THRISSUR

നവീകരിച്ച തൃശ്ശൂര്‍ ടൗണ്‍ ഹാള്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു

നവീകരിച്ച തൃശ്ശൂര്‍ ടൗണ്‍ ഹാള്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. മികച്ച സംവിധാനങ്ങല്‍ ഒരുക്കി നവീകരിച്ച ടൗണ്‍ ഹാളിനെ കൂടുതല്‍ സൗകര്യപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിലെ പാലങ്ങളും ഒഴിഞ്ഞ ഇടങ്ങളും പൊതു ഇടങ്ങളാക്കി ഉപയോഗപ്രദമാക്കും. സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് സഹകരണ, പൊതുമേഖല, സ്വകാര്യമേഖല എന്നിവയെ ചേര്‍ത്തു നിര്‍ത്തി പൊതു ഇടങ്ങളില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് ടൂറിസം വകുപ്പുകളിലെ നിര്‍മ്മാണ പ്രവൃത്തനങ്ങള്‍ക്ക് നവീനമായ രൂപകല്‍പ്പനകള്‍ അവതരിപ്പിക്കും. ഇതിനായി സമഗ്രമായ ഒരു ഡിസൈന്‍ നയം രൂപീകരിച്ച് പൊതുമരാമത്ത്-ടൂറിസം മേഖലയില്‍ മികച്ച ഡിസൈനോടുകൂടിയുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ചടങ്ങില്‍ പി. ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി സന്ദേശം നല്‍കി. ടി.എന്‍ പ്രതാപന്‍ എംപി, കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ മുഖ്യാതിഥികളായി. പൊതുമരാമത്ത് വകുപ്പ് മധ്യമേഖല കെട്ടിട വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയര്‍ വി.കെ ശ്രീമാല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

തൃശ്ശൂരിലെ ഹൃദയഭാഗത്തായി 2.9 ഹെക്ടര്‍ സ്ഥലത്ത് രണ്ടു നിലകളിലായി 2618 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ 1938 ല്‍ നിര്‍മ്മിച്ച ടൗണ്‍ ഹാളിന്റെ സാംസ്‌ക്കാരിക തനിമ നഷ്ടപ്പെടാതെ പഴയ പ്രൗഡി നിലനിര്‍ത്തിക്കൊണ്ടാണ് മൂന്നു കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് നവീകരിച്ചത്. കാണികള്‍ക്ക് സുഗമമായ കാഴ്ച ലഭിക്കുന്നതിനായി തറനിരപ്പ് ക്രമീകരിച്ച് വിട്രിഫൈഡ് ടൈലുകള്‍ പാകുകയും വരാന്തകള്‍ ഗ്രാനൈറ്റ് വിരിച്ച് മനോഹരമാക്കുകയും ചെയ്തു. ടൗണ്‍ ഹാളിന്റെ സ്റ്റേജ് ഉള്‍പ്പെടെയുള്ള എല്ലാ ഭാഗങ്ങളും ഭിന്നശേഷി സൗഹൃദമാക്കി. ശബ്ദനിയന്ത്രണത്തിനായി എക്കോസ്റ്റിക് പാനലുകള്‍ ഉപയോഗിച്ച് ടൗണ്‍ഹാളിന്റെ ഭിത്തികള്‍ ക്രമീകരിച്ചു. ഹാളിലുണ്ടായിരുന്ന ബഞ്ചുകള്‍ മാറ്റി പുതിയ കുഷ്യനോടുകൂടിയ ബെഞ്ചുകള്‍ സ്ഥാപിക്കുകയും സ്റ്റേജില്‍ പുതിയ കര്‍ട്ടനുകള്‍ സ്ഥാപിക്കുകയും ചെയ്തു. 

ഇലക്ട്രോണിക്‌സ് പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി ഡിസ്ട്രിബ്യൂട്ടഡ് സ്പീക്കര്‍ സംവിധാനത്തോടുകൂടിയ ശബ്ദ സംവിധാനം, 32 ചാനലോടുകൂടിയ ഡിജിറ്റല്‍ മിക്‌സര്‍, ബാല്‍ക്കണിക്ക് താഴെയുള്ള സീറ്റിംഗിന് 400 വാര്‍ട്ട്‌സ് 2-വേ പാസ്സീവ് ലൗഡ്‌സ്പീക്കര്‍ 8 എണ്ണം, മുകളിലെ ബാല്‍ക്കണി ഏരിയയ്ക്ക് 2-വേ പാസീവ് ലൗഡ് സ്പീക്കര്‍, 300 വാട്ട് സ്റ്റേജ് മോണിറ്റര്‍ 2 എണ്ണം, 800 വാട്ട് സബ് വൂഫര്‍ 4 എണ്ണം എന്നിവ സ്ഥാപിച്ചിട്ടുണ്ട്. ടൗണ്‍ ഹാളിലെ ഓഡിയോയുടെ ശരിയായ ശബ്ദ ദൃഢീകരണത്തിനായി ഡി.എസ്.പിയ്‌ക്കൊപ്പം ക്ലാസ് ഡി ആംപ്ലിഫയര്‍ 6 എണ്ണവും 2 ചാനല്‍ പവര്‍ ആംപ്ലിഫിക്കേഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
ടൗണ്‍ ഹാളിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഇന്റീരിയര്‍ ഡിസൈനും സീറ്റിംഗ് അറേഞ്ച്‌മെന്റ് ലേഔട്ടും തയ്യാറാക്കിയത് പൊതുമരാമത്ത് ആര്‍ക്കിടെക്ച്ചറല്‍ വിഭാഗമാണ്. 450 പേര്‍ക്ക് ഇരിക്കാവുന്ന രീതിയിലാണ് ടൗണ്‍ഹാളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. 

സബ് കളക്ടര്‍ മുഹമ്മദ് ഷഫീഖ് സ്വാഗതവും പൊതുമരാമത്ത് എക്സി. എഞ്ചിനീയര്‍ പി.വി ബിജി നന്ദിയും പറഞ്ഞ ചടങ്ങില്‍ കൗണ്‍സിലര്‍ റെജി ജോയ്, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍, സെക്രട്ടറി സി.പി അബൂബക്കര്‍, പബ്ലിക് ലൈബ്രറി സെക്രട്ടറി ജോണ്‍ സിറിയക്, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍, സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close