ദേശീയ ബാലികാ ദിനം: മാനവീയം വീഥിയില്‍ അവബോധ പരിപാടി
ദേശീയ ബാലിക ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ജ്വാല പദ്ധതിയുടെ ഭാഗമായി വെള്ളയമ്പലം മനവീയം വീഥിയില്‍ സംഘടിപ്പിച്ച അവബോധ പരിപാടി ഉന്നത വിദ്യാഭ്യാസവും സാമൂഹ്യ നീതിയും വകുപ്പ് മന്ത്രി ആര്.ബിന്ദു ഉദ്ഘാടനം ചെയ്തു. മാനവീയം വീഥിയെ ഒരു സാമൂഹ്യ അവബോധ കേന്ദ്രമാക്കുവാനും യുവത്വങ്ങളിലേക്ക് പരിപാടിയുടെ കാതല്‍ എത്തിക്കുവാനും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനും ജ്വാല പദ്ധതിക്കും കഴിഞ്ഞതായി മന്ത്രി പറഞ്ഞു. പരിപാടിയില്ആന്റണി രാജു എം. എല്‍. എ മുഖ്യാതിഥിയായി. വനിതാ ശിശു വികസന വകുപ്പ്, ബാലവകാശ കമ്മീഷന്, ശിശു ക്ഷേമ സമിതി, നദി ഫൌണ്ടേഷന് എന്നിവരും പരിപാടിയുടെ ഭാഗമായി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് വിളപ്പില്‍ രാധാകൃഷ്ണന്, സി.ഡബ്ല്യൂ.സി അധ്യക്ഷ ഷാനിബ ബീഗം തുടങ്ങിയവരും പങ്കെടുത്തു.