Thiruvananthapuram

നവകേരള സദസ്: വട്ടിയൂർക്കാവിൽ ഡിസംബർ 23 ന് , സംഘാടക സമിതി രൂപീകരിച്ചു

വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ നവകേരള സദസിന്റെ സംഘാടക സമിതി രൂപീകരിച്ചു. മരുതംകുഴി ഉദിയന്നൂർ ദേവി ആഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.കെ പ്രശാന്ത് എംഎൽ.എ ചെയർമാനും ഡെപ്യൂട്ടി കളക്ടർ സജികുമാർ കൺവീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചത്. നവകേരള സദസിന്റെ പ്രചാരണാർത്ഥം പുറത്തിറക്കുന്ന പ്രതിവാര വാർത്താ പത്രികയുടെ പ്രകാശനം മേയർ ആര്യാ രാജേന്ദ്രൻ മുൻ മേയർ കെ ചന്ദ്രികക്ക് നൽകി നിർവ്വഹിച്ചു

ഡിസംബർ 23 ശനിയാഴ്ച്ചയാണ് വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്. നെട്ടയം സെൻട്രൽ പോളിടെക്നിക് ഗ്രൗണ്ടാണ് വേദി. തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സും ഇതേ വേദിയിൽ തന്നെയാണ് സംഘടിപ്പിക്കുന്നത്.  ജവഹർ ബാലഭവനിൽ സജ്ജമാക്കിയ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനവും വി.കെ പ്രശാന്ത് എം.എൽ.എ നിർവ്വഹിച്ചു. വാർഡ് തല സംഘാടക സമിതികളുടെ യോഗം നവംബർ 20 മുതൽ 27 വരെയുള്ള തീയികളിൽ ചേരും. ഓരോ ബൂത്തിന് കീഴിലും നാല് വീട്ടുമുറ്റ യോഗങ്ങൾ വീതം ചേരും. ഡിസംബർ 1 മുതൽ 10 വരെയാണ് വീട്ടുമുറ്റ യോഗങ്ങൾ ചേരുക.

നവകേരള സദസ്സിന്റെ അനുബന്ധ പരിപാടിയായി മണ്ഡലത്തിലെ 10 കേന്ദ്രങ്ങളിൽ ശുചീകരണ പരിപാടി സംഘടിപ്പിക്കും. മോഡേൺ മെഡിസിൻ, ആയൂർവേദം, ഹോമിയോപ്പതി എന്നിവ ഉൾപ്പെടുത്തി മെഡിക്കൽ ക്യാമ്പുകൾ, ക്യാൻസർ സ്ക്രീനിംഗ് സ്പെഷ്യൽ ക്യാമ്പ്, മണ്ഡലത്തിലെ വിവിധ സ്കൂളുകളിലെ എസ്.പി.സി കേഡറ്റുകളുടെ സംഗമം, എൻ.എസ്.എസ് വോളണ്ടിയർമാരുടെ നേതൃത്വത്തിൽ ആശുപത്രി ശുചീകരണ പരിപാടി, ഹരിത കർമ്മ സേനാംഗങ്ങളുടെ സംഗമം, കുടുംബശ്രീ ഉൽപ്പന്ന പ്രദർശന-വിപണന മേള, ഭിന്നശേഷി വിദ്യാർത്ഥികൾക്കായി നഗരക്കാഴ്ച്ച, അതിദാരിദ്ര്യ പട്ടികയിൽപ്പെട്ടവരുടെ ഭവന സന്ദർശനം, ഡാൻസ് ഫെസ്റ്റ്, ക്രിക്കറ്റ് മത്സരം, വോളിബോൾ മത്സരം, ബാറ്റ്മിന്റൺ മത്സരം, കുട്ടികൾക്കായുള്ള വിവിധ കലാ-കായിക മത്സരങ്ങൾ, ഫ്ലാഷ് മോബ്, തെരുവ് നാടകം തുടങ്ങി നിരവധി പരിപാടികളും അനുബന്ധമായി സംഘടിപ്പിക്കും.

ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി.കെ രാജു, ജനപ്രതിനിധികൾ , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, കുടുംബശ്രീ ഭാരവാഹികൾ, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close