Thiruvananthapuram

സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടി പള്ളിക്കൽ പഞ്ചായത്ത്

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ നാവായിക്കുളം, കിളിമാനൂർ ഗ്രാമപഞ്ചായത്തുകൾക്ക് പിന്നാലെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടി പള്ളിക്കലും.  പകൽക്കുറി ഗവൺമെന്റ് എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ കില ഡയറക്ടർ ജോയ് ഇലമൺ ആണ് പ്രഖ്യാപനം നടത്തിയത്. സ്മാർട്ട് ഫോൺ വഴിയുള്ള സേവനങ്ങൾ പരസഹായമില്ലാതെ ഉപയോഗിക്കാൻ എല്ലാവരേയും പ്രാപ്തരാക്കുന്നതിന് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത എന്ന പദ്ധതിയുടെ ഭാഗമായാണ് പള്ളിക്കൽ പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്.

കുടുംബശ്രീ,  ഇൻഫർമേഷൻ കേരള മിഷൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റി, സി-ഡിറ്റ്, ഡി.എ.കെ.എഫ് എന്നിവരുടെ മേൽനോട്ടത്തിലും പങ്കാളിത്തത്തിലുമാണ് പദ്ധതി നടപ്പാക്കിയത്. പള്ളിക്കൽ പഞ്ചായത്തിൽ 3,218 പഠിതാക്കളെയാണ് കുടുംബശ്രീ സർവേയിലൂടെ തെരഞ്ഞെടുത്തത്. ഇതിൽ 3,109 പേർ ഡിജിറ്റൽ സാക്ഷരത കൈവരിച്ചു.

ഐ.കെ.എം രൂപ കൽപ്പന ചെയ്ത മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വീടുകളിൽ സർവേ നടത്തിയാണ് പഠിതാക്കളെ തെരഞ്ഞെടുത്തത്. സ്മാർട്ട് ഫോൺ ഉപയോഗിക്കാനുള്ള പ്രാഥമികമായ അറിവ് കൈവരിക്കുക, ഏറ്റവും അത്യാവശ്യമായ സേവനങ്ങൾ പരിചയപ്പെടുത്തുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ നിർദേശ പ്രകാരം സി-ഡിറ്റ് തയാറാക്കിയ വെബ്സൈറ്റ് പഠിതാക്കൾ സ്വമേധയാ ലോഗിൻ ചെയ്ത് സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്തെടുക്കുമ്പോഴാണ് സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയതായി അംഗീകരിക്കുന്നത്.

എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ വിജയത്തോടെ, രാജ്യത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യത്തെ ബ്ലോക്ക് പഞ്ചായത്തായി മാറിയിരിക്കുകയാണ് കിളിമാനൂർ ബ്ലോക്ക്. എട്ടു പഞ്ചായത്തുകളിലെ 136 വാർഡുകളിലായി മുപ്പത്തിരണ്ടായിരം പേരാണ് ആറു മാസം കൊണ്ട് ഡിജിറ്റൽ സാക്ഷരർ ആയത്.

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി അധ്യക്ഷനായിരുന്നു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന, ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കിളിമാനൂർ ബ്ലോക്ക് ഡിജിറ്റൽ സാക്ഷരത കോ-ഓർഡിനേറ്റർ കെ. ജി ബിജു എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close