THRISSUR

അരിമ്പൂരില്‍ സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദന പ്ലാന്റ് സജ്ജമായി

പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് വൈദ്യുതി കണ്ടെത്തും: മന്ത്രി കെ കൃഷ്ണന്‍കുട്ടിസംസ്ഥാനത്തിന്റെ  വൈദ്യുതി ആവശ്യകതയുടെ 50 ശതമാനവും 2027 ഓടെ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണെന്ന്  വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദന പ്ലാന്റ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 2040 ഓടെ 100 ശതമാനം പുനരുപയോഗ ഊർജ്ജാധിഷ്ഠിത സംസ്ഥാനമായും 2050-ഓടെ നെറ്റ് കാർബൺ ന്യൂട്രലായും മാറാനുള്ള തീവ്രശ്രമം നടക്കുകയാണ്.   സർക്കാർ ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾ സ്ഥാപിക്കുന്നതിന്  ബജറ്റിൽ 200 കോടിയും വകയിരുത്തിയിട്ടുണ്ട്. 

പുനരുപയോഗ ഊർജ്ജ പദ്ധതികൾക്ക് പുറമേ, വൻകിട ജല വൈദ്യുത പദ്ധതികൾ കൂടി നിലവിൽ വന്നാൽ മാത്രമേ സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്ക് ഉതകുന്ന രീതിയിൽ കുറഞ്ഞ ചെലവിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവൂ. പ്രളയ പ്രതിരോധത്തിനും, വൈദ്യുതി ഉൽപ്പാദനത്തിനും, ജലസേചനത്തിനും ഉപയോഗിക്കാൻ കഴിയുന്ന കൂടുതൽ ജല വൈദ്യുത പദ്ധതികൾ നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം, പുരപ്പുറ, ഭൗമോപരിതല, ഫ്ളോട്ടിങ് സോളാർ പദ്ധതികളിലായി ആകെ 610 മെഗാവാട്ട് ശേഷിയുള്ള ഗ്രിഡ് ബന്ധിത സൗരോർജ്ജ പദ്ധതികൾ പൂർത്തിയാക്കി. ഇതിൽ, 43,466 പുരപ്പുറങ്ങളിലായി 178.87 മെഗാവാട്ട് ശേഷിയുള്ള സൗരോർജ്ജ പദ്ധതികൾ കെ എസ് ഇ ബി എൽ മുഖേന കമ്മീഷൻചെയ്തിട്ടുണ്ട്.ഈ സർക്കാരിന്റെ കാലത്ത് 655.5 മെഗാവാട്ട് ശേഷിയുള്ള വൈദ്യുത പദ്ധതികളാണ് സംസ്ഥാനത്ത് പൂർത്തിയാക്കിയത്. ഇതിൽ 44.5 മെഗാവാട്ട് ശേഷിയുളള 5 ജലവൈദ്യുത പദ്ധതികൾ ഉൾപ്പെടുന്നു. യഥാക്രമം 60, 40 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ, തോട്ടിയാർ ജലവൈദ്യുത പദ്ധതികൾ ഈ വർഷം തന്നെ പൂർത്തിയാകും. ഇതുൾപ്പെടെ 211 മെഗാവാട്ട് ശേഷിയുള്ള 9 ജലവൈദ്യുത പദ്ധതികളുടെ നിർമാണം പുരോഗമിക്കുന്നു.തൃശ്ശൂർ ജില്ലയിൽ വിവിധ പഞ്ചായത്തുകളിലായി 154 കാർഷിക പമ്പുകൾ സൗരോർജ്ജവൽക്കരണം പൂർത്തീകരിച്ചു കഴിഞ്ഞു. 50 പമ്പുകളുടെ ജോലികൾ പുരോഗമിക്കുന്നു. കോൾപാട പമ്പുകളുടെ കാര്യത്തിൽ അരിമ്പൂർ പഞ്ചായത്തിലെ ആറുമുറി, വെളുത്തൂർ, മരകൊടി, കൈപ്പിള്ളി, വിളക്കുമാടം തുടങ്ങിയ പടവുകളിലെ പ്രവർത്തികൾക്കുള്ള വർക്ക് ഓഡറുകൾ ഉടനെ നൽകുമെന്നും മന്ത്രി അറിയിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയിൽ മുരളി പെരുനെല്ലി എം എല്‍ എ അധ്യക്ഷനായി. നവകേരള സദസ്സിനോടനുബന്ധിച്ച് സംഘടിപ്പിച്ച കലാ മത്സരങ്ങളിലെ വിജയകൾക്ക് ഉപഹാരം നൽകി. അതിദാരിദ്ര നിർമ്മാർജനത്തിന്റെ ഭാഗമായ ടുഗെദർ ഫോർ തൃശൂർ പദ്ധതിക്കായി സഹകരിച്ച അരിമ്പൂരിലെ വിവിധ സ്കൂൾക്കുള്ള ഉപഹാരവും മന്ത്രി സമ്മാനിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ വി എന്‍ സുര്‍ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ശിവകുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ജി സജീഷ്, തദ്ദേശസ്വയം ഭരണം അസിസ്റ്റന്റ് ഡയറക്ടർ കെ എസ് ആൻസൺ ജോസഫ്, തൃശൂർ ഡിവിഷൻ ഇലക്ട്രിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർമാരായ സാദിഖ് കെ എച്ച്, ലിസി കെ ഡേവിസ്, അയ്യന്തോൾ ഡിവിഷൻ ഇലക്ട്രിക്കൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ നിഷ എ, ജനപ്രതിനിധികള്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.അരിമ്പൂരിന് സ്വന്തമായി വൈദ്യുതി ഉത്പാദനംഅരിമ്പൂർ ഗ്രാമപഞ്ചായത്തിന് സ്വന്തമായി സൗരോർജ്ജ വൈദ്യുതി ഉത്പാദന പ്ലാന്റ് സജ്ജമായി. വൈദ്യുതി നിരക്കും ഇനി നിസാരം. മികവാര്‍ന്ന ആസൂത്രണത്തോടെ സൗരോര്‍ജ്ജ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഗ്രാമപഞ്ചായത്ത് ഓഫീസ്, ഷോപ്പിംഗ് കോംപ്ലക്സ്, ലൈബ്രറി, കമ്മ്യൂണിറ്റി ഹാൾ എന്നിങ്ങനെ നാല് കെട്ടിടങ്ങളിലായാണ് സോളാര്‍ പ്ലാന്റ് ഒരുക്കിയിരിക്കുന്നത്.ഇരുകെട്ടിടങ്ങളിലായി 102 പാനലുകള്‍ സ്ഥാപിച്ച് 55 കിലോവാട്ട് വൈദ്യുതി ഉത്പാദനക്ഷമതയുണ്ട്. മൊബൈൽ ആപ്പ് വഴി പ്രതിദിന ഉത്പാദനവും, ഉപയോഗവും നിരീക്ഷിക്കാനും സാധിക്കും. പ്രവർത്തനം ആരംഭിച്ച 2023 ഡിസംബർ മാസത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ വൈദ്യുതി ഉപയോഗത്തിൽ പൂർണമായും സോളാർ പാനലിൽ നിന്നാണ് ഉപയോഗിച്ചത്. കൂടാതെ കെഎസ്ഇബിക്ക് 2442 യൂണിറ്റ് വൈദ്യുതി കൈമാറാനും സാധിച്ചു. വൈദ്യുതി ചാർജ്ജ് ഇനത്തിൽ നിശ്ചിത തുകയായ 3241 രൂപ മാത്രമാണ് പഞ്ചായത്ത് അടച്ചത്. മുൻകാലങ്ങളിൽ 15,000 രൂപയോളമായിരുന്നു വൈദ്യുതി ബില്ല്. 2022-23 വര്‍ഷ കാലത്തെ പ്ലാൻ ഫണ്ട്, പതിനഞ്ചാം ധനകാര്യ കമ്മീഷൻ ബേസിക് ഗ്രാന്റ് വിഹിതം, തനത് ഫണ്ട് തുടങ്ങിയവയിൽ നിന്ന് ആകെ 46,50,000 രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. അനര്‍ട്ട് മുഖേന തൃശൂരിലെ ബിങ്കാസ് ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്സ് ആന്‍ഡ് സോളാര്‍ സിസ്റ്റം സ്ഥാപനമാണ് നിര്‍മ്മാണം. ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാൾ കൂടി സോളാർ പാനൽ വഴിയുള്ള വൈദ്യുതി ഉപയോഗത്തിലേക്ക് മാറുകയാണ്. ഇതോടെ ജില്ലയില്‍ തന്നെ ഒരു പഞ്ചായത്ത് അനുബന്ധ ഓഫീസ് കെട്ടിടങ്ങളില്‍ ഒരുക്കുന്ന ഏറ്റവും വലിയ ഊര്‍ജ്ജ ഉല്‍പാദന പഞ്ചായത്തായി മാറുകയാണ് അരിമ്പൂര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close