Pathanamthitta

മിഷന്‍ ഇന്ദ്രധനുഷ് 5.0 സമ്പൂര്‍ണ വാക്സിനേഷന്‍ യജ്ഞം മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്‍പത് മുതല്‍ 14 വരെ

മിഷന്‍ ഇന്ദ്രധനുഷ് 5.0 സമ്പൂര്‍ണ വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ രോഗപ്രതിരോധ ടാസ്‌ക് ഫോഴ്സ് യോഗം നടന്നു. ഏതെങ്കിലും വാക്സിനേഷന്‍ ഡോസ് വിട്ടു പോയിട്ടുള്ള 0 – 5 വയസ് വരെയുള്ള എല്ലാ കുട്ടികളെയും ഗര്‍ഭിണികളെയും പ്രത്യേകം ആസൂത്രണം ചെയ്ത സെഷനുകളിലൂടെ വാക്സിനേഷന്‍ നല്‍കുക എന്നതാണ് ഐഎംഐ 5.0 ലൂടെ ലക്ഷ്യമിടുന്നത്.
ഒക്ടോബര്‍ ഒന്‍പത് മുതല്‍ 14 വരെ നടക്കുന്ന മിഷന്‍ ഇന്ദ്രധനുഷ് 5.0 സമ്പൂര്‍ണ വാക്സിനേഷന്‍ യജ്ഞം മൂന്നാം ഘട്ടത്തിന് എല്ലാ വകുപ്പുകളുടെയും എകോപന സമീപനവും പിന്തുണയും ആവശ്യമാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദ്ധീന്‍ പറഞ്ഞു. മിഷന്‍ ഇന്ദ്രധനുഷ് വാക്സിനേഷന്‍ യജ്ഞത്തിന്റെ രണ്ട് ഘട്ടത്തിലും വാക്‌സിന്‍ എടുക്കാന്‍ കഴിയാതെ പോയവര്‍ക്ക് മൂന്നാം ഘട്ടത്തില്‍ വാക്‌സിന്‍ ഉറപ്പ് വരുത്തും. ഓഗസ്റ്റില്‍ നടന്ന ആദ്യ ഘട്ടത്തില്‍ ജില്ലയില്‍ 2189 കുട്ടികളും 449 ഗര്‍ഭിണികളും സെപ്റ്റംബറില്‍ 1390 കുട്ടികളും 249 ഗര്‍ഭിണികളും വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. കുത്തിവെപ്പ് എടുക്കാത്തവരുടെ പ്രദേശങ്ങള്‍ തിരിച്ച് ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയാണ് വാക്സിന്‍ നല്‍കുന്നത്. കുത്തിവെപ്പ് എടുക്കാത്തവരുടെയും ഭാഗികമായി കുത്തിവെപ്പ് എടുത്തിട്ടുള്ളവരുടെയും പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 2023 അവസാനത്തോടെ അഞ്ചാംപനി, റൂബെല്ല എന്നിവയടക്കമുള്ള പ്രതിരോധ കുത്തിവെപ്പ് വഴി തടയാവുന്ന രോഗങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള യജ്ഞമാണ് നടക്കുന്നത്. ഓരോ ഘട്ടത്തിലും റൂട്ടിന്‍ ഇമ്മ്യൂണൈസേഷന്‍ ദിവസം ഉള്‍പ്പെടെ ആറ് പ്രവൃത്തി ദിവസങ്ങളിലാണ് പരിപാടി നടത്തുന്നത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) എല്‍. അനിതാകുമാരി, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. കെ.കെ ശ്യാംകുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close