THRISSUR

ന്യൂനപക്ഷ കമ്മീഷന്‍ ജില്ലാതല സെമിനാര്‍; ആലോചന യോഗം ചേര്‍ന്നു

ജില്ലയില്‍ ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാതല സെമിനാറിന്റെ ആലോചന യോഗം ചേര്‍ന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചന യോഗം ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നേടിയെടുക്കാന്‍ സെമിനാറിലൂടെയുള്ള ബോധവത്കരണം സഹായകമാകുമെന്ന് ചടങ്ങില്‍ കളക്ടര്‍ പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികള്‍ അവര്‍ അറിയുകയും മനസിലാക്കുകയും ഉപയോഗിക്കുകയും ചെയ്യണമെന്ന് കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ജില്ലയില്‍ 2024 ജനുവരി 20 നാണ് ന്യൂനപക്ഷ കമ്മീഷന്‍ സെമിനാര്‍ നടക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പദ്ധതികളും സേവനങ്ങളും ആനുകൂല്യങ്ങളും ജനകീയവല്‍ക്കരിക്കുന്നതിന്റെയും താഴെത്തട്ടില്‍ എത്തിക്കുന്നതിന്റെയും ക്ഷേമ പദ്ധതികളെക്കുറിച്ചും വിദ്യാഭ്യാസ, തൊഴില്‍, സാമ്പത്തിക സഹായങ്ങളെക്കുറിച്ചും അവരില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജില്ലാതല സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്.

ആലോചന യോഗത്തില്‍ സെമിനാറിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. സയ്യിദ് ഫസല്‍ തങ്ങള്‍, ബഷീര്‍ ഫൈസി ദേശമംഗലം, ജനാബ് ഹൈദര്‍ അലി, ഫാദര്‍ കെ.ആര്‍ ഇനാശു, കെ.എ ഷംസുദ്ധീന്‍, എ.കെ പൗലോസ് എന്നിവര്‍ രക്ഷാധികാരികളാകും. സംഘാടക സമിതിയുടെ പ്രസിഡന്റ് എ.എം ഹാരിസും സെക്രട്ടറി ഫാദര്‍ നൗജിന്‍ വിതയത്തിലുമാകും. ടോണി അഗസ്റ്റിന്‍ കോര്‍ഡിനേറ്ററുമാകും.

യോഗത്തില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളും അവരുടെ അഭിപ്രായങ്ങളും ചര്‍ച്ച ചെയ്തു. സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ ന്യൂനപക്ഷ വിഭാഗക്കാരുടെ ആശങ്ക സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ പരിഹരിക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തുമെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള വിദ്യാഭ്യാസ ലോണുകള്‍ക്കുള്ള കാലതാമസം ഒഴിവാക്കി നടപടിക്രമങ്ങള്‍ ലളിതമാക്കാനുള്ള ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും യോഗത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ എ.എ റഷീദ് പറഞ്ഞു. ജില്ലകളില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അതിവേഗം ഇടപെടാന്‍ ഒരു ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറാക്കുവാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഉന്നത വിദ്യാഭ്യാസം, ജോലി സാധ്യത എന്നിവ ഉറപ്പാക്കാന്‍ മൈനോറിറ്റി എജ്യുക്കേഷന്‍ അക്കാദമി ആരംഭിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിച്ച് മത സൗഹാര്‍ദ്ദത്തിന്റെയും സാമൂഹ്യ ബോധത്തിന്റെയും ഏതു ജീവിത രീതിയും ഭക്ഷണക്രമവും ആചാരങ്ങളും അനുഷ്ഠിക്കാന്‍ കഴിയുന്ന സാഹചര്യമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും അക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടായെന്നും കമ്മീഷന്‍ ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ കമ്മീഷന്‍ അംഗം സൈഫുദ്ദീന്‍ ഹാജി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. എം.എസ് റജില്‍, ജില്ലയിലെ വിവിധ ന്യൂനപക്ഷ സംഘടനാ പ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കമ്മീഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സെമിനാറില്‍ ജില്ലയിലെ ന്യൂനപക്ഷ സംഘടനകളുടെ നേതാക്കളും പങ്കെടുക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close