Thiruvananthapuram

സമഗ്ര വികസനത്തിന് തയാറെടുത്ത് നെടുമങ്ങാട് നഗരസഭ

**വികസന സെമിനാർ മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു

നെടുമങ്ങാട് നഗരസഭ 2024-25 ലെ വാർഷിക പദ്ധതി രൂപീകരണത്തിനായി വികസന സെമിനാർ സംഘടിപ്പിച്ചു. നെടുമങ്ങാട് ടൗൺഹാളിൽ നടന്ന ചടങ്ങ്  ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു. നഗരസഭാ പ്രദേശത്ത് താമസിക്കുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കികൊണ്ടുള്ള വികസന കാഴ്ചപ്പാടാണ് നഗരസഭയുടേതെന്ന് മന്ത്രി പറഞ്ഞു.

നഗരസഭ വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺ എസ്. സിന്ധു കരട് പദ്ധതി രേഖ അവതരിപ്പിച്ചു. നെടുമങ്ങാട് നഗരസഭയിലെ 16 വർക്കിങ് ഗ്രൂപ്പുകൾ തയാറാക്കിയ പദ്ധതികൾ, 39 വാർഡ് സഭകളിൽ ചർച്ച ചെയ്ത് നിർദേശങ്ങൾ സ്വീകരിച്ചാണ് കരട് പദ്ധതി രേഖ തയാറാക്കിയത്. 21 കോടി രൂപ പദ്ധതി വിഹിതവുമായി നഗരസഭയുടെ സമഗ്ര വികസനമാണ് ഭരണ സമിതി  2024-25 വാർഷിക പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്.

കാർഷിക മേഖലയുടെ വികസനത്തിനും പുരോഗതിക്കുമായി വിവിധ പദ്ധതികൾ, പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ടുകൊണ്ട് ചെറുകിട സംരംഭ പ്രോജക്ടുകളും ഉത്പാദന യൂണിറ്റുകളും പ്രോത്സാഹിപ്പിക്കുന്ന നൂതന പദ്ധതികൾ, പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് പ്രത്യേക പരിഗണന നൽകികൊണ്ട് വയോമിത്രം, വൃദ്ധസദന പരിപാലനം,  സ്ത്രീകളുടെ തൊഴിൽ വരുമാന വർദ്ധനവ്, സാമൂഹ്യ പദവി ഉയർത്തൽ, വനിതാ ഹോസ്റ്റൽ പൂർത്തീകരണം തുടങ്ങിയവയാണ് പുതിയ വാർഷിക പദ്ധതിയിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്.

മാലിന്യ സംസ്‌കരണ മേഖലയിൽ  ആധുനിക  ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കൽ, ആധുനിക അറവുശാല നിർമാണ പൂർത്തീകരണം, ക്രിമിറ്റോറിയം പുതിയ യൂണിറ്റ് സ്ഥാപിക്കൽ എന്നീ പദ്ധതികൾ നടപ്പിലാക്കും.

നഗരാസൂത്രണ പദ്ധതിയിലൂടെ  നെടുമങ്ങാട്, ഇരിഞ്ചയം മാർക്കറ്റുകൾ കിഫ്ബി സഹായത്തോടെ നവീകരിക്കുക, മാസ്റ്റർ പ്ലാനിനെ അടിസ്ഥാനപ്പെടുത്തി നഗരത്തിന്റെ വികസനം ത്വരിതപ്പെടുത്തുക, നെടുമങ്ങാട് നഗരത്തിന്റെ സൗന്ദര്യവൽക്കരണം എന്നീ പദ്ധതികളും നടപ്പിലാക്കും .

കൂടാതെ പട്ടികജാതി ഉപപദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പ്രദേശത്തെ പ്രധാന 9 പട്ടികജാതി കോളനികളിലെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുക,  പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് മികച്ച വിദ്യാഭ്യാസം, ഭൂമി, വീട് എന്നിവയ്ക്കായി 3, 82,34,504 രൂപയുടെ പദ്ധതികൾ നടപ്പിലാക്കും. പട്ടികവർഗ്ഗ ഉപപദ്ധതിയിൽ  1,83,767 രൂപയുടെ പദ്ധതികൾ നടപ്പാക്കും.

നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ  നഗരസഭയിലെ വിവിധ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻമാർ, കൗൺസിലർമാർ എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close