കോ ടൂറിസം വികസനം, ജൈവമാലിന്യ സംസ്കരണം, തൊഴിൽ ലഭ്യത, ആയോധനകലയിൽ സ്ത്രീകൾക്ക് പരിശീലനം, കൂടുതൽ വ്യവസായ സംരംഭങ്ങൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകത എന്നിവയും  അവതരിപ്പിച്ചു.

കമ്മ്യൂണിറ്റി ലേർണിംഗ് സെന്റർ, ബഡ്‌സ് സ്കൂളുകൾ എന്നിവ സ്ഥാപിക്കണം, സോളാർ ഫെൻസിംഗ് നിർമിക്കണം, ചെറുകിട വിപണനം നടത്തുന്നവർക്ക് ബ്രാൻഡിങ് ശിൽപ്പശാല, മൺകലം, പുൽപ്പായ, കളി ഉപകരണങ്ങൾ എന്നിങ്ങനെ  നിർമ്മിക്കുന്നവരുടെ ഉൽപ്പന്നങ്ങൾക്ക് പ്രദർശനവും വിപണനവും സാധ്യമാക്കുന്നതിന് ഓൺലൈൻ സൗകര്യമൊരുക്കുക, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് വിവിധ മത്സര പരീക്ഷകൾക്ക് പരിശീലനം ലഭ്യമാക്കുന്നതിന് പഞ്ചായത്ത് തലത്തിൽ പരിശീലന കേന്ദ്രങ്ങൾ തുടങ്ങുക എന്നീ ആവശ്യങ്ങളും  വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് സ്റ്റുഡന്റ്‌സ് സഭ സംഘടിപ്പിക്കുന്നത്.  സംസ്ഥാനത്തെ ഓരോ നിയോജകമണ്ഡലങ്ങളിലെയും വികസന ആവശ്യങ്ങളും അവയുടെ നിര്‍വഹണ പ്രക്രിയകളും മനസ്സിലാക്കുകയും പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ മഹത്വമറിഞ്ഞ് അതിന്റെ ഭാഗമാക്കുന്നതിന്  വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനും സ്റ്റുഡന്റ്‌സ് സഭയ്ക്ക് കഴിയും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ എം അഷറഫ്, കെ വി നഫീസ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം കെ പത്മജ, വി തങ്കമ്മ, കെ ശശിധരൻ മാസ്റ്റർ, ഷെയ്ക്ക് അബ്ദുൽ ഖാദർ, പി കെ മുരളീധരൻ, കെ ജയരാജ്, കെ പത്മജ, പി പി സുനിത, ഗിരിജ മേലേടത്ത്, പാർലമെന്ററി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ. യു.സി ബിവിഷ്, രജിസ്ട്രാർ ബി ജയകുമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close