Palakkad

മാലിന്യമുക്തം നവകേരളം

ജൈവ-അജൈവ മാലിന്യ ശേഖരണത്തിന് സ്ഥാപനങ്ങളില്‍ ബിന്നുകള്‍ സ്ഥാപിക്കണം

ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കുന്നതിന് ബിന്നുകള്‍ സ്ഥാപിക്കണമെന്ന് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ ടീം അംഗങ്ങള്‍ക്കുള്ള അര്‍ദ്ധദിന പരിശീലന ക്യാമ്പില്‍ നിര്‍ദേശം. വീടുകളിലെയും സ്ഥാപനങ്ങളിലെയും പ്ലാസ്റ്റിക് ഇതര മാലിന്യങ്ങള്‍ നീക്കം ചെയ്യണം, മാലിന്യം നീക്കം ചെയ്ത സ്ഥലങ്ങളില്‍ പൂച്ചെടികളും മറ്റും പിടിപ്പിച്ച് മനോഹരമാക്കണം, എന്‍.എന്‍.എസ് യൂണിറ്റുകള്‍ തയ്യാറാക്കിയ സ്നേഹാരാമങ്ങള്‍ സംരക്ഷിക്കണം, പൊതുനിരത്തുകളില്‍ മാലിന്യം ചാക്കില്‍ കെട്ടി ശേഖരിച്ചുവയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണം, മാലിന്യം തരംതിരിച്ച് ക്ലീന്‍ കേരള കമ്പനി അല്ലെങ്കില്‍ അംഗീകൃത സ്വകാര്യ ഏജന്‍സികള്‍ വഴി കൃത്യമായി നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണം എന്നിവയും ശില്‍പശാലയില്‍ തീരുമാനിച്ചു.

ഹരിതമിത്രം ആപ്പ് ഉപയോഗിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവ സമ്പൂര്‍ണമായും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കെല്‍ട്രോണ്‍, ഐ.കെ.എം പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കഴിയണം. ഇതുമായി ബന്ധപ്പെട്ടുള്ള മോണിറ്ററിങ് ജില്ലാതലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും ശക്തിപ്പെടുത്തണം. പൊതുമാലിന്യ ജൈവസംസ്‌കരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം. ഫെബ്രുവരി ആറിനകം 13 ബ്ലോക്കുകളിലും നഗരസഭകളിലും മാലിന്യമുക്തം നവകേരളം ശില്‍പശാല ജില്ലാതല ക്യാപെയ്ന്‍ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കാനും ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ള ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താനും ശില്‍പശാലയില്‍ തീരുമാനമായി.

100 ശതമാനം യൂസര്‍ ഫീ കളക്ഷന്‍ എന്ന വിഷയത്തില്‍ നവകേരളം കര്‍മ്മപദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പി. സൈതലവി, മാലിന്യ പരിപാലനം നിയമങ്ങളും വ്യവസ്ഥകളും എന്ന വിഷയത്തില്‍ തദേശ സ്വയം ഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഹമീദ ജലീസ, മാലിന്യ പരിപാലനം പദ്ധതികളുടെ നിലവിലെ അവസ്ഥ എന്ന വിഷയത്തില്‍ കില ജില്ലാ ഫെസിലിറ്റേറ്റര്‍ കെ. ഗോപാലകൃഷ്ണന്‍, പ്രചാരണവും പൗരവിദ്യാഭ്യാസവും എന്ന വിഷയത്തില്‍ സീന പ്രഭാകര്‍ (കെ.എസ്.ഡബ്ല്യു.എം.പി), മാലിന്യ പരിപാലനം (ലിഫ്റ്റിങ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാന്‍) എന്ന വിഷയത്തില്‍ ക്ലീന്‍ കേരള ജില്ലാ മാനേജര്‍ ആദര്‍ശ് ആര്‍. നായര്‍ എന്നിവര്‍ സംസാരിച്ചു. മാലിന്യമുക്തം നവകേരളം ക്യാപെയ്നുമായി ബന്ധപ്പെ്ട് മാര്‍ച്ച് 31 വരെ ഏറ്റെടുക്കേണ്ട അടിയന്തിര പ്രവര്‍ത്തനങ്ങളെ കുറിച്ച് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍ വിശദീകരിച്ചു.

ശില്‍പശാലയില്‍ ബ്ലോക്ക് തല ഗ്രൂപ്പ് ചര്‍ച്ചയും പ്രവര്‍ത്തങ്ങളുടെ ആസൂത്രണവും ക്രോഡീകരണവും ഉണ്ടായി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ തദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ രവിരാജ്, കുടുംബശ്രീ ഡി.പി.എം ചിന്ദു മാനസ്, ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close