Palakkad

മേഖലാ അവലോകന യോഗത്തിൽ മുഖ്യമന്ത്രിയുടേയും വകുപ്പ് മന്ത്രിമാരുടേയും നേതൃത്വത്തിൽ പാലക്കാട് ജില്ലയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഡോ.എസ്. ചിത്ര ഉന്നയിച്ച വിഷയങ്ങൾ

രണ്ടാഴ്ചയ്ക്കുള്ളിൽ ഇലക്ഷൻ വെയർ ഹൗസിൽ ഫയർ ഫൈറ്റിങ് പ്രവർത്തനങ്ങൾക്ക് അനുമതി നൽകും: മുഖമന്ത്രി

രണ്ടാഴ്ചയ്ക്കുള്ളിൽ ഇലക്ഷൻ വെയർ ഹൗസിൽ ഫയർ ഫൈറ്റിങ് പ്രവർത്തനങ്ങൾക്ക് അനുമതി നൽകും: മുഖമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജില്ലയിൽ നാല് കോടിയിൽ നിർമിച്ച ഇലക്ഷൻ വെയർ ഹൗസിൽ ഫയർ ഫൈറ്റിങ് പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ അനുമതി ലഭിക്കാനുള്ളതായി ജില്ലാ കലക്ടർ ഡോ.എസ്. ചിത്ര ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.

കെ.എം.സി.എലിന്റെ മരുന്ന് സംഭരണശാല നിൽക്കുന്നതിനാൽ മന്ദഗതിയിലായ ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമാണ പ്രവൃത്തികളുമായി മുന്നോട്ടുപോകാമെന്നും പ്രസ്തുത സംഭരണശാല ഒരു മാസത്തിനകം മാറ്റാനുള്ള നടപടി ഉണ്ടാകുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ജില്ലാ കലക്ടർ ഇതുമായി ബന്ധപ്പെട്ട് യോഗത്തിൽ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി മറുപടി നൽകിയത്. അട്ടപ്പാടി ചുരം റോഡ് വികസനം 2024 ഓഗസ്റ്റ് മാസത്തിനകം പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി തലത്തിൽ ജില്ലാ കലക്ടറെ അറിയിച്ചു.

മൂലത്തറ റെഗുലേറ്ററിനോട് ചേർന്ന് മൂലത്തറ ഡാം വ്യൂ പാർക്കിന്റെ വികസന പദ്ധതിയ്ക്കായി 4.99 കോടി രൂപ ഭരണാനുമതിയായതായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സെക്രട്ടറി തലത്തിൽ അറിയിച്ചു. 3.78 കോടിയുടെ ഭരണാനുമതി ലഭിച്ച നൂറണി പോസ്റ്റ് മെട്രിക് ഗേൾസ് ഹോസ്റ്റൽ കെട്ടിട നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പട്ടികവർഗവികസന വകുപ്പ് സെക്രട്ടറി തലത്തിൽ അറിയിച്ചു.

2010 ൽ അനുമതി ലഭിച്ച 2.44 ഏക്കറിലുള്ള ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണത്തിന് ഒൻപത് കോടി രൂപയിൽ നിർമാണം പൂർത്തിയാക്കി. അവശേഷിക്കുന്ന നിർമാണ പ്രവൃത്തികൾക്കുള്ള അനുമതി ഒരു മാസത്തിനകം നൽകുമെന്ന് കായിക യുവജനകാര്യ വകുപ്പ് സെക്രട്ടറി തലത്തിൽ അറിയിച്ചു.

അമൃത് പദ്ധതി മുഖേന യാക്കരയിൽ മെഡിക്കൽ കോളേജിന്റെ അധീനതയിലുള്ള 70 സെന്റിൽ 100 കെ.എൽ.ഡി – എഫ്.എസ്.ടി.പി സ്ഥാപിക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിക്കണമെന്ന് ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര ആവശ്യപ്പെട്ടതിനെ തുടർന്ന് രണ്ട് വർഷത്തേക്ക് കാലാവധി ദീർപ്പിച്ചതായി റവന്യൂ – ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി തലത്തിൽ അറിയിച്ചു.

പെരിങ്ങോട്ടുകുറുശ്ശി – ലെക്കിടി പേരൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഞാവളിൻകടവ് പാലത്തിന് ആവശ്യമായ നിലം പരിവർത്തനത്തിന് അനുമതിയായതായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് സെക്രട്ടറി തലത്തിൽ അറിയിച്ചു. തരൂർ – ഒറ്റപ്പാലം മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം എലിവേറ്റഡ് സ്ട്രക്ചറായി നിർമ്മിക്കുന്നതിനാവശ്യമായ 90 സെന്റ് നിലം പരിവർത്തനത്തിനാണ് അനുമതിയായത്.

ജില്ലയിൽ ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമാന്തരമായി പാലം നിർമിക്കുന്നതിന് പുതുക്കിയ ഭരണാനുമതി നൽകിയതായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി തലത്തിൽ പറഞ്ഞു. നിർമാണം പൂർത്തിയാക്കി ഡി.ടി.പി.സിയ്ക്ക് കൈമാറിയ വെള്ളിനേഴി സാംസ്കാരിക സമുച്ചയത്തിന് വഴിയും ചുറ്റുമതിലും നിർമിക്കുന്നതുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് നൽകിയതായി ജില്ലാ കലക്ടർ പറഞ്ഞു. പ്രസ്തുത പ്രവർത്തനങ്ങൾക്ക് എ.എസ് നൽകിയതായി വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി തലത്തിൽ അറിയിച്ചു. അതിർത്തി റോഡായ വേലന്താവളം – കുപ്പാണ്ട കൗണ്ടന്നൂർ റോഡ് നിർമാണം സാങ്കേതിക അനുമതി നൽകിയതായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി തലത്തിൽ പറഞ്ഞു.

മുണ്ടൂർ – തൂത റോഡ് വികസനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ യോഗം ചേർന്നതായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി തലത്തിൽ അറിയിച്ചു. റോഡ് നിർമാണത്തിന് കോൺട്രാക്ടർക്ക് ടാർജറ്റ് നൽകിയതിന്റെ അടിസ്ഥാനത്തിൽ നിലവിൽ 64 ശതമാനം പൂർത്തിയായിട്ടുണ്ട്. നവംബർ മാസത്തോടെ പ്രവർത്തനം പൂർത്തിയാക്കാനാകുമെന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി തലത്തിൽ അറിയിച്ചു.

അട്ടപ്പാടി കള്ളമല വില്ലേജിൽ ഭവാനിപ്പുഴയുടെ തീരത്തെ 40 കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് സംരംക്ഷണ ഭിത്തി നിർമിക്കുന്നതിന് പ്രവൃത്തികൾക്ക് എസ്.ഡി.എം.എഫിൽ നിന്നുള്ള തുക വിനിയോഗിച്ച് നടപ്പിലാക്കാൻ സാധിക്കുമെന്ന സർക്കാർ നിർദേശം അനുസരിച്ച് 2.03 കോടിയുടെ പ്രപ്പോസൽ തയ്യാറാക്കി ഡി.ഡി.എം.എ യുടെ അംഗീകാരത്തോടെ സമർപ്പിച്ചതിൽ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രപ്പോസൽ സമർപ്പിച്ചതായും അടുത്ത കമ്മിറ്റിയിൽ അനുമതി സംബന്ധിച്ച് തീരുമാനിക്കുമെന്നും റവന്യൂ, ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി തലത്തിൽ അറിയിച്ചു.

മണ്ണാർക്കാട് മണ്ഡലത്തിൽ അട്ടപ്പാടിയിൽ ബി.എം ബി.സി നിലവാരത്തിൽ നിർമിച്ച 28.5 കിലോമീറ്റർ താവളം – മുള്ളി റോഡിനുശേഷം ഊട്ടിയിലേക്കുള്ള പാതയിൽ തമിഴ്നാട്ടിലേക്കുള്ള പ്രവേശന മാർഗമായ തമിഴ്നാടിന്റെ ചെക്ക് പോസ്റ്റിൽ വിനോദ സഞ്ചാരികൾക്ക് യാത്ര ചെയ്യുന്നതിന് അനുമതി തമിഴ്നാട് സർക്കാരിൽ നിന്ന് ലഭ്യമാകുന്നില്ലെന്ന് ജില്ലാ കലക്ടർ ഉന്നയിച്ചു. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരുമായി ചർച്ച ചെയ്ത് പ്രശ്ന പരിഹാരത്തിന് ധാരണയിലെത്താമെന്ന് വനംവന്യജീവി സംരക്ഷണ വകുപ്പ് തലത്തിൽ അറിയിച്ചു.

ഭരണ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാകാനും സമയബന്ധിത പദ്ധതി നിര്‍വഹണം ഉറപ്പാക്കാനും വിവിധ ജില്ലകളിലെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുമാണ് മേഖലാ തല അവലോകന യോഗം സംഘടിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close