Kozhikode

ചാലിയം ഫിഷ് ലാന്റിംഗ് സെന്റര്‍ – നടപടികൾ  വേഗത്തിലാക്കും: മന്ത്രി മുഹമ്മദ് റിയാസ്

ചാലിയം ഫിഷ് ലാന്റിംഗ് സെന്റര്‍ നിര്‍മാണത്തിന്റെ അംഗീകാരത്തിനുള്ള  നടപടികൾ  വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചാലിയം ഫിഷ് ലാന്റിംഗ് സെന്ററിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ചാലിയം ഫാത്തിമ ഹാളിൽ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഫിഷ് ലാന്റിംഗ് സെന്ററിന് പകരമായി ഭൂമി വനം വകുപ്പിന് നൽകും. ഇതിനുള്ള  നടപടി ക്രമങ്ങൾ സമയബന്ധിതമായി   പൂർത്തീകരിക്കുന്നതിന്   നടപടികൾ  സ്വീകരിച്ചു വരുന്നതായി മന്ത്രി അറിയിച്ചു.

മത്സ്യത്തൊഴിലാളികളുമായി ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ   നടത്തിയ ചർച്ചയിൽ ഉയർന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതായും മന്ത്രി പറഞ്ഞു. ചാലിയം ഹെല്‍ത്ത് സെന്ററില്‍ രാത്രി സമയത്തും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയതായും മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കുടിശ്ശികയില്ലാതെ വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളും കുടിശ്ശികയില്ലാതെ നല്‍കുന്നുണ്ട്. പ്ലസ് ടു പ്രവേശനവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുമായി പ്രാഥമിക ചര്‍ച്ച നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് വിദ്യാ തീരം പദ്ധതി പ്രകാരം ഫണ്ട് ലഭ്യമായിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ഫിഷറീസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. കൂടാതെ കരിയര്‍ ഗൈഡന്‍സ് ക്ലാസ് ഈ മാസം 26 ന് കടലുണ്ടി പഞ്ചായത്തില്‍ നടത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വനഭൂമി ആയതിനാല്‍ പട്ടയം ലഭിക്കുന്നില്ലെന്ന പരാതിയില്‍ വനം വകുപ്പിന് പകരം നല്‍കുന്നതിന് ആവശ്യമായ ഭൂമി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ അടിയന്തിരമായി നടപടി സ്വീകരിക്കും.

ചാലിയം മത്സ്യബന്ധനസ്ഥലത്ത് രക്ഷാബോട്ട് ഉണ്ടാവണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് രക്ഷാബോട്ട് ആവശ്യമായസമയങ്ങളില്‍ ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്നും ലഭിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു. കൂടാതെ ലൈഫ് ഗാര്‍ഡിനെ നിയമിക്കുന്നതിന് കടലുണ്ടി പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി. ബി പി എല്‍ കാര്‍ഡ് ലഭ്യമാക്കാന്‍ കടലുണ്ടി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയ അര്‍ഹരായ മുഴുവന്‍ പേർക്കും എന്‍ ഒ സി നല്‍കി. ഹെല്‍ത്ത് സെന്റര്‍ നിര്‍മാണ പ്രവൃത്തി  ഉടന്‍ ആരംഭിക്കുമെന്നും കടലാക്രമണ ഭീഷണി നേരിടുന്ന ചാലിയം ഉൾപ്പെടെയുള്ള തീര  മേഖലയിൽ കടല്‍ ഭിത്തി കെട്ടുന്നതിനുള്ള  നടപടികൾ സ്വീകരിക്കാൻ ന് ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു.

യോഗത്തില്‍ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ, ജില്ലാ കലക്ടര്‍ എ ഗീത, ഡെപ്യൂട്ടി കലക്ടര്‍മാരായ ഇ അനിത കുമാരി, പി എന്‍ പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close