Thiruvananthapuram

ഐ.ടി.ഐകളില്‍ വേണം പുതിയ ട്രേഡുകള്‍, റാങ്കുജേതാക്കളെ അഭിനന്ദിച്ച് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ

പരമ്പരാഗത ട്രേഡുകളില്‍ നിന്നും വ്യത്യസ്തമായി തൊഴില്‍ സാധ്യതയുള്ള ട്രേഡുകളിലേക്കുള്ള മാറ്റം ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നടപ്പിലാക്കണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ട്രെയിനികള്‍ക്കുള്ള അവാര്‍ഡ് ദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എം.എല്‍.എ. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന തരത്തില്‍ നമ്മുടെ ഐ.ടി.ഐകളില്‍ പുതിയ ട്രേഡുകള്‍ക്ക് രൂപം നല്‍കുന്നത് സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എം.എല്‍.എ പറഞ്ഞു. അതിനായി നാഷണല്‍ കൗണ്‍സിലില്‍ ആവശ്യമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കാനുള്ള നടപടികളെ കുറിച്ചും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ ട്രേഡുകളിലായി അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഒന്‍പത് ഒന്നാം റാങ്കുകളാണ് കഴക്കൂട്ടം സര്‍ക്കാര്‍ വനിതാ ഐ.ടി.ഐയിലെ വിദ്യാര്‍ത്ഥിനികള്‍ കരസ്ഥമാക്കിയത്. സംസ്ഥാന തലത്തില്‍ മൂന്ന് ഒന്നാം റാങ്കുകളും വനിതാ ഐ.ടി. ഐ സ്വന്തമാക്കി. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിനികളെ അഭിനന്ദിക്കുന്നതായും എം.എല്‍.എ പറഞ്ഞു. വ്യവസായിക പരിശീലന വകുപ്പ് കഴക്കൂട്ടം വനിതാ ഐ.ടി.ഐയില്‍ സംഘടിപ്പിച്ച കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ കൗണ്‍സിലര്‍ കവിത എല്‍. എസ് അധ്യക്ഷത വഹിച്ചു. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ എസ്. വി അനില്‍ കുമാര്‍, വ്യവസായിക പരിശീലന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിന്ദു. ജെ. എല്‍, കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ കെ മൊയ്തീന്‍കുട്ടി, ട്രേഡ് ഇന്‍സ്ട്രക്ടര്‍മാര്‍, വിദ്യാര്‍ത്ഥിനികള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close