Pathanamthitta

സ്‌കൂളുകളെ പൂര്‍ണമായും മാലിന്യമുക്തമാക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് *ജില്ലയില്‍ വിദ്യാകരണം പദ്ധതിക്ക് തുടക്കമായി

ജില്ലയിലെ സ്‌കൂളുകളെ പൂര്‍ണമായും മാലിന്യമുക്തമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തും, വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നു സംഘടിപ്പിച്ച ജില്ലയിലെ സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകര്‍, പി.ടി.എ.പ്രസിഡന്റുമാര്‍ എന്നിവരുടെ സംയുക്ത യോഗം കാതോലിക്കേറ്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി എല്ലാ സ്‌കൂളുകളും ഊര്‍ജിത കര്‍മ പരിപാടികള്‍ തയ്യാറാക്കണം.പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി സ്‌പെഷ്യല്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിലൂടെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മികച്ച വിജയം കൈവരിക്കാം. തദ്ദേശഭരണ സ്ഥാപനങ്ങളുടേയും സര്‍ക്കാരിന്റേയും നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തികളോടൊപ്പം പൂര്‍വ വിദ്യാര്‍ത്ഥികള്‍ എന്നിവരേയും വികസന പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കണം. സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും സെപ്റ്റംബര്‍ 30 ന് ശുചിത്വ പ്രതിജ്ഞ സംഘടിപ്പിക്കണം. ഒക്ടോബര്‍ ഒന്ന്, രണ്ട് ദിവസങ്ങളില്‍ എല്ലാ വിദ്യാലയങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ശിശുദിനത്തിന്റെ ഭാഗമായി നവംബര്‍ 14 ന് എല്ലാ പഞ്ചായത്തുകളിലും, നഗരസഭകളിലും കുട്ടികളുടെ ഗ്രാമസഭ നടത്തണം. വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പുമായി സഹകരിച്ച് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നുംജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച വിദ്യാകിരണം പദ്ധതി, മാലിന്യ മുക്ത നവകേരളം പദ്ധതി, ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച സമ്പൂര്‍ണ ശുചിത്വ പദ്ധതിയും വിജയിപ്പിക്കുവാന്‍ യോഗത്തില്‍ തീരുമാനമായി. ശുചിത്വ പദ്ധതി, നവകേരള മിഷന്‍ പദ്ധതികള്‍, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയുടെ ഭാഗമായിജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിഭാഗത്തില്‍പ്പെട്ട 32 സ്‌കൂളുകള്‍ക്കായി 29 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ 78 ലാപ്‌ടോപ്പുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.രാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അജയകുര്‍, നവകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി.അനില്‍കുമാര്‍, എസ്.എസ്.കെ.ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.പി ലജു, പത്തനംതിട്ട  ഡി.ഇ.ഒ  ബി.ആര്‍.അനില, കാതോലിക്കേറ്റ്  ഹയര്‍  സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് കുറ്റിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close