Pathanamthitta

തെരഞ്ഞെടുപ്പ് നിരക്ക് ചാര്‍ട്ട്; രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു

2024 ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചരണസാമഗ്രികളുടെ നിരക്ക് ചാര്‍ട്ട് പ്രസിദ്ധീകരിക്കുന്നതും മറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. പ്രചരണത്തിന് ഉപയോഗിക്കുന്ന പോസ്റ്ററുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, വാഹനങ്ങള്‍, ഹാളുകള്‍, സ്റ്റേജ്, സൗണ്ട് സിസ്റ്റം, കസേരകള്‍, എല്‍ഇഡി വാള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍, സോഷ്യല്‍ മീഡിയ പ്രചരണം, പരസ്യങ്ങള്‍ തുടങ്ങിയവയുടെ നിരക്കുകള്‍ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു. പാര്‍ട്ടി പ്രതിനിധികള്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തി അന്തിമ നിരക്ക് ചാര്‍ട്ട് പ്രസിദ്ധീകരിക്കും.

രാഷ്ട്രീയ പാര്‍ട്ടികള്‍ പാലിക്കേണ്ട മാതൃക പെരുമാറ്റചട്ടവും നോമിനേഷന്‍ നല്‍കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നതിനും തെരഞ്ഞെടുപ്പ് ചെലവ് പരിശോധിക്കുന്നതിനുമായി ജില്ലയില്‍ 15 വീതം ഫ്ളയിംഗ് സ്‌ക്വാഡും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമും അഞ്ച് വീതം വീഡിയോ സര്‍വൈലന്‍സ് ടീമും ആന്റി ഡീഫേയ്‌സ്മെന്റ് സ്‌ക്വാഡും പ്രവര്‍ത്തിക്കും. മാതൃക പെരുമറ്റചട്ടലംഘനവും ചെലവ് നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികള്‍ ചിത്രങ്ങള്‍, വീഡിയോകള്‍ സഹിതം സി വിജില്‍ ആപ്പിലൂടെ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാം.

സുവിധ പോര്‍ട്ടല്‍ വഴി നോമിനേഷനുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. പോര്‍ട്ടല്‍ ഉപയോഗം സംബന്ധിച്ച് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്ക് പരിശീലന ക്ലാസ് നല്‍കും. അവസാന ദിവസത്തിനു വേണ്ടി കാത്തിരിക്കാതെ മുന്‍കൂട്ടി നോമിനേഷന്‍ സമര്‍പ്പിക്കണം. ഭിന്നശേഷിക്കാര്‍ക്കും 85 വയസിനുമുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും വീട്ടിലിരുന്നു വോട്ടു ചെയ്യുന്നതിനായി ബിഎല്‍ഒമാര്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ നല്‍കുന്നവര്‍ക്ക് വോട്ടുരേഖപ്പെടുത്തുന്നതിന് ഓഫീസര്‍മാരുടെ ടീം വീട്ടിലെത്തും. ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് സാക്ഷം മൊബൈല്‍ ആപ്പ് സജ്ജമാക്കിയിട്ടുണ്ട്.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പത്മചന്ദ്രകുറുപ്പ്, വകുപ്പുതല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close