Kozhikode

തീരദേശമേഖലയില്‍ പാലിയേറ്റീവ് സംവിധാനം  കൂടുതല്‍ ശക്തിപ്പെടുത്തും: വനിത കമ്മീഷൻ 

തീരദേശമേഖലയില്‍ പാലിയേറ്റീവ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് നടപടിയെടുക്കുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തീരദേശത്തെ വനിതകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന്റെ ഭാഗമായി വടകരയിലെ നിരാലംബരായ മത്സ്യതൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കമ്മീഷൻ അധ്യക്ഷ. 

നിലവില്‍ പാലിയേറ്റീവ് സംവിധാനം പഞ്ചായത്തുകളില്‍ ശക്തമാണ്. ശാരീരിക വൈകല്യമുള്ളവര്‍, അസ്ഥിരോഗം ബാധിച്ചവര്‍, തളര്‍ന്നു പോയിട്ടുള്ളവര്‍ തുടങ്ങിയവര്‍ക്ക് ഫിസിയോതെറാപ്പി ഉള്‍പ്പെടെ സഹായം ചെയ്യാന്‍ സംവിധാനം വേണം. പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിന് വനിത കമ്മീഷന്റെ ഇടപെടല്‍ ഉണ്ടാകുമെന്നും കമ്മീഷൻ പറഞ്ഞു.

വീടുകളിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വനിത കമ്മിഷന്‍ നേരിട്ട് ചോദിച്ചു മനസിലാക്കി. ഇവരുടെ പെന്‍ഷന്‍, ആരോഗ്യ ചികിത്സാ വിവരങ്ങള്‍, ഭക്ഷണം ഉള്‍പ്പടെ ലഭിക്കുന്നുണ്ടോയെന്നും കമ്മീഷന്‍ ചോദിച്ചറിഞ്ഞു. തീരദേശത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കി പരിഹാരം കാണുന്നതിന് സംസ്ഥാനത്ത് ഒന്‍പതു ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. 

വനിത കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ, വാര്‍ഡ് മെമ്പര്‍ കെ.പി. ജയരാജ്, വനിത കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന, സുജിത്ത് പുതിയോട്ടില്‍, സി. പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close