Thiruvananthapuram

നവകേരള സദസ്: വര്‍ക്കലയില്‍ ഡിസംബര്‍ 20ന്, സംഘാടക സമിതിയായി

**വികസന കാഴ്ചപ്പാടിന്റെ പുതിയ മുഖം തുറക്കുന്ന പരിപാടിയാണ് നവകേരള സദസ്: മന്ത്രി ആന്റണി രാജു

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലുമെത്തി ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസ്സ് ഡിസംബര്‍ 20ന് വര്‍ക്കല നിയോജക മണ്ഡലത്തിലെത്തും. വൈകുന്നേരം അഞ്ചിന് വര്‍ക്കല ശിവഗിരി മഠത്തോട് ചേര്‍ന്ന കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി. നവകേരള സദസിന്റെ വിപുലമായ നടത്തിപ്പിനായുള്ള സംഘാടക സമിതിയും രൂപീകരിച്ചു. വി ജോയ് എം.എല്‍.എ ചെയര്‍മാനായും ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി.ജയമോഹന്‍ കണ്‍വീനറായും ത്രിതല പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിപുലമായ സംഘാടക സമിതിയാണ് രൂപീകരിച്ചത്. സംഘാടക സമിതി രൂപീകരണ യോഗം ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വികസന കാഴ്ചപ്പാടിന്റെ പുതിയ മുഖം തുറക്കുന്ന പരിപാടിയാണ് നവകേരള സദസ്സന്ന് ആന്റണി രാജു പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സംഘടിപ്പിച്ച താലൂക്കുതല അദാലത്ത്, വനസദസ്, തീരസദസ്, മേഖലാതല അവലോകനങ്ങള്‍ എന്നിവയുടെ തുടര്‍ച്ചയാണ് നവകേരള സദസ്. 140 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകകയും അവ പരിഹരിക്കുകയും ചെയ്യും. ജനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാടിന്റെ വികസനത്തിന് വേണ്ടി ഒരുമിച്ച് കൈകോര്‍ക്കുന്ന അത്യപൂര്‍വ കാഴ്ചയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ വി.ജോയ് എം.എല്‍.എ അധ്യക്ഷനായി. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ആദ്യമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും എല്ലാ മണ്ഡലങ്ങളിലുമെത്തുന്ന പരിപാടി നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലാടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന സംഘാടക സമിതിക്ക് പുറമെ പഞ്ചായത്ത് – വാര്‍ഡ് തലത്തിലും സംഘാടക സമിതികള്‍ രൂപീകരിക്കും. ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കാന്‍ വീട്ടുമുറ്റ സദസ്സുകളും സംഘടിപ്പിക്കും. സംഘാടക സമിതി ഓഫീസുകളിലും ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും. വര്‍ക്കല മണ്ഡലത്തിലെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിക്കുന്ന പ്രഭാത സദസ്സ് ഡിസംബര്‍ 21 ന് രാവിലെ ആറ്റിങ്ങലില്‍ നടക്കും. വര്‍ക്കല എസ്.എന്‍ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ – സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close