Malappuram

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി: ജില്ലയിൽ കഴിഞ്ഞ സാമ്പത്തിക വർഷം വിതരണം ചെയ്തത് 5.60 കോടി രൂപ

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി വഴി 2022-23 സാമ്പത്തിക വർഷത്തിൽ ജില്ലയിലെ കർഷകർക്ക് വിതരണം ചെയ്തത് 5.60 കോടി രൂപ. 5586 കർഷകരാണ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനം കാരണം കൃഷി നശിച്ചവർക്കാണ് കേന്ദ്രകൃഷി വകുപ്പും സംസ്ഥാന കൃഷി വകുപ്പും സംയുക്തമായി പൊതുമേഖലയിലുള്ള അഗ്രികൾച്ചർ ഇൻഷൂറൻസ് കമ്പനി മുഖേന പദ്ധതി നടപ്പാക്കുന്നത്. മഴക്കൂടുതൽ, മഴക്കുറവ്, കാലംതെറ്റിയുള്ള മഴ, വരൾച്ച, കീട/രോഗ സാധ്യതയുള്ള കാലാവസ്ഥ, ഉയർന്ന താപനില തുടങ്ങിയവ മൂലം കർഷകർക്കുണ്ടാകുന്ന ഉത്പാദന നഷ്ടത്തിനാണ് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുക.
പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ഡിസ്ട്രിക് ലെവൽ മോണിറ്ററിങ് കമ്മിറ്റി യോഗത്തിന് ജില്ലാ കളക്ടർ വി.ആർ വിനോദ് നേതൃത്വം നൽകി.
പദ്ധതിയിൽ നിലവിലുള്ള വിളകൾക്ക് പുറമെ വിദേശ പഴങ്ങളായ റംബുട്ടാൻ, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയവയും ചക്ക, രാമച്ചം തുടങ്ങിയവയും ഉൾപ്പെടുത്താൻ തീരുമാനിച്ചു. ബാങ്കിൽ നിന്നും വായ്പ എടുത്ത കർഷകരെ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ കാര്യക്ഷമമാക്കുക, വന്യമൃഗശല്യം കാരണം കൃഷി നശിക്കുന്നവർക്കും പരിരക്ഷ നൽകാൻവേണ്ട നടപടികൾ, വാഴകൃഷിയിൽ ഇൻഷൂറൻസ് ചെയ്യാൻ താങ്ങുകാല് നൽകുന്നതിനുള്ള പ്രായം ഭേദഗതി ചെയ്യുക, പന്തൽ ഉപയോഗിച്ചുള്ള കൃഷികൾക്ക് കാറ്റു കാരണമോ മറ്റോ നാശം സംഭവിച്ചാൽ പ്രാദേശിക പ്രകൃതി ദുരന്തത്തിൽ ഉൾപ്പെടുത്തുക, സർവേ നടക്കാത്ത ഭൂമിയിൽ നാശം സംഭവിച്ചവർക്ക് കൃഷി ഓഫീസർ സാക്ഷ്യപ്പെടുത്തിയ രേഖകൾ സമർപ്പിച്ചാൽ ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കുക, കുറുമ്പലങ്ങോട്, പുള്ളിപ്പാടം എന്നീ വില്ലേജുകൾ ചുങ്കത്തറ കാലാവസ്ഥാ നിലയത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.  
പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ എൻ.എം മുഹമ്മദ് സക്കീർ, കേരള ബാങ്ക് അഗ്രികൾച്ചറൽ ഓഫീസർ ടി. രാജ്കുമാർ, എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടർ പി.കെ ശ്രീജയ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ (ക്രെഡിറ്റ്-ഇൻ ചാർജ്) ബി. ശ്രീലത, പ്രധാൻമന്ത്രി ഫസൽ ബീമ യോജന ജില്ലാ കോർഡിനേറ്റർ ടി.വി ഷിജു എന്നിവർ സംബന്ധിച്ചു.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close